ചിലന്തികള്‍ക്ക് ചലനശേഷി ഇല്ലാതാക്കിയ ശേഷം കുഞ്ഞുങ്ങള്‍ക്ക് ആഹാരമാക്കി എത്തിക്കുന്ന കടന്നലുകളെ കോഴിക്കോട് കണ്ടെത്തി!
കോഴിക്കോട് ജില്ലയിലെ ചിലന്തികള്‍ക്ക് ഒരു വന്‍ ശത്രുവെത്തിയിരിക്കുന്നു. ചിലന്തികളെ ജീവനോടെ കൊണ്ടുപോയി കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമാക്കുന്ന പുതിയൊരിനം കടന്നലുകളെ ജില്ലയില്‍ കണ്ടെത്തി. പോംപൈലിഡെ കുടുംബത്തില്‍ പെട്ട ഇവയ്ക്ക് മെകിറോത്രിക്‌സ് സോള്‍ട്ടീസിഡസ് എന്നാണ് പേരിട്ടിരിക്കുന്നത്. കടന്നലുകളുടെ ലാര്‍വകളാണ് സോള്‍ട്ടിസിഡേയ് കുടുംബത്തില്‍പെട്ട ചിലന്തികളെ ഭക്ഷണമാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഇനം കടന്നലുകളെ കണ്ടെത്തുന്നത്.
അമ്മക്കടന്നലുകളാണ് ഭീകരര്‍. ഇവര്‍ ചിലന്തികളെ തിരഞ്ഞുപിടിച്ച് അവയില്‍ വിഷം കുത്തിവച്ച് ചലന ശേഷി ഇല്ലാതാക്കും. പിന്നീട് ചിലന്തിയുടെ കാലുകള്‍ അടര്‍ത്തി മാറ്റും. ചലനരഹിതമായ ചിലന്തികളെ കടന്നലുകള്‍ കടിച്ചെടുത്ത് പറക്കും. പുതുതായി നിര്‍മിക്കുന്ന മണ്‍കൂടുകള്‍ക്കകത്ത് ഈ ചിലന്തികളെ നിക്ഷേപിക്കും. മുട്ടയിട്ട ശേഷം കൂട് അടയ്ക്കുകയും ചെയ്യും. മുട്ട വിരിഞ്ഞു വരുന്ന ലാര്‍വകളുടെ ഭക്ഷണം ചലനരഹിതമായ ചിലന്തികളാണ്.
സൂടാക്‌സ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണഫലങ്ങള്‍, കടന്നലിനെ കുറിച്ച് കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗത്തിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ സി.ബിനോയ്, സൂവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഡോ.പി.ഗിരീഷ്‌കുമാര്‍, മടപ്പള്ളി ഗവ. കോളജ് ജന്തുശാസ്ത്ര വിഭാഗത്തിലെ ഡോ.പി.തേജസ്സ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ കെ.അഞ്ചു എന്നിവര്‍ അടങ്ങുന്ന സംഘത്തിന്റെ കണ്ടെത്തലാണ്.
https://www.facebook.com/Malayalivartha