എന്താണ് സാര്‍സ് കോവ് 2 വൈറസ്?
ചൈനയില്‍ 2019 നവംബറില്‍ കണ്ടെത്തിയ വൈറസിന്റെ പേരാണ് സാര്‍സ് കോവ് 2 (Severe Acute Respiratory Syndrome Coronavirus 2 (SARS-CoV-2). പുതിയ (നോവല്‍) കൊറോണ വൈറസ് എന്നും ഇതിനു പേരുണ്ട്. 2002-ല്‍ ചൈനയെ ആക്രമിച്ച സാര്‍സ് വൈറസിനോട് ജനിതക ഘടനയില്‍ ഏറെ സാമ്യമുണ്ട് സാര്‍സ് കോവ് 2-ന്. അതിനാലാണു ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓണ്‍ ടാക്‌സോണമി ഓഫ് വൈറസസ് ഇതിനു സമാനമായ പേര് നല്‍കിയത്.
ദേഹം നിറയെ 'ക്രൗണ്‍' അഥവാ കിരീടത്തിലേതു പോലെ ഉയര്‍ന്നു നില്‍ക്കുന്ന മുനകളുള്ളതുകൊണ്ടാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്. പ്രത്യേകതരം പ്രോട്ടിനുകള്‍കൊണ്ടാണ് ഈ മുനകള്‍ നിര്‍മിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങളിലേക്കു കടക്കാന്‍ കൊറോണയെ സഹായിക്കുന്ന താക്കോലാണ് ഈ പ്രോട്ടീന്‍ മുനകള്‍. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ആക്രമിക്കുന്ന കൊറോണ കുടുംബത്തില്‍പ്പെട്ട വൈറസാണിത്. ശരീര കോശങ്ങളെ ആക്രമിച്ച് സ്വന്തം വരുതിക്കു നിര്‍ത്തി കോശങ്ങളിലെ പ്രോട്ടിന്‍ ഉപയോഗിച്ചു കൂടുതല്‍ വൈറസുകളെ ഉല്‍പാദിപ്പിക്കാന്‍ ഇവയ്ക്കു ശേഷിയുണ്ട്.
പുതിയത് ഉള്‍പ്പെടെ മനുഷ്യനെ ആക്രമിക്കുന്ന ഏഴിനം കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നാലെണ്ണം മനുഷ്യനിലെ ജലദോഷപ്പനിക്ക് ഉള്‍പ്പെടെ കാരണമാകുന്നതാണ്- 229 ഇ (ആല്‍ഫ), എന്‍എന്‍63 (ആല്‍ഫ),ഒസി 43(ബീറ്റ), എച്ച്‌കെയു1 (ബീറ്റ) എന്നിവയാണവ. മനുഷ്യശരീരത്തിലെത്തി സ്വയം ജനിതക തിരുത്തലുകള്‍ വരുത്തിയ മൂന്ന് കൊറോണ വൈറസുകളുണ്ട്- സാര്‍സ് കോവ് 1, മെര്‍സ്, സാര്‍സ് കോവ് 2.
കൊറോണ കുടുംബത്തില്‍ ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ചു രൂപപ്പെട്ട സാര്‍സ് കോവ് 2 വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 (Coronavirus disease 2019). ലോകാരോഗ്യസംഘടന 2020 മാര്‍ച്ച് 11-ന് ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. പുതിയൊരു രോഗം വളരെ പെട്ടെന്ന് വളരെ വലിയ പ്രദേശത്തു പരക്കുമ്പോഴാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
ചൈനയിലെ വുഹാന്‍ നഗരത്തിലെ ഹ്വാനന്‍ സീഫൂഡ് മാര്‍ക്കറ്റില്‍ നിന്നാണ് 2019 സെപ്റ്റംബര്‍-നവംബറില്‍ കോവിഡിനു കാരണമായ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്നു. ഡിസംബര്‍ 31-നാണ് പ്രത്യേകതരം ന്യൂമോണിയ ബാധിച്ച് ഒട്ടേറെ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതായി ചൈന റിപ്പോര്‍ട്ട് ചെയ്തത്. ഏകദേശം 1.1 കോടി ജനങ്ങളുള്ള നഗരമാണ് വുഹാന്‍. അതിനാല്‍ത്തന്നെ വൈറസ് പെട്ടെന്നു പരന്നു. ജനുവരി ആദ്യ ആഴ്ച ആദ്യ കോവിഡ് മരണം, തൊട്ടടുത്ത ആഴ്ച മരണം രണ്ടായി. വൈകാതെതന്നെ ലോകം മുഴുവന്‍ കോവിഡ് പടര്‍ന്നുപിടിക്കുകയും ചെയ്തു.
മെര്‍സ് ഒട്ടകങ്ങളില്‍നിന്നും സാര്‍സ് കോവ് 1 വൈറസ് വെരുകില്‍നിന്നുമാണ് പടര്‍ന്നതെന്നാണു കരുതുന്നത്. സമാനമായി വവ്വാല്‍, പാമ്പ്, ഈനാംപേച്ചി എന്നിവയില്‍നിന്നാകാം സാര്‍സ് കോവ് 2 പടര്‍ന്നതെന്നു കരുതുന്നു. വംശനാശ ഭീഷണി നേരിടുന്നതുള്‍പ്പെടെയുള്ള ഒട്ടേറെ കാട്ടുമൃഗങ്ങളെ ഉള്‍പ്പെടെ വില്‍ക്കുന്ന സ്ഥലമായിരുന്നു ഹ്വാനന്‍ സീഫൂഡ് മാര്‍ക്കറ്റ്. പുതിയ കൊറോണ വൈറസിന് സമാനമായ വൈറസുകള്‍ നേരത്തേ വവ്വാലിലും ഈനാംപേച്ചിയിലും പാമ്പിലും കണ്ടെത്തിയിട്ടുണ്ട്. ഈ ജീവികളെയും ഹ്വാനന്‍ മാര്‍ക്കറ്റില്‍ വില്‍പനയ്‌ക്കെത്തിച്ചിരുന്നു. അവയില്‍നിന്നാകാം പുതിയ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. ചൈനീസ് ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം വവ്വാലില്‍നിന്നുള്ള വൈറസുകള്‍ക്കാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസുകളുമായി ഏറെ ജനിതക സാമ്യങ്ങളുള്ളത്. എന്നാല്‍ യുഎസ് ഗവേഷകര്‍ പറയുന്നത് ഈനാംപേച്ചിയില്‍നിന്നുള്ള വൈറസിനാണ് പുതിയ കൊറോണയുമായി ജനിതക ബന്ധം ഏറെയെന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു സംബന്ധിച്ച ഗവേഷണം തുടരുകയാണ്.
പൊതുവെയുള്ള ലക്ഷണങ്ങള്‍: പനി, ക്ഷീണം, വരണ്ട ചുമ. ചില രോഗികള്‍ക്ക് ദേഹവേദനയും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയും വയറിളക്കവും വരാറുണ്ട്. പതിയെപ്പതിയെയാണ് ലക്ഷണങ്ങള്‍ ശക്തി പ്രാപിക്കുക. ചിലര്‍ക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങളൊന്നും കാണിക്കില്ല, ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറില്ല. ഏകദേശം 80% പേരും പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗത്തില്‍നിന്നു മുക്തി നേടും. കോവിഡ് 19 ബാധിക്കുന്ന ആറില്‍ ഒരാളെന്ന കണക്കിനാണ് രോഗം ഗുരുതരമാവുകയുള്ളൂ. അത്തരക്കാര്‍ക്ക് ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാകും. വയോജനങ്ങളെയും ആരോഗ്യപരമായി ദുര്‍ബലരായവരെയുമാണ് (ഹൃദയസംബന്ധമായ രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയുള്ളവര്‍) രോഗം ഗുരുതരമായി പൊതുവെ ബാധിക്കുന്നത്. പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയുള്ളവര്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.
വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികള്‍ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളില്‍ സ്പര്‍ശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ മറ്റൊരാള്‍ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളില്‍ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്. കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.
കോവിഡ് പകരാതിരിക്കാന്‍ സ്വീകരിക്കാം ഈ മുന്‍കരുതലുകള്‍:
കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. ഏതു സോപ്പും ഇതിനായി ഉപയോഗിക്കാം. 20 സെക്കന്‍ഡ് നേരമെങ്കിലും കൈ കഴുകണം. സോപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍, 60% എങ്കിലും ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം. ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ അവരില്‍ നിന്ന് ഒരു മീറ്ററെങ്കിലും (മൂന്നടി) അകലം പാലിക്കുക.
ഒട്ടേറെ വസ്തുക്കളിലും പ്രതലങ്ങളിലും നാം സ്പര്‍ശിക്കാറുണ്ട്. അപ്പോഴെല്ലാം വൈറസ് കയ്യിലെത്താന്‍ സാധ്യതയുണ്ട്. കൈകളിലൂടെ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം വൈറസെത്തും. അതുവഴി രോഗബാധിതരാവുകയും ചെയ്യും. ഇതൊഴിവാക്കാന്‍ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ശ്വസനത്തിലും വൃത്തി പാലിക്കണം. അത് നിങ്ങളെയും ചുറ്റിലുമുള്ളവരെയും വൈറസില്‍ നിന്നു രക്ഷിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈവെള്ള ഉപയോഗിക്കാതെ കൈമടക്കി (Bent Elbow) മുഖത്തോടു ചേര്‍ത്തുവച്ച് തുമ്മുക. അല്ലെങ്കില്‍ ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിച്ച് തുമ്മുക. ഇവ പിന്നീട് ഉപയോഗിക്കാതെ ഒഴിവാക്കുക. കോവിഡ് 19 മാത്രമല്ല, ജലദോഷം, പനി എന്നിവയില്‍ നിന്നെല്ലാം ഇതുവഴി രക്ഷപ്പെടാം.
ശാരീരിക അസ്വസ്ഥതകള്‍ തോന്നിയാല്‍ വീട്ടില്‍ തുടരുക. ചുമയോ പനിയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ നേരിട്ടാല്‍ വൈദ്യസഹായം തേടുക. പ്രാദേശികമായി നല്‍കിയിട്ടുള്ള ഹെല്‍പ്നമ്പര്‍ ഉപയോഗിച്ചും സഹായം തേടുക.
കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ 'ദിശ' നമ്പറായി 1056 ഉണ്ട്. എവിടെനിന്നു വേണമെങ്കിലും ഈ നമ്പറിലേക്കു വിളിക്കാം. ബന്ധപ്പെട്ട ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ സഹായവുമായെത്തും. ആശുപത്രിയിലേക്കു പുറപ്പെടുമ്പോള്‍ പരമാവധി വ്യക്തിശുചിത്വം പാലിക്കുക. ഒപ്പമുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്‌കോ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കോവിഡ് 19 വ്യാപനം സംബന്ധിച്ച് പ്രാദേശിക ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അപ്‌ഡേറ്റായിരിക്കും. അതിനാല്‍ത്തന്നെ അവരുടെ സഹായവും ഉപദേശവും തേടാന്‍ മടിക്കരുത്.
കോവിഡ് 19 വന്‍തോതില്‍ പടരുന്ന പ്രദേശങ്ങളെപ്പറ്റി (ഹോട്സ്‌പോട്ടുകള്‍) അറിഞ്ഞുവയ്ക്കുക. ഈ പ്രദേശങ്ങളിലേക്കു പരമാവധി യാത്ര കുറയ്ക്കുക, വയോജനങ്ങളും പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവയുള്ളവരും ഇത്തരം പ്രദേശങ്ങളിലെത്തിയാല്‍ എളുപ്പം അസുഖം പിടിപെടാന്‍ സാധ്യതയുണ്ട്.
കോവിഡ് രോഗത്തിന് വാക്‌സിന്‍ കണ്ടെത്താന്‍ ലോകമെമ്പാടും ശ്രമം നടക്കുകയാണ്. ഇതുവരെ ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടെത്താനായിട്ടില്ല. വൈറസുകള്‍ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കില്ല. അവ ബാക്ടീരിയ വഴിയുള്ള അണുബാധയ്ക്കാണു ഫലപ്രദം. അതിനാല്‍ത്തന്നെ കോവിഡ് 19 വൈറസ് പ്രതിരോധത്തില്‍ ആന്റിബയോട്ടിക് ഉപയോഗിക്കില്ല. ശരീരത്തില്‍ ഏതെങ്കിലും വിധത്തില്‍ ബാക്ടീരിയ വഴിയുള്ള അണുബാധയുണ്ടായാല്‍ അതിന് ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രം ആന്റിബയോട്ടിക് ഉപയോഗിക്കാമെന്നു മാത്രം.
രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ വൈറസ് ബാധിതര്‍ക്കു നല്‍കുന്നത്. രോഗം ഗുരുതരമാകുന്നവരെ ആശുപത്രിയിലേക്കു മാറ്റും. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും കോവിഡ് 19 ബാധിതര്‍ക്കായി പ്രത്യേകം ഐസലേഷന്‍ വാര്‍ഡുകളുണ്ട്. കേരളത്തില്‍ ചികിത്സയില്‍ ഇരുന്നവരുള്‍പ്പെടെ ഭൂരിപക്ഷം പേരും രോഗത്തില്‍ നിന്നു മുക്തരായിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
പുതിയ വൈറസായതിനാല്‍ത്തന്നെ ഇവയെ പ്രതിരോധിക്കാനുള്ള ശേഷി ശരീരം ആര്‍ജിച്ചെടുക്കേണ്ടതുണ്ട്. അതിനു സഹായിക്കുന്ന വാക്‌സിനുകളും ചില പ്രത്യേക മരുന്നുകളും പരീക്ഷണഘട്ടത്തിലാണ്. ക്ലിനിക്കല്‍ ട്രയലുകളിലൂടെ മാത്രമേ അവയെപ്പറ്റിയുള്ള അന്തിമഫലം പുറത്തുവിടാനാകൂ. വാക്‌സിനുകള്‍ക്കും മരുന്നുകള്‍ക്കുമായുള്ള ഗവേഷണം ഡബ്ല്യുഎച്ച്ഒ തുടരുകയാണ്. മുകളില്‍ വിവരിച്ചതു പ്രകാരമുള്ള വ്യക്തിശുചിത്വ മാര്‍ഗങ്ങള്‍ പാലിക്കുക മാത്രമാണ് നിലവില്‍ രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഏക വഴി.
https://www.facebook.com/Malayalivartha