ദത്തുപുത്രിയെങ്കിലും ഇവള്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവള്‍...
പണമുള്ളവര്‍ക്ക് തെരുവിന്റെ മക്കളെ എന്നും പുച്ഛമാണ്. ട്രാഫിക് സിഗ്നല്‍ കാത്ത് എസി കാറില്‍ ഇരിക്കുമ്പോള്‍, ഒരു നേരത്തെ വിശപ്പടക്കാന്‍ കാറിനടുത്തേയ്ക്ക് ഓടിയെത്തുന്ന കുഞ്ഞുങ്ങളെ അവജ്ഞയോടെ നോക്കുന്നവരുടെ ദൃശ്യങ്ങള്‍ സിനിമയില്‍ നാം കാണാറുള്ളതാണ്. പലപ്പോഴും ഇത്തരം ദൃശ്യങ്ങള്‍ ജീവിതത്തിലും നമ്മെ നൊമ്പരപ്പെടുത്താറുണ്ട്. തെരുവില്‍ ആരുമില്ലാതായിപ്പോകുന്ന കുഞ്ഞുങ്ങളെ നോക്കി സഹതപിച്ച് യാത്ര തുടരുന്നവരാണ് എല്ലാവരും.
അത്തരക്കാരില്‍ നിന്ന് ചിലര്‍ വ്യത്യസ്ഥമാകാറുണ്ട്. അക്കൂട്ടത്തില്‍പ്പെടുത്താം നമ്മുടെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ മാതാപിതാക്കളായ സലിം ഖാനെയും സല്‍മാ ഖാനെയും. ഒരിക്കല്‍ മുംബൈ തെരുവിലൂടെ കാറില്‍ പോയപ്പോള്‍ റോഡില്‍ മരിച്ചു കിടക്കുന്ന അമ്മയുടെ അടുത്ത് കരഞ്ഞു തളര്‍ന്നുവീണ പിഞ്ചുകുഞ്ഞിനെ അവര്‍ കണ്ടു. സല്‍മാ ഖാന്‍ ഓടിച്ചെന്ന് ആ കുഞ്ഞിനെ മാറോടു ചേര്‍ത്തു. അവള്‍ക്ക് മരിച്ചുകിടക്കുന്ന അമ്മയല്ലാതെ മറ്റാരുമില്ലെന്നറിഞ്ഞപ്പോള്‍ ആ മാതാപിതാക്കള്‍ അവളെ പിന്നെ താഴെ വച്ചില്ല. അവര്‍ അന്ന് തെരുവില്‍ നിന്ന് എടുത്ത ആ കുഞ്ഞാണ് അര്‍പിത ഖാന്‍ എന്ന അവരുടെ മകള്‍.
കുഞ്ഞനുജത്തിയായി സല്‍മാനും സൊഹൈലും അര്‍ബാസും അവളെ കൊണ്ടു നടന്നു. ഇപ്പോഴും ഈ സഹോദരന്‍മാര്‍ക്ക് അച്ഛന്റെയും അമ്മെയുടെയും ഒപ്പം പ്രിയപ്പെട്ടവളാണ് അര്‍പിത. സഹോദരിക്ക് തങ്ങളുടെ നിറമോ ഛായയോ ഇല്ലല്ലോ എന്നു ചോദിക്കുന്നവരോട് ഈ സഹോദരന്‍മാര്‍ പറയുന്നത് അവളേക്കാള്‍ പ്രിയപ്പെട്ടത് ഞങ്ങള്‍ക്ക് മറ്റൊന്നുമില്ലെന്നാണ്. ഈ മറുപടിയുടെ മുന്‍പില്‍ എല്ലാവരും തോറ്റു പിന്‍മാറും.
കുടുംബത്തിലെ എല്ലാവരും ബോളിവുഡില്‍ തകര്‍ക്കുമ്പോഴും അര്‍പിത സിനിമയുടെ ഗ്ലാമര്‍ ലോകത്തേയ്ക്ക് എത്തിയില്ല. അതു തന്നെയാകും അവര്‍ മാധ്യമങ്ങളില്‍ നിന്ന് അകന്നു നിന്നതും. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിലെ സംസാരവിഷയം അര്‍പിതയാണ്. പൊടിപൊടിച്ചു നടത്താന്‍ സല്ലു കുടുംബം പ്ലാന്‍ ഇട്ടിരിക്കുന്ന അര്‍പ്പിതയുടെ കല്യാണമാണ് ചര്‍ച്ച. കോടികള്‍ മുടക്കിയാണ് സല്ലുവും കുടുംബവും അര്‍പിതയുടെ വിവാഹം പൊടിപൊടിക്കുന്നത്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫാഷനില്‍നിന്ന് ഉന്നത ബിരുദം നേടിയ അര്‍പിത മുംബൈയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിനു വേണ്ടി ജോലി ചെയ്യുകയാണ്. അതേസമയം അര്‍പിതയുടെ പ്രതിശ്രുത വരന്‍ ആയുഷ് ശര്‍മ്മ ബോളിവുഡ് സ്വപ്നങ്ങള്‍ താലോലിക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെ വ്യവസായിയുടെ മകനാണ് ആയുഷ്.
ഹൈദ്രബാദില്‍ നടക്കുന്ന വിവാഹം ബോളിവുഡില്‍ അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ താരവിവാഹമായി മാറ്റാനുള്ള ഒരുക്കത്തിലാണ് സല്‍മാന്‍ ഖാനും കുടുംബവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha