നാല്‍പ്പത് സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങാനാളില്ല
നിലവാരമില്ലാത്ത നാല്‍പ്പതോളം മലയാള സിനിമകളുടെ സാറ്റലൈറ്റ് അവകാശം വാങ്ങാനാളില്ല. തിയറ്ററുകളില്‍ മികവു പുലര്‍ത്താത്ത ചിത്രങ്ങളുടെ റൈറ്റ് വാങ്ങണ്ടെന്ന് ചാനല്‍ സംഘടനകള്‍ തീരുമാനം എടുത്തതോടെയാണ് തട്ടിക്കൂട്ട് സിനിമകളുമായി ഇറങ്ങിയവര്‍ക്ക് തിരിച്ചടിയായത്. 72 മോഡല്‍, ലിസമ്മയുടെ വീട്, ടൂറിസ്‌റ്റ്‌ഹോം, സണ്‍ ഓഫ് പീലിപ്പോസ്, പതിനൊന്നില്‍ വ്യാഴം, വല്ലാത്ത പഹയന്‍ തുടങ്ങിയ നാല്‍പ്പതോളം സിനിമകളുടെ സാറ്റലൈറ്റാണ് വിറ്റുപോകാത്തത്. തിയറ്ററുകളില്‍ നിന്ന് കളക്ഷന്‍ നേടാഞ്ഞ ഇവയ്‌ക്ക് സാറ്റലൈറ്റും കിട്ടാതായതോടെ നിര്‍മാതാക്കള്‍ക്ക് കോടിക്കണക്കിന് രൂപയാണ് നഷ്ടം വന്നത്.
എന്നാല്‍ താരസാനിധ്യവും നല്ല സംവിധായകരും ഇല്ലാതെ അണിയറയില്‍ ഒരുങ്ങുന്ന സിനിമകളുടെ സാറ്റലൈറ്റും ആരും വാങ്ങുന്നില്ല. സാറ്റലൈറ്റ് റൈറ്റിനെ അമിതമായി ആശ്രയിച്ചാണ് മലയാള സിനിമ നിലനില്‍ക്കുന്നത്. നിര്‍മാണ ചെലവിന്റെ മുക്കാല്‍ പങ്കും ലഭിക്കുന്നത് സാറ്റലൈറ്റ് അവകാശത്തില്‍ നിന്നാണ്. എങ്ങനെയും സിനിമ തട്ടിക്കൂട്ടുന്നവര്‍ക്ക് ഈ വരുമാനം നിലച്ചത് വലിയ തിരിച്ചടിയാണ്. അതേസമയം നല്ല സിനിമകള്‍ക്ക് അനുഗ്രഹവുമാണ്. നിലവാരമില്ലാത്ത ചിത്രങ്ങള്‍ക്ക് പരസ്യവരുമാനം കുറഞ്ഞതോടെയാണ് സാറ്റലൈറ്റ് വാങ്ങുന്നതിന് ചാനലുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതേസമയം മികച്ച സംവിധായകരുടെയും താരങ്ങളുടെയും മോശം ചിത്രങ്ങള്‍ക്ക് പോലും നല്ല സാറ്റലൈറ്റ് അവകാശം ലഭിക്കുന്നുണ്ട്. മമ്മൂട്ടി-രഞ്‌ജിത്ത് ടീമിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി തിയറ്ററില്‍ വലിയ പരാജയമായിരുന്നു. പക്ഷെ, 5 കോടി 90 ലക്ഷം രൂപാ സാറ്റലൈറ്റ് അവകാശം കിട്ടി. സ്ഥിരം നിര്‍മാതാക്കളുടെ, താരസാനിധ്യമില്ലാത്ത സിനിമകള്‍ക്കും തരക്കേടില്ലാത്ത സാറ്റലൈറ്റ് അവകാശം കിട്ടുന്നുണ്ട്. എം.ടി ഹരിഹരന്‍ ടീമിന്റെ ഏഴാമത്തെ വരവ്, ലാല്‍ജോസ്-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട സാറ്റലൈറ്റ് അവകാശം ലഭിച്ചു.
https://www.facebook.com/Malayalivartha