ക്ലാസ് 'കട്ട്' ചെയ്യുന്ന കുട്ടിയെപ്പോലെ ആസ്റ്ററോയ്ഡ് ബെല്‍റ്റില്‍ നിന്ന് ഇടയ്ക്കിടെ പുറത്തു ചാടുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹം; ബഹിരാകാശ അദ്ഭുതമെന്ന് ഗവേഷകര്‍
പണ്ടൊരിക്കല്‍ ഒരു ഛിന്നഗ്രഹം വന്നുവീണാണ് ദിനോസറുകള്‍ക്കെല്ലാം വംശനാശം വന്നതെന്നാണു ഗവേഷകര്‍ പറയുന്നത്. ഇപ്പോഴും ഭൂമിക്കു നേരെ ഛിന്നഗ്രഹങ്ങളോ ഉല്‍ക്കകളോ വരുന്നുണ്ടോയെന്നു നോക്കാന്‍ ലോകത്താകമാനം പലതരം ടെലസ്‌കോപ്പുകള്‍ സ്ഥാപിച്ചു നിരീക്ഷിക്കുന്നുമുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കു സ്ഥിതിചെയ്യുന്ന 'ആസ്റ്ററോയ്ഡ് ബെല്‍റ്റ്' എന്ന മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഛിന്നഗ്രഹങ്ങളുള്ളത്.
ഇവിടെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഛിന്നഗ്രഹമാണ് പാല്ലസ്. ഏകദേശം 512 കിലോമീറ്ററാണ് ഇതിന്റെ വ്യാസം. 1802-ലാണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. ലോകത്ത് മനുഷ്യര്‍ കണ്ടെത്തുന്ന രണ്ടാമത്തെ ഛിന്നഗ്രഹമായിരുന്നു അത്. അതു കണ്ടെത്തിയ ജര്‍മന്‍ വാനശാസ്ത്രജ്ഞനായ ഹെന്റിച്ച് വില്യം മത്താവൂസ് ആദ്യം കരുതിയത് പാല്ലസ് മറ്റൊരു ഗ്രഹമാണെന്നായിരുന്നു. അത്രയേറെയായിരുന്നു വലുപ്പം. അതിന്റെ സഞ്ചാരപഥം ശ്രദ്ധിച്ചപ്പോഴായിരുന്നു സംഗതി ഗ്രഹമല്ലെന്നു മനസ്സിലായത്.
യുഎസിലെ മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയപ്പോഴാണ് മറ്റൊരു കാര്യം പിടികിട്ടിയത്. സൗരയൂഥത്തിലെ ഏറ്റവും വമ്പന്‍ ഛിന്നഗ്രഹങ്ങളിലൊന്നു മാത്രമല്ല പാല്ലസ്, ഏറ്റവും കൂടുതല്‍ വിള്ളലുകളുള്ളതു കൂടിയാണ്. ഇതാണ് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതും. ആസ്റ്ററോയ്ഡ് ബെല്‍റ്റിലെ ഛിന്നഗ്രഹങ്ങളെല്ലാം അതിവേഗത്തിലാണു സഞ്ചരിക്കുക. അവയില്‍ മറ്റു ഛിന്നഗ്രഹങ്ങള്‍ വന്നിടിക്കുമ്പോഴാണു വിള്ളല്‍ രൂപപ്പെടുക. പക്ഷേ വിള്ളലുകള്‍ക്കു കാര്യമായ വലുപ്പം പലപ്പോഴും ഉണ്ടാകാറില്ല. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിന് എത്ര വലിയ 'ഇടി' കിട്ടിയാലും പരുക്ക് അധികമേല്‍ക്കില്ലെന്നതുതന്നെ കാരണം. ആസ്റ്ററോയ്ഡ് ബെല്‍റ്റിലെ മറ്റു രണ്ടു വമ്പന്‍ ഛിന്നഗ്രഹങ്ങള്‍ക്കു കിട്ടിയതിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ഇടി കൂടുതലായി പാല്ലസിനു ലഭിച്ചിട്ടുണ്ടാകാമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. പ്രത്യേകരീതിയുള്ള ഇതിന്റെ സഞ്ചാരമാണ് ഇതിനു കാരണമെന്നും കരുതുന്നു.
സൂര്യനു ചുറ്റും ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ കറങ്ങുന്നത് നിശ്ചിതപാതയിലൂടെയാണ്. പക്ഷേ ക്ലാസ് 'കട്ട്' ചെയ്യുന്ന കുട്ടിയെപ്പോലെ ഇടയ്ക്ക് ആസ്റ്ററോയ്ഡ് ബെല്‍റ്റില്‍ നിന്ന് പാല്ലസ് പുറത്തേക്കു ചാടും. എന്നിട്ട് വളഞ്ഞുപുളഞ്ഞാണ് സൂര്യനു ചുറ്റും സഞ്ചാരം. ഇതെവിടേക്കാണു പോകുന്നതെന്നുപോലും പ്രവചിക്കാനാകില്ല. വടക്കോട്ടും തെക്കോട്ടുമെല്ലാം ഇതുയര്‍ന്നു പോകും, പിന്നാലെ പലതരം വസ്തുക്കള്‍ ചേര്‍ന്ന ഒരു വാലുമുണ്ടാകുക പതിവുണ്ട്.
30 കിലോമീറ്ററിനേക്കാളുമേറെ വ്യാസമുള്ള ഏകദേശം 36 വിള്ളലുകള്‍ പാല്ലസിലുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഒരു ഗോള്‍ഫ് പന്തിന്റെ ആകൃതിയിലുള്ള ഇതിന്മേലുള്ള ഏറ്റവും വലിയ വിള്ളലിന് 400 കിലോമീറ്ററുണ്ട് വീതി. ഏകദേശം 40 കിലോമീറ്റര്‍ വീതിയുള്ള ആകാശവസ്തുവുമായി കൂട്ടിയിടിച്ചാകണം ഇതു രൂപപ്പെട്ടതെന്നും കരുതുന്നു. നേച്ചര്‍ ആസ്‌ട്രോണമി ജേണലിലുണ്ട് ഇതുസംബന്ധിച്ച വിശദമായ പഠനം.
https://www.facebook.com/Malayalivartha