വടക്കന്‍ കേരളത്തിലെ ചെങ്കല്‍ക്കുന്നുകളില്‍ പുതിയ ഇനം സസ്യങ്ങളെ കണ്ടെത്തി
വടക്കന്‍ കേരളത്തിലെ കാസര്‍കോട് കുമ്പളയിലെ ചെങ്കല്‍ക്കുന്നുകളില്‍ നിന്നും കാനായി കാനത്തു നിന്നും പുതിയ ഇനം സസ്യങ്ങളെ കണ്ടെത്തി. 166 വര്‍ഷം മുന്‍പു മഹാരാഷ്ട്രയില്‍ കണ്ടശേഷം പിന്നീടു രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ലപ്പിഡാഗതിസ് ക്ലാവറ്റ എന്ന സസ്യത്തെയും റോട്ടാല കാനായിയെന്‍സിസ്, യൂജിനിയ കോഡീന്‍സിസ് വാര്‍ ഒബോവാറ്റ എന്നീ പുതിയ സസ്യങ്ങളെയുമാണ് കണ്ടെത്തിയത്.
ജവാഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകരായ ഡോ.ടി.ഷാജു, ഡോ.എം.രാജേന്ദ്രപ്രസാദ്, പയ്യന്നൂര്‍ കോളജ് അസി.പ്രഫസര്‍ ഡോ.എം.കെ.രതീഷ് നാരായണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവയെ കണ്ടെത്തിയത്. കണ്ടെത്തല്‍ രാജ്യാന്തര ജേണലുകളില്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാനായി കാനത്തു നിന്നു കണ്ടെത്തിയ ചെടിക്ക് ആ പ്രദേശവുമായി ബന്ധപ്പെട്ട പേരു നല്‍കിയിട്ടുണ്ട്. ലോകത്തു തന്നെ അപൂര്‍വങ്ങളായ ആവാസ വ്യവസ്ഥകളില്‍ ഒന്നാണു കൊങ്കണ്‍ തീരത്തെ ചെങ്കല്‍ക്കുന്നുകള്‍. കേരളത്തിലെ ചെങ്കല്‍ക്കുന്നുകളില്‍ നിന്നു രേഖപ്പെടുത്തിയത് 580 പുഷ്പിത സസ്യങ്ങളാണ്. അതില്‍ 162 ഇനം ഇവിടെ മാത്രം കാണുന്ന തനത് സസ്യങ്ങളാണ്.
https://www.facebook.com/Malayalivartha