സൗദിഅറേബ്യയിൽ വിദേശികൾക്കും ആശ്രിത വിസയിലുള്ളവർക്കും ഏർപ്പെടുത്തിയ ലെവിയിൽ ജനുവരി ഒന്നുമുതൽ വൻ വർധന
സൗദിഅറേബ്യയിൽ വിദേശികൾക്കും ആശ്രിത വിസയിലുള്ളവർക്കും ഏർപ്പെടുത്തിയ ലെവിയിൽ ജനുവരി ഒന്നുമുതൽ വർധന ഉണ്ടാകും. വിദേശ തൊഴിലാളികൾക്ക് മാസം 600 റിയാലും (ഏകദേശം 11,123 രൂപ), ആശ്രിത വിസയിലുള്ളവർക്ക് മാസം 300 റിയാലും (ഏകദേശം 5561 രൂപ) ആയിരിക്കും ലെവി .
സ്വദേശികളെക്കാള്‍ കൂടുതൽ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശികൾക്ക് മാസം തോറും 400 റിയാലായിരുന്നു ലെവിയായി അടയ്‌ക്കേണ്ടിയിരുന്നത്. ഇതാണ് 600 റിയാലായി വർധിച്ചത് .
എന്നാൽ സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ വിദേശികൾ 500 റിയാൽ ലെവിയായി നല്‍കിയാൽ മതി . അഞ്ചില്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ല
2017-മുതലാണ് സൗദിയിൽ വിദേശ തൊഴിലാളികൾക്ക് മാസം 200 റിയാൽ (ഏകദേശം 3707 രൂപ) ലെവി ബാധകമാക്കിത്തുടങ്ങിയത്. 2018 ജനുവരിമുതൽ ഇത് മാസം 400 റിയാലായി (ഏകദേശം 7415 രൂപ) ഉയർത്തിയിരുന്നു.
2019 മുതൽ ലെവി 600 റിയാലായി ഉയർത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇതിൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികളുൾപ്പടെയുള്ള തൊഴിലാളികൾ. എന്നാൽ ഇതുസംബന്ധിച്ച് മറ്റു പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ വിദേശ തൊഴിലാളികളുടെ ലെവി മാസം 600 റിയാലായി ഉയരും എന്നുറപ്പായി .
വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി തുടരുന്നത് സംബന്ധിച്ച് പഠനം നടത്തി വരികയാണെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖുസൈബി അടുത്തിടെ അറിയിച്ചിരുന്നതിനാലാണ് ലെവി കുറയ്ക്കുമെന്ന പ്രതീക്ഷ തൊഴിലാളികളിൽ ഉണ്ടായത്.
ആശ്രിത ലെവി ഉൾപ്പടെ ലേവിയിനത്തിൽ കൂടുതൽ തുക അടയ്‌ക്കേണ്ടി വരുമെന്നതിനാൽ സൗദിയിൽ നിന്ന് ധാരാളം ആളുകൾ കുടുംബത്തെ കഴിഞ്ഞ വര്ഷം മുതൽ തന്നെ തിരിച്ചയക്കാൻ തുടങ്ങിയിരുന്നു. മാർച്ചു മാസത്തോടെ ഈ വർഷത്തെ അധ്യയന വർഷം അവസാനിക്കുമ്പോൾ കൂടുതൽ പേർ നാട്ടിലേക്ക് തിരിച്ചു പോരാടാനുള്ള തയ്യാറെടുപ്പിലാണ്. തിരിച്ചു പോരുന്ന പ്രവാസികളുടെ എണ്ണം കൂടിയാൽ സർക്കാർ പ്രതീക്ഷിച്ച വരുമാനം ലേവിയിനത്തിൽ കിട്ടാൻ സാധ്യതയില്ലെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് സൗദി ഗവണ്മെന്റിനു കൊടുത്തിട്ടുണ്ട് .
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിദേശികളുടെ ലെവി ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചു നല്‍കാന്‍ മന്ത്രി സഭാസമിതിയും ശുപാര്‍ശ ചെയ്തിരിന്നു. സൗദിയിൽ വിദേശ തൊഴിലാളികളുടെ മേല്‍ ഏർപ്പെടുത്തിയ ലെവി ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്നു ആസൂത്രണ കാര്യവകുപ്പു മന്ത്രി മുഹമ്മദ് അല്‍തുവൈജരിയും പറഞ്ഞിട്ടുണ്ട്
20 തൊഴിലാളികളില്‍ താഴെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവിയുടെ എണ്‍പത് ശതമാനം വരെ തിരിച്ചു നല്‍കാനാണ് മന്ത്രി സഭാസമിതി ശുപാര്‍ശ ചെയ്തിരുന്നത്. ഈ ശുപാര്‍ശ സൗദി ഗവണ്മെന്റ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ
https://www.facebook.com/Malayalivartha