യുവാക്കൾക്കിടയിൽ സഹകരണം, അച്ചടക്കം, നേതൃ പാടവം, സാഹസികത എന്നിവ വളർത്തിയെടുക്കുന്നതിനു രൂപീകരിച്ച നാഷണൽ കേഡറ്റ് കോർ (എൻസിസി) സായുധ സേനയിലേക്കൊരു പാലം കൂടിയാണ്
യുവാക്കൾക്കിടയിൽ സഹകരണം, അച്ചടക്കം, നേതൃ പാടവം, സാഹസികത എന്നിവ വളർത്തിയെടുക്കുന്നതിനു രൂപീകരിച്ച നാഷണൽ കേഡറ്റ് കോർ (എൻസിസി) സായുധ സേനയിലേക്കൊരു പാലം കൂടിയാണ്. നിരവധി ആനുകൂല്യങ്ങളാണു കരിയറിലേക്കു ചുവടുവയ്ക്കുന്നവർക്കായി കാത്തിരിക്കുന്നത്.
പ്രതിരോധ സേവനം
എ ഗ്രേഡിലോ ബി ഗ്രേഡിലോ സി സർട്ടിഫിക്കറ്റ് പാസായി 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് പ്രതിരോധ സേനയിൽ കമ്മീഷൻ ലഭിക്കുവാൻ നിശ്ചിത എണ്ണം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
കരസേന: ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാഡമി (ഐഎംഎ) യിൽ എൻസിസി സി സർട്ടിഫിക്കറ്റുള്ള ആണ്കുട്ടികൾക്കായി ഓരോ കോഴ്സിലേക്കും 19 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ എൻസിസി സി സർട്ടിഫിക്കറ്റുള്ള ആണ്കുട്ടികൾക്ക്- 50, പെണ്കുട്ടികൾക്ക്- 04 സീറ്റുകൾ ഷോർട്ട് സർവീസ് കമ്മീഷനിലേക്ക് (നോണ് ടെക്നിക്കൽ) സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. എഴുത്തു പരീക്ഷയിൽ 20 മാർക്കുവരെ ബോണസും ലഭിക്കും.
നാവികസേന: ഓരോ കോഴ്സിലേക്കും ആറ് ഒഴിവുകൾ നാവിക സേനയുടെ സി സർട്ടിഫിക്കറ്റുള്ള ബിടെക് ബിരുദധാരികളായ ആണ്കുട്ടികൾക്ക് യുപിഎസ്സി പരീക്ഷ ഇല്ലാതെ സർവീസ് സെലക്ഷൻ ബോർഡ് കൂടിക്കാഴ്ച വഴി നേരിട്ട് പ്രവേശനം ലഭിക്കും. പ്രവേശന പരീക്ഷയിൽ അധിക മാർക്കും ലഭിക്കും (എ സർട്ടിഫിക്കറ്റ് :02, ബി സർട്ടിഫിക്കറ്റ് :04,സി സർട്ടിഫിക്കറ്റ് : 06 മാർക്ക്).
വായുസേന: ഫ്ളൈയിംഗ് ബ്രാഞ്ചിൽ (പെർമനന്റ് കമ്മീഷൻ) വായുസേനയുടെ സി സർട്ടിഫിക്കറ്റുള്ള ആണ്കുട്ടികൾക്ക് എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (എഎഫ്സിഎടി) എഴുതാതെ തന്നെ അപേക്ഷിക്കാം.
എസ്എസ്ബി കൂടിക്കാഴ്ച ഉണ്ടായിരിക്കും. ഫ്ളൈയിംഗ് ബ്രാഞ്ച് (ഷോർട്ട് സർവീസ്) ആൻഡ് ഗ്രൗണ്ട് ഡ്യൂട്ടീസ് എന്നിവയിൽ വായു സേനയുടെ സി സർട്ടിഫിക്കറ്റുള്ള ആണ്കുട്ടികൾക്കും, പെണ്കുട്ടികൾക്കും 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. എൻസിസി സർട്ടിഫിക്കറ്റുകൾ ഉള്ളവർക്കായി പൊതുപ്രവേശന പരീക്ഷയിൽ എ സർട്ടിഫിക്കറ്റ്- 02, ബി സർട്ടിഫിക്കറ്റ്- 03,സി സർട്ടിഫിക്കറ്റ്- 05 മാർക്ക് അധികമായി നൽകും.
സംസ്ഥാനത്തെ പോലീസ്, ജയിൽ, ഫോറസ്റ്റ്, എക്സൈസ്, ഫയർഫോഴ്സ് തുടങ്ങിയ യൂണിഫോം സർവീസുകളിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് എ, ബി, സി സർട്ടിഫിക്കറ്റുള്ളവർക്ക് യഥാക്രമം 2,3,5 ശതമാനം വെയ്റ്റേജ് മാർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അനുവദിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
മികച്ച കേഡറ്റുകൾക്കു പ്രത്യേക പുരസ്കാരങ്ങളും പ്രതിമാസം സ്കോളർഷിപ്പുകളും എൻസിസി നൽകുന്നുണ്ട്.
ജൂണിയർ, സീനിയർ ഡിവിഷനുകളായി ഈ സ്കോളർഷിപ്പുകൾ നൽകും. ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുന്ന എല്ലാ കേഡറ്റുകൾക്കും 1000 രൂപ വീതം ലഭിക്കും.
റിപ്പബ്ലിക് ദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്കും പ്രത്യേക പുരസ്കാരങ്ങളുമുണ്ട്. കൂടാതെ പർവതാരോഹണം, പാരചൂട് ട്രെയിനിംഗ്, പാരാസെയിലിംഗ് ഹെലിക്കോപ്ടർ സ്ലീതറിംഗ്, റാഫ്റ്റിംഗ്,മൈക്രോലൈറ്റ് ഫ്ളയിംഗ്,ഹാംഗ് ഗ്ലൈഡിംഗ്,കയാക്കിംഗ് മുതലായവയിൽ പങ്കെടുക്കുന്നതിനും പ്രത്യേക പാരിതോഷികങ്ങളുണ്ട്.
ഐഎംഎ/ഒടിഎ/എൻഡിഎ/എയർ ഫോഴ്സ്/നേവൽ അക്കാഡമികളിൽ ഏതെങ്കിലും അഡ്മിഷൻ ലഭിക്കുന്നവർക്ക് 1000 രൂപ ലഭിക്കും.
നാഷണൽ ഡിഫൻസ് അക്കാഡമിയിൽ അഡ്മിഷൻ കിട്ടുന്ന എല്ലാ കേഡറ്റുകൾക്കും പ്രതിമാസം 100 രൂപ വച്ച് മൂന്നു വർഷത്തേക്കും ലഭിക്കും.
ഐഎംഎ/ഒടിഎ/എഎഫ്എ/നേവൽ അക്കാഡമികളിൽ അഡ്മിഷൻ കിട്ടുന്ന കേഡറ്റിന് പ്രതിമാസം 150 രൂപ വച്ച് സ്റ്റൈപ്പന്ഡ് പരിശീലനം പൂർത്തിയാക്കുന്നതുവരെ ലഭിക്കും.
https://www.facebook.com/Malayalivartha