സംസ്ഥാനത്ത് 46,190 പ്ലസ് വൺ സീറ്റുകളിൽ പഠിക്കാൻ വിദ്യാർഥികൾ ഇല്ലാതിരിക്കെ രണ്ടു ഹയർസെക്കൻഡറി സ്കൂളുകളും കൂടി പുതിയതായി അനുവദിച്ചു
സംസ്ഥാനത്ത് 46,190 പ്ലസ് വൺ സീറ്റുകളിൽ പഠിക്കാൻ വിദ്യാർഥികൾ ഇല്ലാതിരിക്കെ രണ്ടു ഹയർസെക്കൻഡറി സ്കൂളുകളും കൂടി പുതിയതായി അനുവദിച്ചുവെന്നു വിവരാവകാശ രേഖയിൽ പുറത്തു വന്നു .ഇതിനിടെ 368 വിദ്യാർഥികൾക്ക് പ്രത്യേക സർക്കാർ ഉത്തരവിലൂടെ സംസ്ഥാനത്തൊട്ടാകെയുള്ള പ്രധാന സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം നൽകുകയും ചെയ്തു.
ഒരു എയ്ഡഡ് സ്കൂളും ഒരു ഗവൺമെന്റ് റസിഡൻഷ്യൽ സ്കൂളുമാണ് സർക്കാർ അനുവദിച്ചത് എന്ന് വിവരാവകാശ രേഖ .തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ ശ്രീ സേതു പാർവതിബായി ഹയർസെക്കൻഡറി സ്കൂൾ,പാലക്കാട് കുഴൽമന്ദം നടുവത്തപ്പാറ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് ഇവ.കേരളമൊട്ടാകെ പ്ലസ് വൺ ക്ലാസുകളിൽ 13,606 മെറിറ്റ് സീറ്റും 3,914 മാനേജ്മെന്റ് സീറ്റും 3,144 കമ്യൂണിറ്റി സീറ്റും 25,526 അൺഎയ്ഡഡ് സീറ്റുമാണ് ഒഴിഞ്ഞു കിടക്കുന്നത്.സിബിഎസ്ഇ,ഐസിഎസ്ഇ സിലബസുകളിൽ പത്താം ക്ലാസ് പാസായ 40,395 വിദ്യാർഥികൾ കേരള ഹയർസെക്കൻഡറിയിൽ ചേർന്നിട്ടുണ്ട്.ഇതിൽ 37,035 പേർ സിബിഎസ്ഇ സിലബസിൽ പഠിച്ചവരും 3360 പേർ ഐസിഎസ്ഇ സിലബസിൽ പഠിച്ചവരുമാണ്.
സംസ്ഥാനത്ത് 2017–18 അധ്യയന വർഷം 14 ജില്ലകളിലായി 5,13,427 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്.ഇതിൽ 3,79,583 പേർക്കു പ്രവേശനം ലഭിച്ചു.മെറിറ്റിൽ 2,84,811 പേരും മാനേജ്മെന്റ് സീറ്റിൽ 42,148 പേരും കമ്യൂണിറ്റി സീറ്റിൽ 22,507 പേരുമാണ് പ്രവേശനം നേടിയത്.അൺഎയ്ഡഡ് സ്കൂളുകളിൽ 30,117 കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചു.ഇതിനു ശേഷമാണ് 46,190 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതെന്ന് എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജിനു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.അക്കാദമിക് വർഷം അവസാനിക്കുന്ന ഘട്ടത്തിലാണ് ഈ കണക്കുകൾ അധികൃതർ പുറത്തു വിട്ടത്.
സ്ഥിതി ഇങ്ങനെയാണെങ്കിലും ഏകജാലകത്തിനു പുറത്ത് 368 വിദ്യാർഥികളെ പ്രധാന സ്കൂളുകളിലായി സർക്കാർ ഉത്തരവിലൂടെ പ്രവേശിപ്പിക്കുകയും ചെയ്തു.തിരുവനന്തപുരത്താണ് ഏറ്റവുമധികം കുട്ടികളെ ഇങ്ങനെ പ്രവേശിപ്പിച്ചത്. 87 പേർ.രണ്ടാം സ്ഥാനത്തു കൊല്ലം. 55. പത്തനംതിട്ട ഒന്ന്,ആലപ്പുഴ 14, കോട്ടയം 8, ഇടുക്കി 18,എറണാകുളം 17,തൃശൂർ 17,പാലക്കാട് 23,കോഴിക്കോട് 35,മലപ്പുറം 40,വയനാട് 17,കണ്ണൂർ 15,കാസർകോട് 21 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വിദ്യാർഥികളുടെ എണ്ണം.
https://www.facebook.com/Malayalivartha