നാസയുടെ 1.2 ബില്യണ്‍ ഡോളറിന്റെ ദൗത്യം വരുന്ന ഒക്ടോബര്‍ അഞ്ചിന്
നാസയുടെ 1.2 ബില്യണ്‍ ഡോളറിന്റെ ദൗത്യം വരുന്ന ഒക്ടോബര്‍ അഞ്ചിന്. ഛിന്നഗ്രഹമായ സൈക്കിയിലേക്കു ബഹിരാകാശ പേടകം അയയ്ക്കാനാണ് നാസയ്ക്ക് ഈ ചെലവ്. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റാണ് വിക്ഷേപണം നടത്തുന്നത്. സൈക്കി എന്നു തന്നെയാണ് വിക്ഷേപണ വാഹനത്തിന്റെയും പേര്. ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം.
കോടീശ്വരനായ ഛിന്നഗ്രഹമാണ് സൈക്കി.ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ ഭ്രമണം ചെയ്യുന്ന ഛിന്നഗ്രഹം 16 സൈക്ക്, പൂര്‍ണ്ണമായും ലോഹനിര്‍മിതമാണ് .സൈക്കിയില്‍ പ്രധാനമായുള്ളത് ഇരുമ്പും നിക്കലുമാണ്. പ്രാധാന്യമര്‍ഹിക്കുന്ന അളവില്‍ സ്വര്‍ണവുമുണ്ട്. ഇത് ഏകദേശം 10,000 ക്വാഡ്രില്യണ്‍ ഡോളര്‍ വിലമതിക്കുന്നു - ഇത് ഭൂമിയുടെ മുഴുവന്‍ സമ്പദ്വ്യവസ്ഥയേക്കാള്‍ കൂടുതലാണ്. ഭൂമിയില്‍ നിന്നു 37 കോടി കിലോമീറ്റര്‍ അകലെയാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. 280 കിലോമീറ്ററാണ് ഇതിന്റെ വീതി.
പേടകം ചൊവ്വയ്ക്ക് സമീപത്തുകൂടി കടന്ന് ചൊവ്വയുടെ ഭൂഗുരുത്വബലം ഉപയോഗിച്ച് മുന്നോട്ടു കുതിച്ചാണ് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമേഖലയിലുള്ള സൈക്കിയുടെ ഭ്രമണപഥത്തിലേക്കു എത്തുന്നത്. ഇതിനായി ആറ് വര്‍ഷമെടുക്കും എന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഇതിനു ശേഷം 26 മാസങ്ങള്‍ പേടകം സൈക്കിയെ വിലയിരുത്തും.
ഛിന്നഗ്രഹത്തിന്റെ ഘടനയും ചരിത്രവും പരിണാമവും മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് ചിത്രങ്ങളും മറ്റ് വിവരങ്ങളും ശേഖരിക്കുന്നതിനായി ഏകദേശം 26 മാസത്തോളം സൈക്കിനെ ചുറ്റുന്ന തരത്തിലാണ് പേടകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ഇമേജര്‍, മാഗ്‌നെറ്റോമീറ്റര്‍, ഗാമാ-റേ, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍ എന്നിങ്ങനെ മൂന്ന് ശാസ്‌ത്രോപകരണങ്ങളാണ് പേടകത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ലോഹനിര്‍മിതമായ ഛിന്നഗ്രഹങ്ങള്‍ സൗരയൂഥത്തില്‍ തീര്‍ത്തും അപൂര്‍വമാണ്. പാറ നിറഞ്ഞവയാണ് ഛിന്നഗ്രഹങ്ങളില്‍ കൂടുതല്‍.ഭൂമിയുടെ ഉള്‍ക്കാമ്പ് (കോര്‍) പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉള്‍ക്കാമ്പായിരുന്നു സൈക്കിയെന്നും പണ്ടേക്കു പണ്ട് സൗരയൂഥത്തില്‍ നടന്ന ഏതോ വന്‍ കൂട്ടയിടിയില്‍ ഗ്രഹത്തില്‍ നിന്നു വേര്‍പെട്ട് ഛിന്നഗ്രഹമായതാകാമെന്നുമാണ് വിശദീകരണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ നാസയുടെ പേടകത്തിനായേക്കും എന്നും കരുതുന്നു.
1853 മാര്‍ച്ച് 17നു ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ അന്നിബാല്‍ ഗാസ്പാരിസാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അടുത്തിടെ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പുപയോഗിച്ച് ഗവേഷകര്‍ ഇതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തിയിരുന്നു. 2022-ല്‍ സൈക്കി മിഷന്‍ വിക്ഷേപിക്കുമെന്ന് നാസ പറഞ്ഞിരുന്നത് എന്നാല്‍ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സോഫ്റ്റ്വെയര്‍ പരിശോധിക്കുന്നതിലെ പ്രശ്നം കാരണം അത് വൈകിപ്പിച്ചു. ഈ കാലതാമസം പദ്ധതിയിലേക്ക് ഏകദേശം 215 മില്യണ്‍ ഡോളര്‍ ചേര്‍ത്തു, ഇപ്പോള്‍ നാസയ്ക്ക് ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ ചിലവായി.
റോമന്‍ ഐതിഹ്യത്തിലെ പ്രണയ ദേവനായ ക്യൂപിഡിന്റെ ഭാര്യയുടെ പേരാണ് സൈക്കിക്കു നല്‍കിയിരിക്കുന്നത്. സൈക്കിയെ മറ്റൊരു ദേവതയായ വീനസ് കൊന്നുകളഞ്ഞെന്നാണ് ഐതിഹ്യകഥ. എന്നാല്‍ ഭാര്യയുടെ മരണത്തില്‍ ദുഃഖിതനായ ക്യൂപിഡ് ജൂപ്പിറ്റര്‍ ദേവനോട് പ്രാര്‍ഥന നടത്തുകയും ക്യൂപിഡില്‍ പ്രസാദിച്ച ജൂപ്പിറ്റര്‍ സൈക്കിയെ മരണമില്ലാത്ത ദേവതയാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha