വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍

പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് സിനിമാ ലോകം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തില്‍ അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബര്‍ മൂന്നിന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ കളമശേരി മുന്‍സിപ്പല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരില്‍ സംസ്‌കരിക്കും.
അതേസമയം ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍ എന്നു തുടങ്ങുന്നതാണ് മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പ്. കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ജീവിക്കുക തന്നെയായിരുന്നു.
ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും എന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മോഹന്‍ലാലിന്റെ പോസ്റ്റ് പൂര്‍ണ രൂപം
അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങള്‍.
പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥന്‍, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകര്‍ന്നുതന്ന എത്രയെത്ര സിനിമകള്‍. മകന്‍ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന 'ഹിസ് ഹൈനസ് അബ്ദുള്ള' യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു.
തിരുവല്ലക്കടുത്ത് കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂര്‍ രേണുക ഉള്‍പെടെ ആറ് സഹോദരങ്ങളുണ്ട്. ബാല്യത്തില്‍ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പില്‍ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സില്‍ നാടകങ്ങളില്‍ സജീവമായി. കുടുംബിനിയില്‍ രണ്ട് കുട്ടികളുടെ അമ്മയായി സിനിമയില്‍ തുടക്കമിടുമ്പോള്‍ പ്രായം 19 വയസായിരുന്നു. ആറ് പതിറ്റാണ്ട് സിനിമയില്‍ തിളങ്ങിയ അവര്‍ മലയാളസിനിമയുടെ അമ്മ മുഖമായിരുന്നു. സത്യന്‍, മധു തുടങ്ങി തന്നേക്കാള്‍ പ്രായം കൂടിയ താരങ്ങളുടെ മുതല്‍ മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി പിന്നീടുള്ള തലമുറയിലെ നായകന്മാരുടെയും അമ്മയായി വേഷമിട്ടു. നിര്‍മാതാവും സംവിധായകനുമായ മണിസ്വാമിയെ 1969ല്‍ വിവാഹം കഴിച്ചു. ഏകമകള്‍ ബിന്ദു കുടുംബസമേതം അമേരിക്കയിലാണ് താമസം.
"
https://www.facebook.com/Malayalivartha