ഇനി ജനാലച്ചില്ലുകളും നാനോ സ്മാര്‍ട്ട്
ഓസ്‌ട്രേലിയയിലെ അഡിലെയ്ഡ് ഗവേഷകസംഘം പ്രകാശം ആഗിരണംചെയ്ത് മറ്റൊരു രൂപത്തില്‍ പുറത്തുവിടുന്ന നാനോകണങ്ങളെ ഗ്ലാസില്‍ ഉള്‍ക്കൊള്ളിക്കാനുള്ള പുതിയ വിദ്യവികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണത്തിലാണ്. ഇതോടെ വീടുകളുടെ ജനാലച്ചില്ലുകളും മറ്റും ടിവി സ്‌ക്രീനായി മാറുന്ന കാലം വന്നെത്തും എന്നു വേണം കരുതാന്‍
നാനോകണങ്ങളും ചില്ലുപാളികളും വേറെവേറെ നിര്‍മിച്ചശേഷം ഉയര്‍ന്ന താപനിലയില്‍ സംയോജിപ്പിക്കുന്ന ഈ രീതി ഡയറക്ട് ഡോപ്പിങ് എന്നറിയപ്പെടുന്നു. ഗ്ലാസിന്റെ നിര്‍മാണഘട്ടത്തില്‍തന്നെ നാനോകണങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നതാണ് നിലവിലുള്ള രീതി. പക്ഷേ ഗ്ലാസിന്റെ സുതാര്യത നഷ്ടപ്പെടാനും, ചിലയിടങ്ങളില്‍ മാത്രം കണങ്ങള്‍ കേന്ദ്രീകരിക്കപ്പെടാനും ഈ രീതി കാരണമാകും. ഈ പരിമിതികളെ മറികടക്കാന്‍ ഡയറക്ട ഡോപ്പിങ് രീതിക്ക് കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ഇതുവഴി സുതാര്യമായതും അതേസമയം പ്രകാശത്തോട് പ്രതികരിക്കുന്നതുമായ ഗ്ലാസ് നിര്‍മ്മിക്കാനാവും.
ആന്തരാവയവങ്ങളുടെ ചിത്രങ്ങള്‍ എടുക്കാനും,ത്രീഡി ഡിസ്‌പ്ലേകളിലും, അണുപ്രസരണം തിരിച്ചറിയാനുള്ള ന്യൂകഌയര്‍ സെന്‍സറുകളായും ജൈവകണങ്ങളെ തിരിച്ചറിയാന്‍ ബയോ സെന്‍സറുകളായുമൊക്കെ നാനോകണങ്ങള്‍ അടങ്ങിയ ഗ്ലാസ് ഉപയോഗിക്കാം. മസ്തിഷ്‌കത്തിലെ സവിശേഷ ന്യൂറോണുകളെ തിരിച്ചറിഞ്ഞ് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത്തരം ഗ്ലാസ്‌കൊണ്ടുണ്ടാക്കിയ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. ലേസര്‍ ഉപയോഗിച്ചുള്ള നിലവിലെ രീതിയെക്കാള്‍ ഏറെ സുരക്ഷിതമാകും ഇത്.
പ്രകാശത്തോട് പ്രതികരിക്കുന്നവ മാത്രമല്ല, കാന്തിക സ്വഭാവം ഉള്ളതും, ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്നതും ഒക്കെയായി പലതരം നാനോകണികകള്‍ ഇത്തരത്തില്‍ ഗ്ലാസുമായി സംയോജിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഇവയടങ്ങിയ ഗ്ലാസിനെ എളുപ്പത്തില്‍ നാര് രൂപത്തിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ ആയി മാറ്റാന്‍കഴിയും എന്നതും ഇതിന്റെ പ്രയോഗസാധ്യത കൂട്ടുന്നു.
https://www.facebook.com/Malayalivartha