സാബുമോൻ സംവിധായകനാകുന്നു; നായിക പ്രയാഗ മാർട്ടിൻ!; സന്തോഷം പങ്കുവെച്ച് നടൻ
സിനിമാ ടെലിവിഷൻ പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ സാബുമോൻ. ഇപ്പോഴിതാ അദ്ദേഹം ആദ്യമായി സംവിധായകനാകുകയാണ്. നടി പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കോർട്ട് ഡ്രാമയായിരിക്കും എന്നാണ് വിവരം. നടൻ തന്നെയാണ് പുതിയ ചുവടുവെപ്പിനെക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചത്.
അഭിഭാഷകനായ എന്റെ ആദ്യ സിനിമ കോടതി മുറിയിൽ നിന്നുതന്നെയായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സ്പൈർ പ്രൊഡക്ഷൻസുമായി കൈകോർക്കുകയാണ്. അവരുടെ ആറാമത്തെ പ്രൊജക്റ്റാണ് ഇത്. ഇപ്പോൾ ഈ സിനിമയെക്കുറിച്ച്അധികം പറയാനാവില്ല.
റിയലിസ്റ്റിക്കായ നിയമപോരാട്ടത്തെക്കുറിച്ചായിരിക്കും ചിത്രം പറയുനന്ത് എന്ന് മാത്രം പറയാം. സഞ്ജു ഉണ്ണിത്താനാണ് ചിത്രത്തിന്റെ നിർമാതാവ്.പ്രയാഗ മാർട്ടിനും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിങ്ങളെ വഴിയേ അറിയിക്കുന്നതായിരിക്കുമെന്നാണ് സാബുമോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
പ്രയാഗയ്ക്കും നിർമാതാവിനുമൊപ്പമുള്ള ചിത്രവും സാബുമോൻ പങ്കുവച്ചിട്ടുണ്ട്. ഗുണ്ടാനേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ പ്രയാഗയ്ക്ക് നിയമസഹായം നൽകിയത് സാബുമോനായിരുന്നു. പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള സിനിമാ പ്രഖ്യാപനം. ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ സുഹൃത്തുക്കളെ കാണാനാണ് പോയത് എന്നാണ് പ്രയാഗ പറയുന്നത്.
ഹോട്ടലിൽ പല സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ ഓംപ്രകാശുണ്ടെന്ന് അറിയില്ലായിരുന്നു. പോലീസ് പല കാര്യങ്ങളും ചോദിച്ചു. ഗൂഗിൾ ചെയ്ത് നോക്കിയാണ് ഓംപ്രകാശ് ആരാണെന്ന് മനസ്സിലാക്കുന്നത്. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ പറ്റില്ലല്ലോ.
പോലീസിന് നൽകിയ ഉത്തരങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടും പറയാനാവില്ല. വാർത്താ വന്ന ശേഷം രണ്ട് ഫോണുകളും അടിക്കാൻ തുടങ്ങിയിട്ട് നിന്നിട്ടില്ല എന്നും പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാഗയുടെ മൊഴി തൃപ്തികരമാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഓം പ്രകാശ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പ്രയാഗയുടെ വാദം സാധൂകരിക്കുന്ന പ്രതികരണമായിരുന്നു നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha