വിദ്യാഭ്യാസവായ്പയെ ഇനി പേടിക്കേണ്ട; തിരിച്ചടവിനു സർക്കാർ സഹായഹസ്തം
വിദ്യാഭ്യാസവായ്പ തിരിച്ചടക്കാൻ നട്ടം തിരിയുന്നവർക്കായി കേരള ഗവൺമെന്റിന്റെ സഹായഹസ്തം. വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ വായ്പ തിരിച്ചടവ് സഹായപദ്ധതി നിലവിൽ വന്നു. സഹായം ലഭ്യമാകാനായി ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷിക്കുന്നതെങ്ങനെ
* www.elrs.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
*രജിസ്റ്റര്‍ചെയ്ത് ലോഗിന്‍ ചെയ്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം.
* തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ബാങ്കിന് സമര്‍പ്പിക്കണം.
* ഉപഭോക്താവിന്റെ വിഹിതം അടക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ വിഹിതം ബാങ്കിന് നല്‍കും.
സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നവർ ആരൊക്കെ:
* 2016 മാര്‍ച്ച് 31-നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷംവരെയുള്ള വായ്പകളുടെ അടിസ്ഥാനതുകയുടെ 60 ശതമാനത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കും. ബാക്കിയുള്ള 40 ശതമാനം പലിശ രഹിത വായ്പയായി കണക്കാക്കും. ഇത് വായ്പയെടുത്തയാള്‍ തന്നെ അടച്ചു തീർക്കേണ്ടതാണ്.
* നാലുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയുള്ള വായ്പ കുടിശ്ശികയുടെ 50 ശതമാനം വരെയും സര്‍ക്കാര്‍ വിഹിതമായി ലഭിക്കും.
*പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടമോ അസുഖമോ കാരണം ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ മുഴുവന്‍ തുകയും സര്‍ക്കാര്‍ തന്നെ വഹിക്കുന്നതാണ്.
*2016 മാര്‍ച്ച് ഒന്നിന് മുമ്പ് തിരിച്ചടവ് തുടങ്ങുകയും നിഷ്‌ക്രിയ ആസ്തിയായി മാറുകയും ചെയ്യാത്ത വായ്പകളുടെ തിരിച്ചടവിനും സർക്കാർ സഹായം ലഭ്യമാണ്. അതായത്, അടിസ്ഥാനവായ്പയും പലിശയും ചേര്‍ന്ന വാര്‍ഷിക തിരിച്ചടവ് തുക സര്‍ക്കാരും വായ്പയെടുത്തയാളും ചേർന്ന് തിരിച്ചടക്കേണ്ടതാണ്.
ഒന്നാംവര്‍ഷം 90 ശതമാനം സര്‍ക്കാര്‍ നല്‍കും. തുടര്‍ന്ന് 75, 50, 25 ശതമാനം വീതവും നല്‍കും. ബാക്കി തുക വായ്പയെടുത്ത ആള്‍ വഹിക്കും. നാലുവര്‍ഷമാണ് ഈ സഹായത്തിന്റെ കാലാവധിയായി കണക്കാക്കുന്നത്.
സഹായം ലഭ്യമാകാത്തവർ ആരൊക്കെ:
* ആറുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷികവരുമാനമുള്ളവര്‍
* നഴ്‌സിങ്ങിനൊഴികെയുള്ള മറ്റു കോഴ്‌സുകളിലെ മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ.ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍
* അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശിച്ചവര്‍
https://www.facebook.com/Malayalivartha