മെമ്മറി കാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി; സിംഗിൾ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീൽ നൽകും...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത, മെമ്മറി കാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും അതിജീവിതയ്ക്ക് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന് അനുസരിച്ച് കേസെടുത്തിട്ടില്ല. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഉപഹര്‍ജിയിലെ ആവശ്യം.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിലായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അന്വേഷണം. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്. റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട വാര്‍ത്തയിലൂടെയാണ് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചെന്ന വിവരം പുറംലോകമറിയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത ശരിവെയ്ക്കുന്നതായിരുന്നു ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ട്.
പിന്നാലെ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. അതിജീവിതയുടെ ഹര്‍ജിയെ അനുകൂലിച്ചാണ് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തത്. കേസെടുക്കണമെന്ന അതിജീവിതുടെ ഹര്‍ജിയില്‍ എട്ടാം പ്രതി ദിലീപിന്റെ താല്‍പര്യമെന്താണെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളാണ് അതിജീവിതയ്ക്ക് വേണ്ടി ഹാജരായത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി സിഎസ് ഡയസ് വിധി പറഞ്ഞത്. വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നൽകിയിരുന്നത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സഹപ്രവർത്തകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് നൽകിയതെന്നാണ് അതിജീവിതയുന്നയിക്കുന്ന വാദം. സിംഗിൾ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീൽ നൽകും എന്ന് തന്നെയാണ് റിപ്പോർട്ട്.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ നേരത്തെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. വിചാരണക്കോടതിയുടേതടക്കം മൂന്ന് കോടതികളുടെ പരിഗണനയിൽ ഇരിക്കേ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്. ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വാചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, അങ്കമാലി മജിസ്ട്രേറ്റ് ലീന എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്നാണ് കണ്ടെത്തൽ.
2018ൽ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി. 2018 ഡിസംബർ 13 ന് ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ് തന്‍റെ ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്ജിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് മൊഴി. എന്നാൽ ജഡ്ജി ഇത്തരം ആവശ്യം നിർദ്ദേശിച്ചോ എന്ന് അന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി പരിശോധിച്ചില്ല.
കൂടാതെ 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചു. തന്റെ വിവോ ഫോണിൽ ഇട്ടാണ് പരിശോധിച്ചത്. ഈ ഫോൺ 2022 ഫെബ്രുവരിയിലെ യാത്രക്കിടയിൽ നഷ്ടമായെന്നും മൊഴി നൽകി. അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയോ നടപടികൾക്ക് നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha