ബാലയുടെ ആരോഗ്യനില മോശം; ബിപി ഉയർന്നു: അടിയന്തര മെഡിക്കൽ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷക...
കസ്റ്റഡിയിലെടുത്ത നടൻ ബാലയുടെ ആരോഗ്യനില മോശമാണെന്നും അടിയന്തര മെഡിക്കൽ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി നടന്റെ അഭിഭാഷക ഫാത്തിമ രംഗത്ത്. നടൻ ബാലയുടെ അറസ്റ്റിൽ പ്രതികരിക്കവെയായിരുന്നു വെളിപ്പെടുത്തൽ. മുൻ ഭാര്യയുടെ പരാതി പ്രതികാരത്തിന്റെ ഭാഗമായാണെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 'മകളുടെ വിഷയത്തിൽ ഇനി പോകില്ലെന്നും മകൾക്ക് എന്നെ വേണ്ടെങ്കിൽ എനിക്ക് മകളേയും വേണ്ടെന്ന് ബാല വ്യക്തമാക്കിയതാണ്. അദ്ദേഹത്തിന്റെ അവസാന വീഡിയോ എല്ലാവരും കണ്ടതാണ്. പിന്നീട് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്.
ബിപി ഉയർന്നു, അടിയന്തരമായിട്ടുള്ള മെഡിക്കൽ സഹായത്തിന് അപേക്ഷിച്ചിട്ടുണ്ട്. എന്തൊക്കെ വകുപ്പുകളാണ് ചുമത്തിയതെന്ന് വ്യക്തമായിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടി വരും. യഥാർത്ഥത്തിൽ 41 എ ചുമത്തി നോട്ടീസ് നൽകേണ്ട സാഹചര്യമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം സഹകരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. തളർന്ന അവസ്ഥയിലാണ്. അതിരാവിലെ മരുന്ന് കഴിക്കേണ്ടതുണ്ട്. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആളാണ്. മരുന്നിലാണ് അദ്ദേഹം ജീവിക്കുന്നത്. പ്രത്യേക തരത്തിലുള്ള ഭക്ഷണങ്ങളും പാലിച്ച് വരികയാണ്.
ബാല പരാതിയെ കുറിച്ച് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പരാതി ലഭിച്ചത് എന്നാണ് മനസിലാക്കാൻ സാധിച്ചത്. ഈ കേസ് നിലനിൽക്കാൻ സാധ്യത ഇല്ലാത്തതാണ്. അദ്ദേഹത്തിന് കുഞ്ഞിനോടുള്ള സ്നേഹം എല്ലാവർക്കും അറിയാം. കുഞ്ഞിന് താത്പര്യമില്ലെങ്കിൽ പിന്നെ അദ്ദേഹത്തിന് അതിൽ നിന്നും വിട്ടുനിന്നല്ലേ പറ്റൂ. കുട്ടിയെ കൊണ്ട് പറയിച്ചതാണെന്ന് പറയാനാകില്ല. കുട്ടിക്ക് 12 വയസുണ്ട്. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. പക്ഷെ അമ്മയാണ് പെർമനന്റ് കസ്റ്റോഡിയൻ എന്നുള്ളത് വസ്തുതയാണ്.
ബാലയ്ക്കെതിരെയാണ് ആരോപണം ഉയർന്നുവന്ന സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. അമൃത എന്ന വ്യക്തി സാധാരണക്കാരിയല്ല. അവർക്ക് നിയമപരമായ അറിവൊക്കെയുള്ള ആളാണ്. നിയമസഹായം ലഭിക്കാൻ ബുദ്ധിമുട്ടില്ല. അന്നൊന്നും പറയാത്ത പരാതിയാണ് ഇപ്പോൾ അവർ നൽകിയിരിക്കുന്നത്. ഇത് മനപ്പൂർവ്വം വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമായി പോലീസിനേയും സിസ്റ്റത്തേയും ദുരുപയോഗപ്പെടുത്തുകയാണ് അവർ ചെയ്തത്. അവർ ഇപ്പോൾ ഒരു പ്രതികാര മനോഭാവത്തിലാണ്. എന്തായാലും നിയപരമായി തന്നെ കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതൊരു അവസാനമല്ല, തുടക്കം മാത്രമാണ്.
വിവാഹമോചനം എന്നത് ഇവരുടെ വ്യക്തിപരമായ വിഷയം മാത്രമായിരുന്നു. പക്ഷെ ഇപ്പോൾ ക്രിമിനൽ കേസുമായി മുന്നോട്ട് പോയിരിക്കുകയാണ്. തീർച്ചയായും ആ രീതിക്കെ നമ്മുക്കും മുന്നോട്ട് പോകാൻ സാധിക്കൂ. കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും', അഭിഭാഷക പറഞ്ഞു.
തിങ്കളാഴ്ച രാവിലെയോടെയാണ് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ ഭാര്യയുടെ പരാതിയിലായിരുന്നു നടപടി. ഇടപ്പള്ളിയിലുള്ള വീട്ടിലെത്തി രാവിലെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായി തളർത്തുന്നുവെന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, പിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല, കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കുന്നു തുടങ്ങിയ ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവരും പരസ്പരം ഉന്നയിച്ചത്. ഒരു ഘട്ടത്തിൽ മകൾ തന്നെ ബാലയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു. പിതാവ് പറയുന്നത് കള്ളമാണെന്നും തനിക്ക് അദ്ദേഹത്തിനൊപ്പം നിൽക്കാൻ താത്പര്യമില്ലെന്നുമായിരുന്നു മകൾ തുറന്നടിച്ചത്. തന്നേയും അമ്മയേയും കുടുംബത്തേയും ദ്രോഹിക്കുകയാണ് അദ്ദേഹമെന്നും മകൾ ആരോപിച്ചിരുന്നു. എന്നാൽ മകളേെ കൊണ്ട് മുൻ ഭാര്യയും കുടുംബവും തനിക്കെതിരെ പറയിപ്പുകയാണെന്നും തന്നെ വേണ്ടാത്ത മകളെ തനിക്കും വേണ്ടെന്നും ബാല മറ്റൊരു വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha