"ഇനിയുള്ള കാലത്ത് ജോലികൾ നമ്മളെ തേടിയാണ് എത്താൻ പോകുന്നത് എന്നതിൽ സംശയം വേണ്ട. ഇപ്പോൾത്തന്നെ പല വികസിത രാജ്യങ്ങളിലും അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്...."; സോഷ്യൽ നെടുത്തേക്കിങ്ങിലൂടെ ജോലി ലഭ്യമാകുന്നതിനെപ്പറ്റി മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
ലോക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഒരുപാടു ജീവനക്കാരുടെ ജോലി നഷ്ടമായത് നാം അറിഞ്ഞതാണ്. എന്നാൽ നാം കോറോണയെ അതിജീവിക്കുന്നതുവരെ ഈ തൊഴിലില്ലായ്മ തുടരുക തന്നെ ചെയ്യും. ഏതൊക്കെയെല്ലാം അതിജീവിച്ച് നാം പുതിയ സംരംഭങ്ങൾ തുടങ്ങുകയും ചെയ്യുമെന്നും അതിനായി സാമൂഹ്യമാധ്യമങ്ങൾ തന്നെ നമ്മെ സഹായിക്കുമെന്നും വെളിപ്പെടുത്തുകയാണ് മുരളി തുമ്മാരുകുടി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ജോലി നമ്മെ തേടി എത്തുന്ന കാലം
ഗൂഗിളിൽ നിന്നും ഒരാൾക്ക് ജോലി വാഗ്ദാനം ലഭിക്കുന്നതിനെ പറ്റി ഒരു തമാശയുണ്ട്.
"അതിന് ഞാൻ നിങ്ങൾക്ക് ജോലിക്ക് അപേക്ഷ ഒന്നും അയച്ചില്ലല്ലോ" എന്ന് ഉദ്യോഗാർത്ഥി.
"നിങ്ങളുടെ ബയോഡാറ്റയും നിങ്ങൾ ഇപ്പോഴത്തെ ജോലി വിടുകയാണെന്നും നിങ്ങൾ ജോലി അന്വേഷിക്കുകയാണെന്നും നിങ്ങൾക്ക് ഇപ്പോൾ എന്ത് ശന്പളം ഉണ്ടെന്നും ഒക്കെ ഞങ്ങൾക്ക് അറിയാം." ഗൂഗിൾ.
ഇത് തൽക്കാലം അല്പം കടന്ന തമാശയായിരിക്കാം. പക്ഷെ ഇനിയുള്ള കാലത്ത് ജോലികൾ നമ്മളെ തേടിയാണ് എത്താൻ പോകുന്നത് എന്നതിൽ സംശയം വേണ്ട. ഇപ്പോൾത്തന്നെ പല വികസിത രാജ്യങ്ങളിലും അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൊറോണക്കാലം ഇതിനെ കൂടുതൽ വേഗത്തിലാക്കും.
നാളത്തെ ലോകത്ത് നല്ലൊരു ജോലി കിട്ടണമെങ്കിൽ ആദ്യം വേണ്ടത് ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ട് ആണ്.
പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കുക, ഏതു മേഖലയിലായാലും മികച്ചൊരു കരിയർ ഉണ്ടാക്കിയെടുക്കുക എന്നത് എല്ലാ പ്രൊഫഷണലുകളുടെയും ലക്ഷ്യമാണ്. എന്നാൽ മാറിയ കാലത്ത് സാന്പ്രദായിക രീതിയിലൂടെ ജോലിയന്വേഷിക്കുന്നത് പലപ്പോഴും ഫലപ്രദമായിക്കൊള്ളണമെന്നില്ല.
എങ്ങനെയാണ് ജോലി കണ്ടെത്തുക? കുറച്ചു വർഷങ്ങൾക്ക് മുൻപുവരെ പത്രങ്ങളിലും മറ്റു പുബ്ലിക്കേഷനുകളിലും പരസ്യങ്ങൾ നൽകിയിരുന്നു. ഇപ്പോഴുമുണ്ട്. പിന്നീട് ഇന്റർനെറ്റിന്റെ കാലമായപ്പോൾ അതാത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ വഴിയും ഇമെയിൽ വഴിയും അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. മറ്റു ജോബ് പോർട്ടലുകളും ഇന്നുണ്ട്. ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും അതിനായി ഉപയോഗിച്ചുവരുന്നു. അവിടെയാണ് ലിങ്ക്ഡ്ഇൻ ന്റെ പ്രസക്തി.
സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ പോലെതന്നെ ഒരു സോഷ്യൽ നെറ്റ്‌വർക്കിങ് സംവിധാനമാണ് ലിങ്ക്ഡ്ഇൻ. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പോലെ ഉല്ലാസത്തിനുവേണ്ടിയുള്ളതല്ല. മറിച്ച്, ബിസിനസ് കണക്ഷനുകൾ വിപുലീകരിക്കുക, പ്രവൃത്തിപരിചയം, ബയോഡാറ്റ എന്നിവ പങ്കുവെയ്ക്കുക, തൊഴിൽ അന്വേഷിക്കുക എന്നീ കാര്യങ്ങൾക്കായുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റാണ് ലിങ്ക്ഡ്ഇൻ.
ഫേസ്ബുക് പ്രൊഫൈൽ പോലെ എളുപ്പത്തിൽ ഒരു ലിങ്ക്ഡ്ഇൻ പ്രൊഫൈൽ നിങ്ങൾക്കുതന്നെ ഉണ്ടാക്കിയെടുക്കാം. എന്നാൽ അവിടെ നൽകേണ്ടത് നിങ്ങളുടെ പ്രൊഫഷണൽ വിവരങ്ങളാണ്. ഉദാഹരണത്തിന് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷൻ, താല്പര്യമുള്ള മേഖലകൾ, പ്രവൃത്തി-ഗവേഷണ പരിചയങ്ങൾ, തൊഴിൽ വൈദഗ്‌ദ്ധ്യം, കൂടെ ജോലിചെയ്തിരുന്നവരിൽ നിന്നുള്ള റെഫെറൽ (referrals) എന്നിവയെല്ലാം ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ഉൾപ്പെടുത്താം.
പ്രൊഫൈൽ ഉണ്ടാക്കി കഴിഞ്ഞാൽ?
പലവിധ പ്രൊഫെഷനുകളിലുള്ള ആളുകളുടെയും സ്ഥാപനങ്ങളുടെയും പ്രൊഫൈലുകൾ ലിങ്ക്ഡ്ഇൻ ൽ ഉണ്ട്. താല്പര്യമുള്ള മേഖലകളിൽനിന്നുള്ളവർക്ക് കണക്ഷൻ റിക്വസ്റ്റ് അയക്കുകയും ഫോളോ ചെയ്യുകയുമാവാം. മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പോലെതന്നെ നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും പങ്കുവെക്കാം.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഉണ്ടാക്കിയാൽ ജോലി ലഭിക്കുമോ?ലിങ്ക്ഡ്ഇൻ നെ പറ്റി പറയുന്പോൾ പലരും ആദ്യം ചോദിക്കുന്ന ചോദ്യമാണിത്. ഇല്ല. പക്ഷെ, തീർച്ചയായും നിങ്ങളുടെ അവസരങ്ങൾ കൂട്ടാൻ ഉപകരിക്കും, എന്നതാണുത്തരം. അതിനായി നമ്മൾ അറിഞ്ഞു പ്രവർത്തിക്കണം എന്നുമാത്രം.
എങ്ങനെ?
വിവിധ മേഖലകളിൽനിന്നുള്ള മികച്ച അദ്ധ്യപകർ, ഗവേഷകർ, സംരംഭകർ, ശാസ്ത്രജ്ഞർ എന്നിവരൊക്കെ ലിങ്ക്ഡ്ഇന്നിലുണ്ടാകും. ഒരു ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഉണ്ടെങ്കിൽ താല്പര്യമുള്ള മേഖലകളിലെ വിദഗ്ദ്ധരുമായും സമാന മേഖലകളിൽ ജോലി ചെയ്യുന്നവരുമായും ബന്ധപ്പെടാനുള്ള അവസരങ്ങളുണ്ടാകുമെന്നതാണ് പ്രധാന നേട്ടം. അങ്ങനെ അവരുമായി ആശയവിനിമയം നടത്താനും അവരുടെ പ്രവർത്തനമേഖലയെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാനും സാധിക്കും.
ലോകത്തുള്ള ഒട്ടുമിക്ക ഓർഗനൈസേഷനുകൾക്കും ലിങ്ക്ഡ്ഇനിൽ സാന്നിധ്യമുണ്ട്. അവരുടെ ‘job updates' നിരീക്ഷിക്കാനും ലിങ്ക്ഡ്ഇൻ വഴി അപേക്ഷകൾ സമർപ്പിക്കാനും സാധിക്കും. ഇവിടെ നിങ്ങൾ പ്രത്യേകം resume തയ്യാറാക്കേണ്ട ആവശ്യമില്ല.
ആർക്കൊക്കെ ലിങ്ക്ഡ്ഇൻ ൽ അംഗമാകാം?
പന്ത്രണ്ടാം ക്ലാസ് കഴിയുന്പോൾത്തന്നെ തുടങ്ങാം. താല്പര്യമുള്ള വിഷയങ്ങളിൽ/മേഖലകളിൽ ഉള്ളവരുമായി കണക്ഷൻ ഉണ്ടാക്കിത്തുടങ്ങാം. പഠിക്കുന്ന കുട്ടികൾക്കും (പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവരും അല്ലാത്തവരും), തൊഴിൽ മേഖലയിലെ തുടക്കക്കാർക്കും, നിലവിൽ ജോലിചെയ്യുന്നവർക്കും എല്ലാം ഇവിടെ അംഗങ്ങളാകാം.
എന്തൊക്കെ ശ്രദ്ധിക്കണം?
1. തീർച്ചയായും ആക്റ്റീവ് ആയ ഒരു ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. ഈ ഇമെയിൽ ഐഡി പ്രൊഫഷണൽ ആയി തോന്നുന്ന ഒന്നായിരിക്കണം. superman64@gmail.com അല്ലെങ്കിൽ hotmale@hotmail.com എന്നൊക്കെയുള്ള ഐഡി ഉപയോഗിക്കുന്നത് തൊഴിലന്വേഷത്തിന് നല്ലതല്ല. നിങ്ങൾ ആക്റ്റീവ് ആയി തൊഴിൽ അന്വേഷിക്കുന്ന സമയമാണെങ്കിൽ ഓരോ ദിവസവും രണ്ടു പ്രാവശ്യം ഇ-മെയിൽ ചെക്ക് ചെയ്യണം.
2. ഒരു ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഫോട്ടോ ഉണ്ടായിരിക്കണം. ഇതിനായി പൂക്കൾ, കിളികൾ, ലാൻഡ്‌സ്‌കേപ്പുകൾ എന്നിവയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കരുത്. സ്വന്തം ഫോട്ടോ തന്നെ ഉപയോഗിക്കണം. എന്നാൽ ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ഉപയോഗിക്കുന്നതരം പടങ്ങൾ വേണ്ട. തമാശ രൂപേണെയുള്ളതോ ലഹരി ഉപയോഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതോ ആയ ചിത്രങ്ങളും ഒഴിവാക്കുക. വളരെ ഫോർമലായ, നിങ്ങളുടെ മുഖം വ്യക്തമായി കാണുന്ന തരത്തിലുള്ള ഫോട്ടോകൾ ഉപയോഗിക്കുക. കല്യാണങ്ങൾക്കോ പാർട്ടികൾക്കോ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ഉപയോഗിക്കരുത്. സെൽഫിയും ഗ്രൂപ്പ് ഫോട്ടോകളും തീർച്ചയായും ഒഴിവാക്കണം.
3. നിങ്ങളുടെ പ്രൊഫൈലിൽ വിദ്യാഭ്യാസം, തൊഴിൽ പരിചയം, ഗവേഷണം, നൈപുണ്യം എന്നിവ വ്യക്തമായി ചേർക്കണം. ഒരു നല്ല പ്രൊഫൈൽ ഉണ്ടാക്കാൻ ഒരാഴ്ച എടുത്താലും കുഴപ്പമില്ല. പ്രൊഫൈലിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഒന്നും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, വേണമെങ്കിൽ ഒരു സുഹൃത്തിനോട് അതൊന്ന് ചെക്ക് ചെയ്യാൻ പറയുന്നതും നല്ലതാണ്.
ഇനിയുള്ളത് പ്രൊഫൈൽ എങ്ങനെ നിലനിർത്തിക്കൊണ്ടുപോകണം എന്നതാണ്.
4. പതിയെ കണക്ഷനുകൾ ഉണ്ടാക്കണം. നിങ്ങളുടെ മേഖലയിൽ നിന്നുള്ളവരെ ലിങ്ക്ഡ്ഇന്നിൽ തിരയാനും കണ്ടുപിടിക്കാനും കഴിയും. നിങ്ങൾ പഠിച്ച സ്ഥാപനത്തിൽ പഠിച്ചവർ, നിങ്ങളുടെ സ്ഥാപനത്തിലെ സഹപ്രവർത്തകർ ഇവരെയൊക്കെ നിങ്ങളുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ ചേർക്കാവുന്നതാണ്. ഫേസ്ബുക്ക് പോലെ അയ്യായിരത്തിന്റെ പരിധിയൊന്നുമില്ല. കൂടുതൽ നല്ല കണക്ഷനുകൾ നിങ്ങൾക്ക് ഉണ്ടാകുന്നത് നിങ്ങളെ പിൽക്കാലത്ത് ജോലിക്കെടുക്കാൻ പോകുന്നവർ ശ്രദ്ധിക്കും. ലിങ്ക്ഡ്ഇൻ നു പുറത്ത് പരിചയപ്പെടുന്നവർക്കും ഇവിടെ കണക്ഷൻ റിക്വസ്റ്റ് അയക്കാൻ മടിക്കേണ്ട! ശ്രദ്ധിക്കേണ്ട കാര്യം, ഇവരിൽ തീർച്ചയായും കേരളത്തിനും ഇന്ത്യക്കും പുറത്തുനിന്നുള്ളവരുണ്ടായിരിക്കണം. കൂടുതൽ വിശാലമായ ലോകത്തേക്കുള്ളൊരു സാധ്യതയാണ് ലിങ്ക്ഡ്ഇൻ. (ഈ പോസ്റ്റ് വായിക്കുന്നവരിൽ താല്പര്യമുള്ളവർക്ക് ഞങ്ങൾക്ക് കണക്ഷൻ റിക്വസ്റ്റ് അയക്കാം).
5. ലിങ്ക്ഡ് ഇന്നിൽ പ്രൊഫഷണൽ ആയി ഗുണകരമായ അനവധി ഗ്രൂപ്പുകൾ ഉണ്ട്. അതിൽ നിങ്ങൾക്ക് താല്പര്യമുള്ളവയിൽ എല്ലാം പോയി ഫോളോ ചെയ്യണം. അവിടെ നടക്കുന്ന കമന്റുകൾ ശ്രദ്ധിക്കണം, ചർച്ചകളിൽ പങ്കെടുക്കണം.
6 . ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. കൂടാതെ നിങ്ങളുടെ വിഷയത്തിൽ എഴുതാൻ കഴിവുള്ളവരാണെങ്കിൽ ആർട്ടിക്കിളുകൾ എഴുതാവുന്നതാണ്. നിങ്ങളുടെ ചിന്തകളും അറിവുകളും പങ്കുവെക്കുവാനുള്ള ഇടവുമാണ് ലിങ്ക്ഡ്ഇൻ. ഭാഷാപരമായി പിശകുവരാതെ നോക്കണം. അതിൽ ആരുടെയെങ്കിലും സഹായം തേടുന്നതിൽ തെറ്റില്ല. ഉപയോഗിക്കുന്ന ഭാഷ എപ്പോഴും വ്യക്തവും സഭ്യവുമായിരിക്കണം. നിങ്ങൾക്ക് എഴുതുവാൻ കഴിവില്ലെങ്കിൽ മറ്റുള്ള ആളുകൾ എഴുതുന്നത് ശ്രദ്ധിക്കുക, അതിനടിയിൽ പോയി കമന്റ്റ് ചെയ്യുക, ചോദ്യങ്ങൾ ചോദിക്കുക, നിങ്ങളുടെ പ്രൊഫഷനിൽ പുതിയതായി വരുന്ന ട്രെൻഡുകളെ പറ്റിയുള്ള ലേഖനങ്ങൾ പോസ്റ്റ് ചെയ്യുക. അതിന് ആരെങ്കിലും കമന്റ് ഇട്ടാൽ ഉടൻ മറുപടി കൊടുക്കുക. തൊഴിലന്വേഷിക്കുന്ന കാലത്ത് ദിവസവും രാവിലെ ഒരു മണിക്കൂർ ലിങ്ക്ഡ് ഇന്നിൽ ചിലവാക്കുന്നതിൽ തെറ്റില്ല.
7 . ദിവസവും നിങ്ങൾക്ക് ലിങ്ക്ഡ് ഇന്നിൽ നിന്നും വരുന്ന ഇ-മെയിൽ ചെക്ക് ചെയ്യുകയും വേണം. ഏതെങ്കിലും ജോലികൾക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ഈ റൂൾ തീർച്ചയായും മറക്കരുത്. ലിങ്ക്ഡ്ഇന്നിലോ ഇ-മെയിൽ വഴിയോ ലഭിക്കുന്ന മെസ്സേജുകൾക്ക് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ശ്രമിക്കണം. മറുപടി വ്യക്തവും സഭ്യവുമായിരിക്കണം. വാട്സ്ആപ്പിലോ മെസ്സഞ്ചറിലോ ചാറ്റ് ചെയ്യുന്ന ലാഘവത്തോടെ മറുപടി അയക്കരുത്.
8 . നിങ്ങളുടെ സഹപ്രവർത്തകരെ കൊണ്ട് അല്ലെങ്കിൽ അധ്യാപകരെക്കൊണ്ട് നിങ്ങൾക്ക് ഏതൊക്കെ വിഷയത്തിൽ പ്രാവീണ്യം ഉണ്ട് എന്ന് ലിങ്ക്ഡ് ഇന്നിൽ എൻഡോർസ് ചെയ്യിക്കാൻ പറ്റിയാൽ നല്ലത്. മറ്റുള്ളവർ ഇതൊക്കെയാണ് ശ്രദ്ധിക്കുന്നത്.
9 . പുതിയതായി ഒരു ലിങ്ക്ഡ് ഇൻ കോൺടാക്ട് കിട്ടിയാൽ ഉടൻ തന്നെ പോയി നമ്മുടെ ബയോഡേറ്റ അയച്ചു കൊടുത്ത് ‘സാർ എനിക്കൊരു ജോലി ശരിയാക്കി തരണം’ എന്ന് പറയരുത്. മറിച്ച് ആദ്യം ഒരു ഹലോ പറയാം, എങ്ങനെയാണ് അവരുടെ പ്രൊഫൈലിൽ എത്തിയതെന്ന് പറയാം, അത് നന്നായിട്ടുണ്ട് എന്നും പറയാം (ചുമ്മാ പുകഴ്‌ത്തുന്നത് എല്ലാവർക്കും ഇഷ്ടമാണ്). പിന്നീട് കുറച്ചു നാൾ കഴിയുന്പോൾ കരിയർ രംഗത്ത് ചില സംശയങ്ങളുമായി ചെല്ലാം. അവസരം അവിടെയും ചോദിക്കരുത്. നമ്മുടെ പ്രൊഫൈൽ നല്ലതും, പെരുമാറ്റം പ്രൊഫഷണലും ആണെങ്കിൽ അവസരമുണ്ടെങ്കിൽ അവർ തീർച്ചയായും നിങ്ങളോട് പറയും.
10 . ബയോഡാറ്റയിൽ നുണ പറയുന്നത് പോലെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ നുണ പറയരുത്. ഞാൻ നിർമ്മിത ബുദ്ധിയുടെ രംഗത്ത് ആക്റ്റീവ് ആണെന്നൊക്കെ വെള്ള പേപ്പറിലോ പി ഡി എഫിലോ അടിക്കുന്നത് പോലെ അല്ല ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ പറയുന്നത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിങ്ങൾ നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട എത്ര ലേഖനങ്ങൾ ഷെയർ ചെയ്തിട്ടുണ്ട് എന്നൊക്കെ മറ്റുള്ളവർക്ക് വേഗം കണ്ടുപിടിക്കാൻ പറ്റും.
11 . ലിങ്ക്ഡ് ഇൻ ഇപ്പോൾ ഒരു പരിശീലനക്കളരി കൂടിയാണ്. അനവധി വിഷയങ്ങളിൽ പരിശീലനവും സർട്ടിഫിക്കറ്റും ഒക്കെ അവിടെ ലഭിക്കും. നിങ്ങൾക്ക് ആവശ്യമുള്ള കോഴ്സുകൾ പഠിക്കുക. നിങ്ങൾ പുതിയ വിഷയങ്ങൾ പഠിക്കുന്നുണ്ട് എന്നുള്ളതും മറ്റുളളവർ ശ്രദ്ധിക്കും.
12. ആക്റ്റീവ് ആയി തൊഴിൽ അന്വേഷിക്കുന്ന സമയത്ത് ഒരു പ്രീമിയം അക്കൗണ്ട് എടുക്കുന്നതിൽ തെറ്റില്ല. നിങ്ങൾ ലിങ്ക്ഡ് ഇന്നിൽ ആക്റ്റീവ് ആണെങ്കിൽ ലിങ്ക്ഡ് ഇൻ തന്നെ നിങ്ങൾക്ക് സൗജന്യമായി ഇത് ഒരു മാസത്തേക്ക് വാഗ്ദാനം ചെയ്യും. ഉപയോഗിക്കുക. നിങ്ങളുടെ പ്രൊഫൈൽ പേജ് ആരൊക്കെ നോക്കിയിട്ടുണ്ട് എന്നുള്ള വിവരം കൂടി ലഭ്യമാകുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്.
ലിങ്ക്ഡ് ഇൻ സംവിധാനത്തിൽ നമ്മൾ കാണുന്നതിന് ഒരു മറുപുറമുണ്ട്. തൊഴിൽ അന്വേഷകരെ തേടി ആളുകൾ അവിടെ ഉണ്ട്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അവർ ശ്രദ്ധിക്കുന്നുണ്ട്. ഇനിയുള്ള കാലത്ത ബിഗ് ഡേറ്റ അനലിറ്റിക്സ് ഒക്കെ വച്ചായിരിക്കും തൊഴിൽ അന്വേഷകർ ആളുകളെ തിരയുന്നത്. അപ്പോൾ നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്യുന്നതെല്ലാം നമ്മുടെ തൊഴിലിനെ ബാധിക്കും. നമ്മുടെ പ്രൊഫൈലും രീതികളും സ്ഥാപനത്തിന് അനുയോജ്യം എന്ന് കണ്ടാൽ അവർ തന്നെ ഇങ്ങോട്ട് വന്നു നമ്മളോട് അവരുടെ സ്ഥാപനത്തിൽ അപേക്ഷിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കും (ഇപ്പോൾ തന്നെ അനവധി രാജ്യങ്ങളിൽ ഇതാണ് രീതി).
അപ്പോൾ എല്ലാം പറഞ്ഞത് പോലെ. നിങ്ങൾക്ക് ഒരു ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഇല്ലെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കുക. ഉണ്ടെങ്കിൽ അത് കൂടുതൽ ആക്റ്റീവ് ആക്കുക. Mentorz4u എന്ന ലിങ്ക്ഡ് ഇൻ പേജ് ഫോളോ ചെയ്യാൻ മറക്കേണ്ട. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ തൊഴിലിന്റെ രീതി, തൊഴിൽ അന്വേഷണത്തിനുള്ള പൊടിക്കൈകൾ എല്ലാം ആ പേജിൽ ഞങ്ങൾ എല്ലാ ദിവസവും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha