കോപ്പര്‍നിക്കസ് ഒരു ശാസ്‌ത്ര പ്രതിഭ
പ്രപഞ്ചകേന്ദ്രത്തില്‍ ഭൂമി നിശ്ചലമായി വര്‍ത്തിക്കുന്നു എന്ന അഭിപ്രായമാണ് പ്രാചീന ജ്യോതിശാസ്‌ത്രജ്ഞര്‍ പൊതുവെ പുലര്‍ത്തിപ്പോന്നത്. എ.ഡി. രണ്ടാം ശതകത്തില്‍ ടോളമി എന്ന ജ്യോതിശാസ്‌ത്രജ്ഞന്‍ ആവിഷ്‌ക്കരിച്ച ഈ സിദ്ധാന്തം ടോളമിയുടെ സിദ്ധാന്തമെന്നാണ് അറിയപ്പെട്ടിരുന്നത്. ഏതാണ്ടു പതിനാലു ശതാബ്‌ദത്തോളം ഈ സിദ്ധാന്തത്തിനാണു ലോകമൊട്ടുക്കും പ്രചാരവും അംഗീകാരവും സിദ്ധിച്ചത്.
എന്നാല്‍, ഭൂമിയാണു പ്രപഞ്ചകേന്ദ്രം എന്ന ടോളമിയുടെ സിദ്ധാന്തത്തെ തൂത്തെറിഞ്ഞുകൊണ്ടു തത്‌സ്ഥാനത്തു തന്റെ സൗരകേന്ദ്രീകൃത സിദ്ധാന്തത്തെ പ്രതിഷ്‌ഠിച്ചു, കോപ്പര്‍നിക്കസ്.
1473 ഫെബ്രുവരി 19 നു പോളണ്ടിലെ ടോറണ്‍ പട്ടണത്തില്‍ കോപ്പര്‍നിക്കസ് ജനിച്ചു. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കോപ്പര്‍നിക്കസിനെ മാതൃസഹോദരനാണു വളര്‍ത്തിയത്. ലഭ്യമായതില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം അവനു നല്‌കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പോളണ്ടിലെ സാംസ്‌കാരിക കേന്ദ്രമായിരുന്ന ക്രാക്കോവ് സര്‍വകലാശാലയില്‍ കോപ്പര്‍നിക്കസ് ഗണിതവും ജ്യോതിശാസ്‌ത്രവും അഭ്യസിച്ചു. 1496ല്‍ അദ്ദേഹം ഇറ്റലിയിലെ ബൊളോഞ്ഞാ സര്‍വകലാശാലയില്‍ ചേര്‍ന്നു. ക്രൈസ്‌തവ കാനോന്‍ നിയമം, ജ്യോതിശാസ്‌ത്രം, ഗണിതം എന്നിവയില്‍ ഉപരിപഠനം നടത്തി. പിന്നീടു പാദുവാ, ഫെറാറ സര്‍വകലാശാലകളില്‍ നിന്നും ഗ്രീക്ക് ഭാഷയും റോമന്‍ നിയമവും വൈദ്യശാസ്‌ത്രവും തത്വചിന്തയും പഠിച്ചു.
ജ്യോതിശാസ്‌ത്രപരമായ ഗവേഷണങ്ങളിലായിരുന്നു കോപ്പര്‍നിക്കസ് കൂടുതല്‍ താത്‌പര്യം കാണിച്ചിരുന്നത്. ബൊളോഞ്ഞായില്‍ വച്ച് അക്കാലത്തെ ഏറ്റവും പ്രശസ്‌ത ജ്യോതിശാസ്‌ത്രകാരനായ ഡൊമിനിക്കോ നൊമാറോയുടെ കീഴില്‍ പഠിക്കാന്‍ അവസരം കിട്ടി. ഇവിടെ നിന്നും ലഭിച്ച പരിശീലനമാണു കോപ്പര്‍നിക്കസിന്റെ ശാസ്‌ത്രചിന്തകളെ പരിപോഷിപ്പിച്ചത്. അക്കാലത്തു ലഭ്യമായിരുന്ന ജ്യോതിശാസ്‌ത്രഗ്രന്ഥങ്ങളത്രയും അദ്ദേഹം പഠിച്ചു. വാനനിരീക്ഷണ പരിശീലനവും നേടി. ഇക്കാലത്താണു ടോളമിയുടെ പ്രപഞ്ച മാതൃകയെപ്പറ്റി അദ്ദേഹത്തിനു സംശയം ഉദിക്കുന്നത്. പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്ന ടോളമിയുടെ സിദ്ധാന്തം പതിനാലു നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍, പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്നും സൂര്യനും മറ്റു ഗ്രഹങ്ങളും ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള സിദ്ധാന്തത്തെ കോപ്പര്‍നിക്കസ് തന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ തള്ളിക്കളഞ്ഞു. ടോളമിക്കു മുമ്പു പൈതഗോറസ്, അരിസ്റ്റാര്‍ക്കസ് എന്നിവര്‍ സൂര്യകേന്ദ്രസിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നു. സിസെറോ, പ്ലൂട്ടോര്‍ക്ക് എന്നിവരുടെ രചനകളിലും ഇതിനനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ, ഡൊമിനിക് നൊമാറോയും ഇതേ ആശയം പങ്കുവച്ചിരുന്നു. എന്നാല്‍, അവര്‍ക്കാര്‍ക്കും തന്നെ തങ്ങളുടെ വാദഗതിക്ക#് ഉപോദ്‌ബലകമായ, യുക്തിഭദ്രമായ വ്യാഖ്യാനങ്ങളോ തെളിവുകളോ നല്‌കാന്‍ കഴിയാതിരുന്നതിനാലായിരിക്കാം ഈ ശാസ്‌ത്രസത്യം അംഗീകരിക്കപ്പെടാതെ പോയത്. മാത്രമല്ല, നിലവിലിരിക്കുന്ന മതവിശ്വാസങ്ങള്‍ക്കെതിരാകുമെന്നതിനാല്‍ പ്രപഞ്ചത്തില്‍ ഭൂമിയുടെ അനന്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം മതമേധാവികള്‍ വച്ചുപൊറുപ്പിച്ചിരുന്നുമില്ല.
ദീര്‍ഘകാലത്തെ പര്യവേഷണങ്ങളുടെ ഫലമായി കോപ്പര്‍നിക്കസ് ഭൂമിയുടെ ചലനങ്ങളെപ്പറ്റി ചില നിഗമനങ്ങളിലെത്തി. നിരീക്ഷിക്കപ്പെടുന്ന ഒരു വസ്‌തുവിന്റെ സ്ഥാനമാറ്റം എന്ന തോന്നല്‍ നിരീക്ഷിത വസ്‌തുവിന്റെയോ നിരീക്ഷകന്റെയോ ചലനങ്ങള്‍ കൊണ്ടുണ്ടാകാം. ഭൂമിക്കു ചലനമുണ്ടെങ്കില്‍ അതു മനസ്സിലാക്കാന്‍ ഇതര ഗോളങ്ങളുടെ നിരീക്ഷണം സഹായിക്കും. ഭൂമി അവയെ കടന്നുചെല്ലുമ്പോള്‍ അവ ഭൂമിക്കെതിരായി ചലിക്കുന്നെന്ന തോന്നലായിരിക്കും ഭൂമിയിലുള്ളവര്‍ക്ക് ഉണ്ടാവുക. കപ്പല്‍ തുറമുഖം വിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിലുള്ള യാത്രക്കാര്‍ക്കു കര അവരെ വിട്ടകലുന്ന പ്രതീതിയാണുണ്ടാവുക. സ്ഥിര നക്ഷത്രങ്ങള്‍ക്കുള്ളതായി തോന്നുന്ന ചലനം-ദിവസേനയുളള പ്രദക്ഷിണചലനം- ഇത്തരത്തിലുള്ള ഒരു തോന്നലാകുന്നു. അതായതു ഭൂമിക്കാണു ചലനം, സ്ഥിരനക്ഷത്രത്തിനല്ല.
1514ല്‍ കോപ്പര്‍ നിക്കസ് തന്റെ സൗരകേന്ദ്രിത പ്രപഞ്ചമെന്ന സിദ്ധാന്തം വിശദമാക്കുന്ന ഒരു ലഘു പ്രബന്ധം പ്രസിദ്ധീകരിച്ചു. ടെലിസ്‌കോപ്പുകള്‍ പോലും ഇല്ലാതിരുന്ന അക്കാലത്ത് അദ്ദേഹം ഒരു വാനനിരീക്ഷണാലയം രൂപപ്പെടുത്തി നഭോഗോളങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങി. ടോളമിയുടെ വാദങ്ങളും കണക്കുകളും പൊരുത്തപ്പെടുന്നില്ല എന്നദ്ദേഹം കണ്ടെത്തി. ദീര്‍ഘമായ നിരീക്ഷണങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുശേഷം ഭൂമിയല്ല സൂര്യനാണു ഗ്രഹങ്ങളുടെ ഭ്രമണകേന്ദ്രമെന്ന് അദ്ദേഹം ഉറപ്പിച്ചു. എന്നാല്‍, തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹം ധൈര്യപ്പെട്ടില്ല. അംഗീകൃത വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞാല്‍ മതമേധാവികളുടെ വിരോധം സമ്പാദിക്കേണ്ടി വരുമെന്നു ഭയന്നായിരുന്നു അത്. തുടര്‍ന്നും പരീക്ഷണ-നിരീക്ഷണങ്ങളിലേര്‍പെട്ട കോപ്പര്‍നിക്കസ് 30 വര്‍ഷത്തെ പഠനങ്ങളുടെ വെളിച്ചത്തില്‍ സൗരയൂഥ സിദ്ധാന്തം ആവിഷ്‌ക്കരിച്ചു. ഈ കണ്ടെത്തലുകള്‍ അടങ്ങിയ ലാറ്റിന്‍ ഭാഷയിലുള്ള അദ്ദേഹത്തിന്റെ രചനയുടെ കൈയെഴുത്തുപ്രതി പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രാഗില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. പിന്നീട് 1543ല്‍ കോപ്പര്‍ നിക്കസ് അന്തരിച്ച അതേ വര്‍ഷമാണ് അതു പ്രസിദ്ധീകരിച്ചത്. ശാസ്‌ത്രമണ്ഡലത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്‌ടിച്ച കൃതിയാണു `ഗോള മണ്ഡലങ്ങളുടെ ഭ്രമണത്തെപ്പറ്റി' എന്ന ഈ ഗ്രന്ഥം. പ്രപഞ്ചത്തില്‍ കേന്ദ്രസ്ഥാനത്തു സൂര്യന്‍ സ്ഥിതിചെയ്യുന്നു എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള സൗരകേന്ദ്രിത പ്രപഞ്ച സംവിധാനം അഥവാ കോപ്പര്‍നിക്കസ് സംവിധാനം വിശദമായി പ്രതിപാദിച്ചിരിക്കയാണ് ഈ ഗ്രന്ഥത്തില്‍.
https://www.facebook.com/Malayalivartha