91-ാം വയസ്സില്‍ ബിരുദം നേടിയ കിംലാന്‍ ജിനാകുല്‍ മുത്തശ്ശി
പഠിക്കുന്നതിനു പ്രായമുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. മക്കളെയൊക്കെ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും ഡോക്ടറേറ്റിനുമൊക്കെ പഠിപ്പിച്ചതിനുശേഷം വീണ്ടും പാഠപുസ്തകങ്ങളിലേക്ക് മടങ്ങിയ മുത്തശ്ശി നീണ്ട 19 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 91-ാം വയസ്സില്‍ ബിരുദം നേടി. തായ്‌ലന്‍ഡിലാണ് സംഭവം. കിംലാന്‍ ജിനാകുല്‍ എന്നാണ് ഈ മിടുക്കി മുത്തശ്ശിയുടെ പേര്.
മക്കളെയൊക്കെ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും ഡോക്ടറേറ്റിനുമൊക്കെ പഠിപ്പിച്ചു. മക്കളെല്ലാം പഠിച്ച് ഒരു നിലയിലെത്തിയ ശേഷം ആ അമ്മ വീണ്ടും പുസ്തകങ്ങളുമായി പഠിക്കാന്‍ തുടങ്ങി . 19 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 91-ാം വയസ്സില്‍ ബിരുദം നേടുകയും ചെയ്തു.
തായ്‌ലന്‍ഡിന്റെ വടക്ക് ഭാഗത്തുള്ള ലാംപാങ്ങ് പ്രവിശ്യയില്‍ നിന്നുള്ള കിംലാന്‍ സ്‌കൂളില്‍ മികച്ച വിദ്യാർഥിനിയായിരുന്നു. പക്ഷേ, കുടുംബം ബാങ്കോക്കിലേക്ക് കുടിയേറുകയും കിംലാന്‍ വിവാഹിതയാവുകയും ചെയ്തതോടെ പഠിക്കുകയെന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. തനിക്ക് കിട്ടാത്ത വിദ്യാഭ്യാസം മക്കള്‍ക്കു നല്‍കുന്നതിലായി പിന്നെ ശ്രദ്ധ. അങ്ങനെ അഞ്ചു മക്കളില്‍ നാലു പേരും ബിരുദാനന്തരബിരുദകാരായി. കൂട്ടത്തിലൊരാള്‍ അമേരിക്കയില്‍ പോയി ഡോക്ടറേറ്റും സ്വന്തമാക്കി.
കുട്ടികള്‍ക്കു പഠനത്തോടുള്ള ആവേശം കണ്ടാണ് കിംലാനും വീണ്ടും പഠിച്ചാലെന്താ എന്ന ചിന്ത വന്നത്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന പെണ്‍മക്കളിലൊരാള്‍ സുഖോതായ് തമ്മതിരാത് യൂണിവേഴ്‌സിറ്റിയില്‍ കോഴ്‌സിനു ചേര്‍ന്നപ്പോള്‍ കിംലാനും ഒപ്പം ചേര്‍ന്നു. അന്ന് കിംലാന് പ്രായം 72 വയസ്സ്.
പക്ഷേ, വിധി ഈ മുത്തശ്ശിക്ക് മുന്നില്‍ പ്രതിബന്ധമായി വന്നത് മരണത്തിന്റെ രൂപത്തിലാണ്. പെണ്‍മക്കളിലൊരാളുടെ മരണം കിംലാനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. അതോടെ കുറേ വര്‍ഷത്തേക്കു പഠനം വീണ്ടും തടസ്സപ്പെട്ടു. 85-ാം വയസ്സിലാണ് പഠനത്തില്‍ വീണ്ടുമൊരു കൈ നോക്കാന്‍ ഇറങ്ങുന്നത്. ഇക്കുറി ഹ്യൂമന്‍ ഇക്കോളജി ആയിരുന്നു വിഷയം.
രാവിലെ എണീറ്റ്, ബുദ്ധ ഭിക്ഷുക്കള്‍ക്കു ഭിക്ഷ നല്‍കി, സമീപത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശനവും നടത്തിയ ശേഷമാണ് കിംലാന്‍ പഠിക്കാനിരുന്നത്. പ്രായം ശരീരത്തെ ബാധിച്ചു തുടങ്ങിയെങ്കിലും മനസ്സ് അപ്പോഴും ഉണര്‍ന്നിരുന്നതായി കിംലാന്‍ പറയുന്നു. പഠിക്കാനുള്ള പ്രധാന പോയിന്റുകള്‍ മാര്‍ക്ക് ചെയ്തു വച്ചും ഇടയ്ക്ക് റിവൈസ് ചെയ്തും പഠനം മുന്നേറി. ഇടയ്ക്ക് ചില വിഷയങ്ങള്‍ ജയിച്ചു. ചിലത് പരാജയപ്പെട്ടു. പക്ഷേ, മനസ്സ് മടുക്കാതെ വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു.
ഒടുവില്‍ പ്രായം സുല്ലിട്ട് മാറിനിന്നു . കിംലാന്‍ വിജയകരമായി ബിരുദപഠനം പൂര്‍ത്തിയാക്കി. തന്റെ മകളുടെ ആത്മാവ് ഈ വിജയം കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്ന് കിംലാന്‍ മുത്തശ്ശി പറയുന്നു.
https://www.facebook.com/Malayalivartha