ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം പങ്കുവച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി...
ധനലക്ഷ്മി ബാങ്കിന്റെ തൃശൂരിലെ പുതിയ ബ്രാഞ്ചിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കവെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം പങ്കുവച്ചിരിക്കുകയാണ് നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി. സിനിമയിൽ നിന്നും ലഭിച്ച ആദ്യ പ്രതിഫലം അച്ഛന് കൊടുത്ത ഓർമ്മയാണ് അദ്ദേഹം പങ്കുവച്ചത്. ആദ്യ ശമ്പളം കൊടുത്ത ഉടനെ തന്നെയും കൂട്ടി അച്ഛന്‍ നേരെ പോയത് ബാങ്കിലേക്ക് ആണെന്നും ശേഷം തന്റെ പേരിൽ എടുത്ത അക്കൗണ്ടിൽ ആ പണം നിക്ഷേപിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു.
"ധനലക്ഷ്മി ബാങ്കിന്റെ ആശുപത്രി ജങ്ഷനും റെസ്റ്റ് ഹൗസ് ജങ്ഷനും ഇടക്കുള്ള ബ്രാഞ്ചിൽ കൊണ്ടുപോയിട്ട് ആ ചെക്കവിടെ ഡെപ്പോസിറ്റ് ചെയ്തു. എന്നിട്ട് ഞാൻ മരിക്കുന്നതുവരെ നീ ഇത് ചെയ്യണം എന്ന് ഞാൻ പറയില്ല, മരിച്ചു കഴിഞ്ഞാലും നിന്റെ പേരിലെ ബാങ്ക് ധനലക്ഷ്മി ബാങ്കാണ് എന്ന് അച്ഛൻ സത്യം ചെയ്യിച്ചു.", എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയായ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപി രാഷ്ട്രീയത്തോടൊപ്പം സിനിമയും ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയാണ്. വരാഹം എന്ന ചിത്രമാണ് നിലവിൽ സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.അതിനിടെ ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ താൻ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കുമെന്ന് സഹപ്രവർത്തകരും കൂട്ടുകാരും ചേർന്ന് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങിൽ അദ്ദേഹം പ്രതികരിച്ചു.
ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോപണശരങ്ങളുമായി വരുന്നവർ ആ ശരങ്ങൾ സ്വന്തം നെഞ്ചത്ത് കുത്തിത്തറച്ചാൽമതി. അതിവിടെ ഏൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കിൽ ഞാൻ ഭരത്ചന്ദ്രനായി ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും, ഭരത്ചന്ദ്രനായി എന്റെ ഉത്തരവാദിത്വം നിർവഹിക്കും, ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനൽകുകയാണ്. തന്റെ ഹൃദയത്തിൽ നിന്നുണ്ടാകുന്ന വികാരം അടിച്ചമർത്തിയിട്ടില്ല, മറച്ചുവച്ചിട്ടില്ല.
ഇഷ്ടമില്ലാത്ത എന്തുകാര്യവും ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ പലരും കുറ്റം പറയുന്നുണ്ട്, ‘അമ്മ’യിൽ ചെന്നപ്പോൾ എല്ലാവർക്കും എന്തൊരു സ്നേഹം, ഇവരൊക്കെ ഇലക്‌ഷൻ പ്രചരണകാലത്ത് എവിടെപ്പോയെന്ന്. ഞാനാണ് അവരെ വിലക്കിയത്. ഈ പരിഹാസം ഏറ്റുവാങ്ങാൻ അവരൊരു പാപവും ചെയ്തിട്ടില്ല. എന്നിട്ടും അവർ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആ അഭിപ്രായപ്രകടനങ്ങൾക്ക് അവരുടെ സിനിമാജീവിതം തകർത്തു കളയുന്നൊരു സംവിധാനം മലയാള സിനിമയിലുണ്ടെങ്കിൽ അതിന്റെ ഒടുക്കം തുടങ്ങിക്കഴിഞ്ഞു.
ജീവത്യാഗം ചെയ്യേണ്ടി വന്നാലും ശരി തന്നെ അത് ഒടുക്കിയിരിക്കും. ഇതൊന്നും ഒരു മന്ത്രിയായി ഞാൻ സംസാരിക്കുന്നതല്ല. സിനിമയിൽനിന്ന് ഒരുപാട് ചവിട്ടും കുത്തും ഏറ്റുവാങ്ങിയ ആളാണ് ഞാൻ. ഒരച്ഛനായും മകനായും ഞാൻ ആ വേദന നിങ്ങൾക്കു മുന്നിൽ പറയും.’’ സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha