യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; സ്വാസിക, ബീന ആന്റണി,മനോജ് കുമാർ എന്നവർക്കെതിരെ പരാതിയുമായി ആലുവ സ്വദേശിനിയായ നടി
യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജ് കുമാർ എന്നിവർക്കെതിരെ പോലീസിൽ പരാതി. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നടന്മാർക്കെതിരേ നൽകിയിട്ടുളള പീഡന പരാതികളുടെ വിശ്വാസ്യത തകർക്കുന്നതിന് വേണ്ടിയും താരങ്ങളായ ഇവർ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ആലുവ സ്വദേശിനിയായ നടിയുടെ ആരോപണം. സ്വാസികയാണ് ഒന്നാം പ്രതി. ബീന ആന്റണി രണ്ടാം പ്രതിയും മനോജ് മൂന്നാം പ്രതിയുമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങൾക്കെതിരെ നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു എന്നാണ് നടി പരാതിയിൽ പറഞ്ഞിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് മൂന്ന് പേരുടേയും പരാമർശം എന്നും നടി പറയുന്നു.
നേരത്തെ നടിയ്ക്കെതിരെ മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നടി മനോജിനും ബീന ആന്റണിയ്ക്കും നടിയും രംഗത്തെത്തി. 'ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാൻ നടക്കുകയാണ് ഇയാൾ' എന്നായിരുന്നു നടി മനോജിനെതിരെ പറഞ്ഞത്.
മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കിൽ വിഡിയോ പങ്കുവയ്ക്കാമെന്നുമായിരുന്നു നടിയുടെ വെല്ലുവിളി. എന്നാൽ താൻ ഒരുകാലത്തും തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിട്ടില്ല എന്നായിരുന്നു ബീന ഇതിന് നൽകിയ മറുപടി. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച നടിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ബീന ആന്റണി പറഞ്ഞിരുന്നു.
അവസരങ്ങൾക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോൾ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങൾ കിട്ടിയത് എന്നുമായിരുന്നു ബീന ആന്റണി പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഉയർന്ന ചില ആരോപണങ്ങളിൽ വിശ്വാസ്യതയില്ല എന്നായിരുന്നു സ്വാസിക ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
ചാനലുകളിൽ വന്നിരുന്ന് കുറേ പേർ പറയുന്നത് സത്യമാണെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നില്ല എന്നും കുറ്റം തെളിഞ്ഞ ശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കാം നല്ലത് എന്നുമായിരുന്നു സ്വാസിക പറഞ്ഞത്. ഒരു സ്ത്രീ ഓരോ ദിവസവും കാര്യങ്ങൾ മാറ്റി പറയുകയാണ് എന്നും അവരുടെ അഭിമുഖങ്ങൾ മാധ്യമങ്ങളെടുക്കാതിരിക്കുന്നതാണ് നല്ലത് എന്നും സ്വാസിക പറഞ്ഞു. അവർ പറയുന്നതിൽ ഒരുപാട് കള്ളങ്ങളുണ്ടെന്ന് തോന്നുന്നു. ഓരോ ദിവസവും ഓരോ പേരുകൾ ഓർത്ത് വരികയാണ് എന്നും അവർ പറയുന്ന കാര്യത്തിലേ മൊത്തം പ്രശ്നങ്ങളാണ് എന്നുമായിരുന്നു സ്വാസിക പറഞ്ഞിരുന്നത്.
തനിക്കെതിരായ പോക്സോ കേസ് വ്യാജമാണെന്നും പെൺകുട്ടിയുടെ പരാതിയിൽ ഇതുവരേയും തനിക്കെതിരേ യാതൊരു വിധ അന്വേഷണവും ആരംഭിച്ചിട്ടില്ലെന്നും ആലുവ സ്വദേശിയായ നടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരും ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. ഇത് വ്യാജ പരാതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നെ മനസിലായിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ ഗുണ്ടായിസം ഇതാണ്.
നടന്മാർക്കെതിരായ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് തനിക്കെതിരേ വ്യാജ പരാതി നൽകിയിരിക്കുന്നത്. വ്യാജ പരാതി, ഭീഷണി, മോർഫ് വീഡിയോ ഇതൊക്കെയാണ് പരാതി നൽകിയതിന്റെ പേരിൽ നേരിടേണ്ടി വരുന്നത്. ഇതാണ് ഇവിടുത്തെ രീതി. ഇതിനെതിരേയെല്ലാം പരാതി നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി മനസിലാക്കിയതിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് പെൺകുട്ടിക്കെതിരെ പരാതി നൽകുമെന്നും നടി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha