'അവ'ള്‍ ഉറങ്ങുകയായിരുന്നു .
ദൂരെ ഏതോ പാറയിടുക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു അവള്‍ .ഈ ഉറക്കം തുടങ്ങിയത് പക്ഷെ 3700 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നുമാത്രം.
3700 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ കാരണത്താല്‍ മരണപ്പെട്ട ആദ്യകാല വെങ്കല യുഗത്തിന്റെ അവശേഷിപ്പായ തലയോട്ടി 1987 ലാണ് മായ ഹൂലെ എന്ന ഗവേഷകക്ക് കിട്ടിയത്.തലയോട്ടിയില്‍ ഒരു സ്ത്രീരൂപം കല്‍പ്പിച്ച് 'അവ' എന്ന പേരിട്ടു .മായ ഹുലെ യുടെ പര്യവേഷകത്തിന്റെ പേരായ അകവാനിക് ബീകര്‍ ബ്യൂറിയല്‍ പ്രോജക്ടിന്റെ ചുരുക്കപ്പേരാണ് അവ. വെങ്കലയുഗത്തിലെ ബീക്കര്‍ വംശജരെപ്പറ്റിയുള്ള പഠനമാണ് പ്രോജക്ടിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായ ഗവേഷണത്തിനിടയിലാണ് ഈ തലയോട്ടി മായഹൂലേക്കും സഹ ശാസ്ത്രജ്ഞന്മാര്‍ക്കും കിട്ടുന്നത്. ബീക്കര്‍ സമുദായത്തില്‍ കണ്ടു വരുന്ന ജനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഈ തലയോട്ടി ഇവരില്‍ കൗതുകമുണര്‍ത്തി.സാങ്കേതിക വിദ്യയുടെയും കലയുടെയും സഹായത്തോടെ ഒരു സ്ത്രീയുടെ മുഖം സൃഷ്ടിച്ചെടുത്തിയിരിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍.ഫോറന്‍സിക് ആര്‍ട്ടിസ്റ്റായ ഹ്യൂ മോറിസണാണ് പുനഃസൃഷ്ടിയുടെ പിന്നില്‍. നഷ്ടപ്പെട്ടുപോയ കീഴ്ത്താടിയുടെ രൂപവും തൊലിയുടെയും മാംസത്തിന്റെയും ആഴവുമൊക്കെ ഒരു അന്ത്രോപോളജിക്കല്‍ ഫോര്‍മുല ഉപയോഗിച്ചാണ് പുനഃസൃഷ്ടിച്ചത്.പല്ലിന്റെ ഇനാമലിന്റെ സ്ഥിതിയും വായുടെ വീതിയുമൊക്കെ നോക്കിയാണ് ചുണ്ടിന്റെ രൂപകല്‍പ്പന ചെയ്തത്.സ്‌റ്റോക്ക് ഇമേജ് ഉപയോഗിച്ച് മുഖത്തിന്റെ മറ്റ് ഭാഗങ്ങളും ഉണ്ടാക്കിയശേഷം എല്ലാം അവസാനം കൂട്ടിയോജിപ്പിച്ചപ്പോള്‍ സുന്ദരിയായ 'അവ' പിറന്നു.
സാധാരണ പൊലീസ് കേസുകളിലും മറ്റും ആരുടേതാണെന്ന് തിരിച്ചറിയാത്ത തലയോട്ടിയും മറ്റിതര ഭാഗങ്ങളും ഇത്തരത്തില്‍ പുനഃസൃഷ്ടിക്കാറുണ്ടെങ്കിലും ആര്‍ട്ടിസ്റ്റിന്റെ ഭാവന ഇത്രയേറെ ആവശ്യമായി വരുന്ന ആര്‍ക്കിയോളജിക്കല്‍ പ്രൊജെക്ടുകള്‍ അതില്‍നിന്നു ഏറെ വ്യത്യസ്തമാണെന്നാണ് മോറിസണ്‍ പറയുന്നത്. ഈ വിഷയത്തിലുള്ള കൂടുതല്‍ അന്വേഷണം ഈ ജനസമൂഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്..
https://www.facebook.com/Malayalivartha