ആനിമേഷൻ: വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖല
വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖലയാണ് ആനിമേഷൻ.സ്വയംതൊഴിൽ കണ്ടെത്താനും അതിൽ മുന്നേറാനും ആനിമേഷൻ പഠനം സഹായിക്കും പുരാണങ്ങളും ഇതിഹാസങ്ങളും മുത്തശ്ശികഥകളുമാണ് എക്കാലത്തും ആനിമേഷന് ഇഷ്ടപ്പെട്ട വിഷയങ്ങൾ. അടുത്തിടെയായി സയൻസ് ഫിക്ഷൻ പോലുള്ള സാങ്കൽപിക കഥകളിലും ആനിമേഷൻ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. കാഴ്ചയുടെ വർണലോകത്തെക്ക്കാഴ്ചക്കാരെ കൊണ്ടുപോകുന്നതാണ് ആനിമേഷൻ മേഖല.
മുൻകാലങ്ങളിൽ കുട്ടികളെ മാത്രം മുന്നിൽ കണ്ടായിരുന്നു കലാ സൃഷ്ടികളും അനുബന്ധ പ്രവർത്തനങ്ങളും നടത്തിവരുന്നതെങ്കിൽ ഇന്ന് ആനിമേഷെൻറ പ്രവർത്തനവും പ്രയോഗവും മുതിർന്നവർ ഇടപെടുന്ന രംഗങ്ങളെയും കീഴ്പ്പെടുത്തിക്കഴിഞ്ഞു. പരസ്യ ചിത്രങ്ങൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, വിഡിയോ ഗെയിമുകൾ, വെബ്സൈറ്റുകൾ, പഠന അനുബന്ധിയായ സീഡികൾ എന്നിവയുടെ നിർമാണ രംഗങ്ങളിൽ ‘ആനിമേഷാൻ തരംഗം എത്തിക്കഴിഞ്ഞു. നമ്മുടെ ധാരണകൾക്കും ബുദ്ധിക്കും അപ്പുറത്ത് തീർത്തും വ്യത്യസ്തമായ സാങ്കൽപികകഥാപാത്രങ്ങളെ സൃഷ്ടിക്കാം എന്നതാണ് ആനിമേഷന്റെ ഏറ്റവും മികച്ച വശം
സ്വാഭാവികമായും വർത്തമാനകാല സാഹചര്യത്തിൽ കൂടിയ വളർച്ചനിരക്ക് കാണിക്കുന്ന കരിയർ മേഖലയാണ് ആനിമേഷൻ.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആനിമേഷൻ മേഖലയിൽ ഇന്ത്യക്ക് മേൽക്കൈയുണ്ട്. ഇംഗ്ലീഷ് ഭാഷാ നൈപുണ്യമുള്ള വലിയൊരു കൂട്ടം വിദഗ്ധരും മികച്ച സാങ്കേതികവിദ്യയുൾക്കൊള്ളുന്ന സ്റ്റുഡിയോകളുമാണ് ഇതിന്റെ പ്രധാന കാരണം. ഇതുകൂടാതെ ആനിമേഷനുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങൾ നടപ്പിലാക്കാൻ ഇന്ത്യയിൽ വളരെ കുറഞ്ഞ ചെലവേ ആവശ്യമുള്ളൂതാനും. വിവിധ ആനിമേഷൻ കമ്പനികളുടെ ജോലികൾ ഇന്ത്യയിലേക്ക് ധാരാളമായി ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നത് ഇതുകൊണ്ടാണ്.
നൂറുകണക്കിനാളുകൾ വിവിധ മേഖലകളിൽ നടത്തുന്ന ജോലികളുടെ പൂർണതയിലാണ് ഒരു ആനിമേഷൻ സീൻ പൂർത്തിയാകുന്നത്. സിനിമയുടെ ശാസ്ത്ര നിയമംതന്നെയാണ് ആനിമേഷന്റെ സൃഷ്ടിയിലും ഉൾചേർന്നിട്ടുള്ളത്. ആനിമിഷന്റെ പിതാവ് എന്ന് അറിയപ്പെടുന്ന വാൾട്ട് ഡിസ്നി രൂപംകൊടുത്തിട്ടുള്ള പ്രാഥമിക നിയമങ്ങളാണ് ഇന്നും ലോകത്തെവിടെയും ഉള്ള ആനിമേഷൻ പഠന സിലബസിലെ കേന്ദ്ര ആശയം
ഒരു ആനിമേഷൻ സീനിന്റെ നിർമ്മാണം പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകും: പ്രീ-പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ. ആനിമേഷൻ സീനിൽ നടക്കുന്ന വിവിധ പ്രക്രിയകളുടെ തീരുമാനങ്ങൾ എടുക്കുന്ന ഘട്ടമാണ് പ്രീ-പ്രൊഡക്ഷൻ. തിരക്കഥ, സ്റ്റോറിബോർഡ്, എൻവയോൺമെന്റ് ഡിസൈൻ, പ്രോപ് ഡിസൈൻ, ആനിമാറ്റിക്സ് എന്നിവയാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുന്ന പ്രധാന പ്രവൃത്തികൾ. പ്രൊഡക്ഷൻ ഘട്ടത്തിലേക്കെത്തുമ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിൽ പൂർത്തിയായ പ്രക്രിയകൾ നടപ്പാക്കപ്പെടുന്നു. ഇന്ത്യയിലെ ആനിമേഷൻ സ്റ്റുഡിയോകളിൽ നടക്കുന്നത് പ്രധാനമായും ഈ പ്രവർത്തനങ്ങളാണ്. ലേഔട്ട്, ക്യാരക്ടർ ഡിസൈനിംഗ്, പശ്ചാത്തലമൊരുക്കൽ, ആനിമേഷൻ, ഇൻ ബിറ്റ്വീനിംഗ്, ക്ലീൻ-അപ്, ഇങ്ക് പെയ്ന്റിംഗ്, കമ്പോസിറ്റിംഗ് എന്നിവ ഈ ഘട്ടത്തിൽ നടക്കുന്നു. പ്രൊഡക്ഷൻ ഘട്ടത്തിൽ പൂർത്തിയായ പ്രക്രിയകളിലേക്ക് കഥാപാത്രങ്ങളുടെ ശബ്ദം, ഗാനങ്ങൾ, വിവരണം എന്നിവ സംയോജിപ്പിക്കലാണ് പോസ്റ്റ് പ്രൊഡക്ഷനിൽ നടക്കുന്നത്. എഡിറ്റിംഗ് ആണ് ഈ ഘട്ടത്തിലെ പ്രധാനപ്പെട്ട മറ്റൊരു പ്രവർത്തനം. പ്രീ-പ്രൊഡക്ഷനിൽ ആസൂത്രണം ചെയ്തതുപോലെയാണ് പ്രൊഡക്ഷൻ പൂർത്തിയായിരിക്കുന്നത് എന്നും പോസ്റ്റ് പ്രൊഡക്ഷനിൽ ഉറപ്പുവരുത്തും.
ഒട്ടേറെ പേർ ചേർന്ന് പൂർത്തിയാക്കുന്ന ജോലിയാണ് ആനിമേഷൻ എന്നതിനാൽ ഈ മേഖലയിൽ ഏത് ഘട്ടത്തിൽ ജോലിയെടുക്കാനാണ് നിങ്ങൾക്ക് താൽപര്യം എന്നതാണ് പ്രധാനം. ഉദാഹരണമായി നിങ്ങൾ നല്ലൊരു ചിത്രകാരനാണെങ്കിൽ സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിൽ പ്രാവീണ്യം നേടാം. കൂടാതെ ലേഔട്ട്, ക്യാരക്ടർ ഡിസൈനിംഗ്, ഇൻബിറ്റ്വീനിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. നല്ല കളർ സെൻസും രംഗാവബോധവുമുണ്ടെങ്കിൽ പശ്ചാത്തലം ഡിസൈൻ ചെയ്യുന്നതിൽ വിദഗ്ധനാകാൻ സാധിക്കും. ഈ അഭിരുചികളും കഴിവുകളും ഉള്ളയാൾക്ക് വിവിധ ആനിമേഷൻ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ആനിമേഷൻ പ്രക്രിയകൾ പൂർത്തിയാക്കാനും സാധിക്കും.
ശബ്ദം, വിവരണം, ഗാനങ്ങൾ എന്നിവ നൽകാൻ ചിത്രകലയേക്കാളുപരി ശബ്ദവിന്യാസത്തിലും സംഗീതത്തിലുമുള്ള താൽപര്യമാണ് ആവശ്യം. അതുപോലെ വിവിധ പ്രക്രിയകളിലൂടെ പൂർത്തിയായ ആനിമേഷൻ സീനുകളെ വൃത്തിയാക്കുന്ന ക്ലീൻ-അപ് ആർട്ടിസ്റ്റാകാനും ചിത്രകാരനാകണമെന്നില്ല. പകരം നല്ലൊരു സോഫ്റ്റ്വെയർ ഉപയോഗിച്ച് തനിക്ക് ലഭിച്ച ജോലി ഭംഗിയായി പൂർത്തിയാക്കുക മാത്രമാണ് ഇവിടെ ചെയ്യേണ്ടത്. എന്തുതന്നെയായാലും ആനിമേഷൻ രംഗത്ത് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് നല്ല ഡിസൈൻ അഭിരുചിയുണ്ടായിരിക്കണമെന്നത് നിർബന്ധമാണ്.
ചുരുക്കിപ്പറഞ്ഞാൽ ചിത്രം വരക്കാനുള്ള കഴിവും അത്യാവശ്യം ഭാവനയും കൈമുതലായുണ്ടെങ്കിൽ ഈ രംഗത്ത് തിളങ്ങാം.
ആനിമേഷൻ പഠനത്തിന് താഴെ പറയുന്ന കോഴ്സുകൾ കേരളത്തിൽ ലഭ്യമാണ്.
സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, പി.ജി ഡിപ്ലോമ കോഴ്സുകൾ, ബി.എ ഡിഗ്രി കോഴ്സുകൾ, ബി.എസ്സി ഡിഗ്രി കോഴ്സുകൾ.
സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്നതിനാവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ബ്രാഞ്ചിൽ പ്ലസ് ടു ആണ്. എന്നാൽ, പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് വിഷയത്തിൽ ബിരുദം നേടിയിട്ടുണ്ടാകണം.
കേരളത്തിലെ പ്രധാന പഠന കേന്ദ്രങ്ങൾ
സി-ഡിറ്റ് -തിരുവനന്തപുരം: പ്രധാനമായും പി.ജി ഡിപ്ലോമ കോഴ്സുകൾ.
സെന്റ് ജോസഫ് കോളജ് ഒാഫ് കമ്യൂണിക്കേഷൻ, ചങ്ങനാശ്ശേരി:
ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ,
ഡി.സി സ്കൂൾ ഒാഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി, വാഗമൺ, ഇടുക്കി: ബി.എ. വിഷ്വൽ ആർട്സ്, എം.ഇ.എസ് കോളജ്, മാറമ്പിള്ളി, ആലുവ:
ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ശാന്തിഗിരി കോളജ് ഒാഫ് കമ്പ്യൂട്ടർ സയൻസസ്, വഴിത്തല, ഇടുക്കി: ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ മോഡൽ , തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളജ്, കാസർകോട്: ബി.എസ്സി വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്: ഡിപ്ലോമ ഇൻ ആനിമേഷൻ ആൻഡ് ആനിമേഷൻ എഫക്ട്സ്, എൽദോ മാർ ബസോലിയോസ് കോളജ്, കോതമംഗലം: ബി.എ ആനിമേഷൻ ആൻഡ് കമ്പ്യൂട്ടർ ഗ്രാഫിക്സ്, എം.എ ഗ്രാഫിക് ഡിസൈൻ, എം.എ ആനിമേഷൻ, സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി -കൊടുങ്ങല്ലൂർ, കെൽട്രോൺ ആനിമേഷൻ കാമ്പസ് -തൃശൂർ: ഡിപ്ലോമ ഇൻ 3ഡി ആനിമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക് ഡിസൈൻ, അരിന ആനിമേഷൻ അക്കാദമി, തിരുവനന്തപുരം:
ഷോർട്ട്ടേം കോഴ്സുകൾ, ഡിപ്ലോമ, ബി.എസ്സി മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ.
സിനിമയിലും അനുബന്ധ രംഗങ്ങളിലും പരസ്യ ചിത്രങ്ങളുടെ നിർമാണത്തിലും വിദ്യാഭ്യാസ അനുബന്ധ സീഡികളുടെ നിർമാണങ്ങളിലും ഏർപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ ആനിമേഷൻ കമ്പനികളിലും സ്ഥാപനങ്ങളിലും ആനിമേഷൻ കോഴ്സ് പഠിച്ച് പ്രാവീണ്യം തെളിയിച്ചവർക്ക് തൊഴിൽ ലഭിക്കും. .
https://www.facebook.com/Malayalivartha