ചരിത്ര സാധ്യതകളുമായി സോളാര്‍ ഇംപള്‍സ് 2
ആഗോളതാപനം, കാലാവസ്ഥാമാറ്റം തുടങ്ങിയ പാരിസ്ഥിതിക ഭീഷണികളില്‍ ഉലയുന്ന ലോകജനതയ്ക്ക് സൗരോര്‍ജത്തില്‍ സാദ്ധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് സോളാര്‍ ഇംപള്‍സ് 2 ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. 'മനുഷ്യരാശിക്ക് ഇത് ചരിത്രദിനമാണ്' ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രഖ്യാപിച്ചു.
'അസാധ്യമായത് നാം സാധ്യമാക്കി' എന്നാണ് വിമാനത്തിന്റെ അവസാനഘട്ടം പൂര്‍ത്തിയാക്കിയ സോളാര്‍ ഇംപള്‍സ് പദ്ധതി തലവന്‍ ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ് പറഞ്ഞത്. കെയ്‌റോയില്‍നിന്ന് ഞായറാഴ്ച പുറപ്പെട്ട വിമാനം 2763 കിലോമീറ്റര്‍ പറന്നാണ് അവസാനഘട്ടം പൂര്‍ത്തിയാക്കിയത്.
അബുദാബിയില്‍നിന്ന് 2015 മാര്‍ച്ച് ഒമ്ബതിനാണ് 'സോളാര്‍ ഇംപള്‍സ് 2' ചരിത്രയാത്ര ആരംഭിച്ചത്. 16 മാസത്തിനുശേഷം ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 5.35നാണ് അബുദാബിയിലെ അല്‍ ബാറ്റീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ സൗരോര്‍ജ വിമാനം തിരിച്ചെത്തിയത്. അമ്ബത്തെട്ടുകാരനായ പിക്കാര്‍ഡും അറുപത്തിമൂന്നുകാരനായ സ്വിസ് വ്യവസായിയും പൈലറ്റുമായ ആന്ദ്രേ ബോഷ്ബര്‍ഗുമാണ് മാറിമാറി വിമാനം പറത്തിയത്.
പലപ്പോഴും ഒമ്ബതിനായിരത്തോളം മീറ്റര്‍വരെ ഉയരത്തില്‍ സഞ്ചരിച്ചിരുന്ന സോളാര്‍ ഇംപള്‍സിന്റെ ശരാശരി വേഗം മണിക്കൂറില്‍ 45 കീലോമീറ്ററിനും 90 കിലോമീറ്ററിനും ഇടയിലായിരുന്നു.
ഒമാന്‍, ഇന്ത്യ,മ്യാന്‍മര്‍ , ചൈന, ജപ്പാന്‍ , യുഎസ്, സ്‌പെയിന്‍ , ഈജിപ്ത് എന്നീ രാജ്യങ്ങളിലായി 16 തവണ വിമാനം നിലത്തിറക്കി. ഇന്ത്യയില്‍ അഹമ്മദാബാദിലും വാരാണസിയിലും സോളാര്‍ ഇംപള്‍സ് ഇറങ്ങി. ജപ്പാനിലെ നഗോയയില്‍നിന്ന് പസഫിക് സമുദ്രത്തിനു മുകളിലൂടെ 8924 കിലോമീറ്റര്‍ പറന്ന് 118 മണിക്കൂറിനുശേഷം ഹവായിയില്‍ എത്തിയ യാത്ര ലോകറെക്കോഡായി.
അഞ്ച് പകലും അഞ്ച് രാത്രിയും വിമാനം പറത്തി ആന്ദ്രേ ബോഷ്ബര്‍ഗാണ് റെക്കോഡ് നേടിയത്. ന്യൂയോര്‍ക്കില്‍നിന്ന് സ്‌പെയിനിലെ സെവില്ലയിലേക്ക് അത്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെയുള്ള യാത്രയും നീണ്ടതായിരുന്നു. മൂന്നുദിവസമെടുത്തു സ്‌പെയിനില്‍ എത്താന്‍. അവസാനയാത്രയില്‍ കെയ്‌റോയില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ പുറപ്പെട്ട വിമാനമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ ചരിത്രംകുറിച്ച് ഇറങ്ങിയത്.
https://www.facebook.com/Malayalivartha