കളിമണ്ണിന്റെ പ്രദര്‍ശനം തടയാനാകില്ലെന്ന് ഹൈക്കോടതി
ബ്ലസിയുടെ കളിമണ്ണിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തില്‍ നായികയായി അഭിനയിച്ച ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ച് സിനിമയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണെന്നും ഇത്തരം രംഗങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയിരുന്നത്. സിനിമയ്‌ക്ക് വേണ്ടി ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും സ്‌ത്രീത്വത്തെ അപമാനിക്കലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചീഫ് ജസ്റ്റിസ് മഞ്‌ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളി.
സിനിമ കാണാതെയാണ് ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ യു-എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിയന്ത്രണമുണ്ട്. മാത്രമല്ല സിനിമയില്‍ അഭിനയിച്ച ശ്വേതാമേനോന്‍ ഇതിന് പൂര്‍ണ്ണ അനുമതി നല്‍കിയെന്നും അതിനാല്‍ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
സിനിമയിലെ പ്രസവരംഗം ഒഴിവാക്കി പുനര്‍സെന്‍സറിംഗ് നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. പീരുമേട് സ്വദേശി ഗിന്നസ് മാടസ്വാമിയാണ് ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha