ടി പിയെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം ഒക്‌ടോബറില്‍
കൊല്ലപ്പെട്ട ആര്‍. എം. പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പറയുന്ന 'സഖാവ് ടി.പി. 51 വയസ്സ്, 51 വെട്ട്' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ഒക്‌ടോബറില്‍ ആരംഭിക്കും. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ മൊയ്‌തു താഴത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒഞ്ചിയത്തും വടകരയിലും, കണ്ണൂരിലും ആയിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. ടി.പി.യായി അഭിനയിക്കുന്നത് വടകര സ്വദേശി രമേശനാണ്. ടി.പി. യുടെ രൂപ സാദൃശ്യമുള്ള വ്യക്തി എന്ന നിലയിലാണ് രമേശിനെ ആ വേഷത്തിനായി തെരഞ്ഞെടുത്തത്.
ടി. പി ഉയര്‍ത്തിപ്പിടിച്ച സുതാര്യമായ രാഷ്‌ട്രീയ ജീവിതത്തിന്റെ കഥയാണിത്. ടി.പിയുടെ ദാമ്പത്യ ജീവിതം, കുടുംബ ജീവിതം എന്നിവ ചിത്രത്തില്‍ വിഷയമാണെന്നും സംവിധായകന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കമ്മ്യൂണിസ്റ്റുകാരന്‍ കമ്മ്യൂണിസ്റ്റുകാരനാല്‍ കൊല്ലപ്പെടുന്ന സംഭവം എന്ന നിലയിലാണ് ചിത്രമെടുക്കാന്‍ താല്‍പര്യപ്പെട്ടത്. സാത്വികനായ കമ്മ്യൂണിസ്റ്റുകാരനെ കൊന്നതുകൊണ്ട് എന്ത് ലാഭം നേടിയെന്നും മൊയ്‌തുതാഴത്ത് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ദേവന്‍, സബിതാആനന്ദ്, രാഹുല്‍മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ജലീല്‍ ബാദുഷയാണ് ഛായാഗ്രാഹകന്‍, മുരളി ഏറാമാല കലാസംവിധാനം നിര്‍വഹിക്കുന്നു. സുറാസ് വിഷ്വല്‍മീഡിയയുടെ ബാനറില്‍ പത്തോളം സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha