പഴയ ലുക്കിലേയ്ക്ക് തിരിച്ചെത്തി കാവ്യ; സിനിമയിലേയ്ക്കുള്ള റീ എൻട്രിയാണോ എന്ന് ആരാധകർ!
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. ലഷ്യയുടെ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.
സിനിമയിൽ സജീവമല്ലെങ്കിലും അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാവ്യ. പ്രധാനമായും തന്റെ ഡ്രസിംങ് ബ്രാൻഡായ ലക്ഷ്യയുടെ വസ്ത്രങ്ങളണിഞ്ഞാണ് കാവ്യ എത്തുന്നത്. കാവ്യ പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച രീതിയിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കാറുള്ളത്. താരത്തെ മലയാളികൾ ഇപ്പോഴും എത്രത്തോളം സ്നേഹിക്കുന്നു എന്നതിന് ഉദാഹരണമായി പല കമന്റുകളും മാറുന്നു.
ഇപ്പോൾ കാവ്യ തന്റെ പഴയ ലുക്കിലേയ്ക്ക് തിരിച്ച് വന്നുവെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. വിവാഹത്തോടെയും പ്രസവത്തോടെയും ശരീരത്തിൽ സംഭവിച്ച മാറ്റങ്ങളെല്ലാം കൃത്യമായ വ്യായാമത്തിലൂടെ മാറ്റിയെടുത്തിരിക്കുകയാണ് കാവ്യ. താൻ തടി കുറച്ചതിനെക്കുറിച്ച് കാവ്യ മാധവൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്യയുടെ മോഡലാകുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം. ശരീരഭാരം കുറയ്ക്കുന്നതിനായി കൃത്യമായി ഒരു ഡയറ്റീഷ്യന്റെ നിർദേശവും കാവ്യ തേടിയിരുന്നു.
അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല', എന്നാണ് ദിലീപ് പറഞ്ഞത്.
എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു.
2009ൽ ബിസിനസുകാരനായ നിഷാൽ ചന്ദ്രയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിന് ശേഷം ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ശേഷം 2016ൽ ആണ് ദിലീപിനെ കാവ്യ വിവാഹം കഴിക്കുന്നത്. പിന്നാലെ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നുവെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നേട്ട് പോകുകയാണ് ഇരുവരും. ഇവർക്ക് മഹാലക്ഷ്മിയെന്നൊരു മകളുണ്ട്.
2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം.
https://www.facebook.com/Malayalivartha