സീരിയൽ കാണുന്നവർ മണ്ടന്മാരോ?; സിനിമകൾ വിമർശിക്കപ്പെടുന്ന പോലെ സീരിയലുകൾ വിമർശിക്കപ്പെട്ടാൽ മികച്ച സീരിയലുകൾ ഉണ്ടാകില്ലേ?; കണ്ണടച്ച് കുറ്റപ്പെടുത്താതെ ഇതൊന്ന് കണ്ടുനോക്ക്;ആദ്യമായി മലയാളം സീരിയലുകളെ പുഴുങ്ങാൻ ഒരവസരം!
മലയാളികളുടെ സ്വീകരണ മുറിയിൽ ഇന്നും സ്ഥാനമുറപ്പിച്ചിട്ടുള്ള ഒന്നാണ് ടെലിവിഷൻ. പരിപാടികളും പരമ്പരകളും. കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു ആസ്വദിക്കാം എന്നതാണ് ഇന്നും ഇതിന്റെ ഗുണം. ദിനംപ്രതി റേറ്റിങ് കൂടിക്കൊണ്ടിരിക്കുന്ന സീരിയലുകൾക്ക് പക്ഷെ ഇന്നും സമൂഹത്തിൽ കുറ്റപ്പെടുത്തലുകളാണ്. പലരും സീരിയലുകളും പരിപാടികളും ഒന്നും കാണുക പോലും ചെയ്യാതെ വെറുതെയങ്ങ് കുറ്റം പറയും , മറ്റുചിലർ കാണാറുണ്ട്... കണ്ട് ആസ്വദിക്കാറുണ്ട്, എന്നിട്ട് വെറുതെ കുറ്റപ്പെടുത്തലുകൾ നടത്തും. എല്ലാവരും കുറ്റം പറയുന്നു അപ്പോൾ നമ്മൾ ഇനി കുറ്റം പറഞ്ഞില്ലെങ്കിൽ മോശമല്ലേ എന്നൊക്കെ ചിന്തിക്കും.
എപ്പോഴും ഒരു കാര്യത്തെ വിമർശിക്കുമ്പോൾ നമ്മൾ അതെന്തെന്ന് അറിഞ്ഞിരിക്കണം. ഇനി ഒരു കാര്യത്തെ തിരുത്തണമെങ്കിൽ നമ്മളും അതിന്റെ ഭാഗമായിരിക്കണം. ആ ഒരു ഉദ്ദേശത്തോടെ നമ്മൾക്കും ടെലിവിഷൻ പരിപാടികളുടെയും പരമ്പരകളുടെയും ഭാഗമായി നോക്കാം.
ഇങ്ങനെ ഒരു ടോപ്പിക്കിലേക്ക് നയിച്ച ഒരു കാര്യം ഇക്കഴിഞ്ഞ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സീരിയലുകളായി ഒന്നുമില്ല എന്ന ജൂറിയുടെ നിരീക്ഷണം കൂടിയാണ്. വാർത്ത വന്നശേഷം സമൂഹ മാധ്യമങ്ങൾ സീരിയലുകളെ പഞ്ഞിക്കിടുന്നതും അന്ന് നമ്മൾ കണ്ടതാണ്. ഈ സീരിയലുകൾ അത്ര പെശകാണോ..? അപ്പോൾ സീരിയൽ നടന്മാരും നടിമാരുമൊക്കെ എന്താ മോശമാണോ? ഒന്നുമല്ല... സംഭവം മറ്റെല്ലാ വിനോദങ്ങളും പോലെത്തന്നെയാണ് സീരിയലുകളും. എന്നാൽ, സിനിമകൾക്ക് കിട്ടുന്നപോലത്തെ വിമർശനങ്ങൾ പലപ്പോഴും സീരിയലുകൾക്ക് കിട്ടാറില്ല... അവിടെ ട്രോളുകളും പരിഹാസങ്ങളും മാത്രമാണ് കിട്ടുന്നത്.
അതിൽ നിന്നും ചെറിയ ഒരു വ്യത്യാസം.. നമുക്കിവിടെ സീരിയൽ വിശേഷങ്ങളും സീരിയലുകളുടെ കഥയും പ്രേക്ഷകരുടെ വിലയിരുത്തലുകളും ടെലിവിഷൻ പരിപാടികളെ കുറിച്ചും ഒപ്പം ചെറിയ ക്രിട്ടിസിസവും കൂടി ഉൾപ്പെടുത്താം.
പൊതുവെ ഏഷ്യാനെറ്റ് സീരിയലുകൾക്കാണ് പ്രേക്ഷകർക്കിടയിൽ പ്രചാരണം കൂടുതൽ. കുടുംബവിളക്ക് സാന്ത്വനം അമ്മയറിയാതെ കൂടെവിടെ മൗനരാഗം തൂവൽസ്പർശം സസ്നേഹം തുടങ്ങി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സീരിയലുകളും കോമഡി സ്റ്റാഴ്സ് ... സ്റ്റാർട്ട് മ്യുസിക്ക് വാൽക്കണ്ണാടി എന്നിങ്ങനെ നിരവധി പ്രോഗ്രാമുകളും ഉണ്ട്... ഇതുകൂടാതെ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ഷോ എന്ന ഖ്യാതി നേടിയ ബിഗ് ബോസ് ഷോയും ഏഷ്യാനെറ്റ് ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
മലയാളം സീരിയലുകൾക്ക് എല്ലാ ചാനലുകളും ഇടം കൊടുക്കുന്നുണ്ട്. സൂര്യ ടി വി സീ കേരളം മഴവിൽ മനോരമ ഫ്ലവർസ് എന്നിങ്ങനെ മലയാളം ചാനലുകൾ എല്ലാം കുടുംബപ്രേക്ഷകരുടെ സ്ഥിര വിനോദ ചാനലുകളാണ്.
അപ്പോൾ ഇനി നമുക്ക് സീരിയലുകളിലേക്കും പരുപാടികളിലേക്കും കടക്കാം... നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും എല്ലാം ചേർത്തുകൊണ്ടാണ് ഞാൻ എത്തുക. അപ്പോൾ നിങ്ങളും എനിക്കൊപ്പം ഉണ്ടാകണം.
https://www.facebook.com/Malayalivartha