തവളയ്ക്ക് കഴിയ്ക്കാന്‍ ഉഗ്രവിഷമുള്ള തേള്‍! എന്നിട്ടും തവള കൂള്‍ കൂള്‍!
ബ്രസീലില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉഗ്രവിഷമുള്ള തേളുകളുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. ടിട്യസ് സെറുലാടസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മഞ്ഞനിറമുള്ള ഈ തേളുകളുടെ വിഷം മനുഷ്യര്‍ക്ക് ഏറെ ഹാനികരമാണ്. രാസവസ്തുക്കളുപയോഗിച്ച് അവയെ കൊല്ലാനുള്ള ഉത്തരവ് അധികൃതര്‍ ഇറക്കിയെങ്കിലും അതൊന്നും ഫലപ്രദമായില്ല.
തേളുകളെ ഭക്ഷിക്കുന്ന ജന്തുക്കളുടെ എണ്ണത്തില്‍ കുറവു വന്നതാണ് അവ പെരുകാന്‍ കാരണമെന്ന് കണ്ടെത്തിയ ഗവേഷകര്‍ തവളകള്‍ക്ക് തേളുകളെ ഭക്ഷണമായി നല്‍കി പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. തവിട്ടുനിറമുള്ള വര്‍ഗത്തില്‍പ്പെട്ട 10 തവളകളെ പ്രത്യേകം പ്ലാസ്റ്റിക് പെട്ടികളിലാക്കി അവയ്ക്ക് ഓരോന്നിനും ഉഗ്രവിഷമുള്ള ഓരോ തേളുകളെ ഭക്ഷണമായി നല്‍കി നിരീക്ഷിക്കുകയായിരുന്നു ആദ്യപടി. ഭക്ഷണമായി നല്‍കിയ തേളുകളെ പത്തില്‍ ഏഴു തവളകളും അഞ്ച് സെക്കന്‍ഡിനുള്ളില്‍ ഒരു മടിയും കൂടാതെ ഭക്ഷിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ ദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. ചില തവളകളാകട്ടെ തേളുകളുടെ കൈകാലുകള്‍ നീക്കം ചെയ്തശേഷമാണ് അവയെ ഭക്ഷിച്ചത്. യാതൊരു ബുദ്ധിമുട്ടുകളും തവളകള്‍ക്ക് തേളുകളെ ഭക്ഷിച്ച ശേഷം അനുഭവപ്പെട്ടതായി കണ്ടില്ല. ഇത് ഉറപ്പുവരുത്തുന്നതിനായി അല്പസമയത്തിനു ശേഷം പാറ്റകളെയും അവയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നു.
തേളുകളുടെ വിഷം പ്രതിരോധിക്കാനുള്ള തവളകളുടെ കഴിവ് അളക്കുന്നതിനായി 10 തേളുകളുടെ വിഷത്തിന് സമാനമായ അളവില്‍ അവയില്‍ വിഷം കുത്തി വച്ചു. മനുഷ്യര്‍ക്ക് ഏറെ മാരകമായ അത്രയും അളവില്‍ വിഷം ചെന്നിട്ടും തവളകളില്‍ യാതൊരു മാറ്റവും ഗവേഷകര്‍ക്കു കണ്ടെത്താനായില്ല.
ഉയര്‍ന്ന ഹൃദയമിടിപ്പ്, തളര്‍ച്ച, ഛര്‍ദ്ദി, ശ്വസനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, രക്തസമര്‍ദം ക്രമാതീതമായി താഴ്ന്നു പോവുക തുടങ്ങിയവയാണ് തേളുകളുടെ വിഷം ഉള്ളില്‍ ചെന്നാല്‍ മനുഷ്യര്‍ക്കുണ്ടാകുന്ന ചില ലക്ഷണങ്ങളെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാര്‍ലോസ് ജറേഡ് പറയുന്നു. എന്നാല്‍ ഉഗ്രവിഷമുള്ള തേളുകള്‍ ഉള്ളില്‍ ചെന്നിട്ടും അസ്വാഭാവികമായ മാറ്റങ്ങളൊന്നും തവളകളില്‍ കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തവിട്ടുനിറത്തില്‍ പെട്ട തവളകളുടെ എണ്ണം പെരുകുന്നത് മനുഷ്യര്‍ക്ക് ഗുണകരമാണെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല. തവളകള്‍ ഏത് വിധേനയാണ് ഈ ഉഗ്രവിഷം പ്രതിരോധിക്കുന്നതെന്നതിനെ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താനാണ് ഗവേഷകരുടെ തീരുമാനമെന്നും ജറേഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha