ചിക്കൻഗുനിയ വന്ന് കാല് നിലത്ത് തൊടാൻ പോലും പറ്റാത്ത അവസ്ഥയിൽ നൃത്തം ചെയ്ത് ശോഭന; ഓർത്തെടുത്ത് സൂര്യ കൃഷ്ണമൂർത്തി
ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച, നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ അസാമാന്യ കഴിവാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണമായതെന്ന് ചോദിച്ചാൽ ആർക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല.
മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇന്നും ഇന്ത്യയിലെ മുൻനിര നടിമാരുടെ ലിസ്റ്റിൽ ഒരാൾ ശോഭനയാണ്. എന്നാൽ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമടക്കം വാങ്ങിയ ശോഭന ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല.സിനിമയിൽ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു ഒരു ഇടവേളയെടുത്തത്.
ഇപ്പോൾ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിക്കുൻഗുനിയ വന്ന സമയത്ത് ആ വേദന സഹിച്ചു കൊണ്ട് സൂര്യ ഫെസ്റ്റിവലിൽ നടി നൃത്തം അവതരിപ്പിച്ചു എന്നാണ് സൂര്യ കൃഷ്ണമൂർത്തി പറയുന്നത്.
31 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ശോഭനയിപ്പോൾ. ചിക്കുൻഗുനിയ വന്ന സമയത്ത് ശോഭന സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിച്ചു. കാല് നിലത്ത് തൊടാൻ പോലും പറ്റില്ല, എവിടെ തൊട്ടാലും വേദന. അങ്ങനെയുള്ള അവസ്ഥയിൽ അവർ തിരുവനന്തപുരത്തേയ്ക്ക് വന്നു. സൂര്യയിൽ നൃത്തം അവതരിപ്പിച്ചു. ആ ഒരു പ്രോഗ്രാം ആണ് ഞാൻ കാണാത്തത്, കാരണം അവരുടെ കൂടെ നിന്ന് ഞാൻ വീശി കൊടുത്തു കൊണ്ടേയിരുന്നു.
എപ്പോൾ വേണമെങ്കിലും അവർ വീഴാം, ആ രീതിയിലായിരുന്നു അവസ്ഥ. നമ്മുക്കിത് നിർത്താമെന്ന് ഞാൻ ശോഭനയോട് പറഞ്ഞു. കാരണം, കാണുന്നവർക്ക് പോലും സഹിക്കാൻ പറ്റാത്ത അത്ര വേദനയാണ്. നമ്മുക്കിത് നീട്ടി വയ്ക്കാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചു. തീയതി മാറാൻ പാടില്ലെന്നാണ് ശോഭന അന്ന് മറുപടി ആയി പറഞ്ഞത്.
സുകുമാർ അഴീക്കോട് പറയും, ഡയറി കിട്ടിയാൽ ആദ്യം അദ്ദേഹത്തിന്റെ പ്രസംഗം എന്നാണുള്ളതെന്ന് എഴുതി വയ്ക്കുമെന്ന്. യേശുദാസും അങ്ങനെ ചെയ്യും. ഇവരുടെയൊക്കെ വാക്കുകളാണ് നമ്മുടെ ശക്തിയും ഊർജവും എന്നും സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. അതേസമയം, തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ശോഭനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് L 360 എന്നാണ് താത്കാലികമായി നൽകിയിരിക്കുന്ന പേര്. 15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതിനാൽ തന്നെ ഈ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിൽ തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളും പിന്നിട്ട് ഇംഗ്ലീഷ് ഭാഷ വരെ അനവധി സിനിമകളിലായി അനേകം കഥാപാത്രങ്ങൾ ശോഭന നൽകി കഴിഞ്ഞു. മലയാളത്തിൽ സൂപ്പർതാരങ്ങളുടെ നായികയായി ഏറ്റവും നന്നായി അഭിനയിച്ച അംഗീകരിക്കപ്പെട്ട നടി ശോഭനയാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്ക് ഏറ്റവും കൂടുതൽ ചേർച്ച തോന്നിക്കുന്ന നായിക. എൺപതുകളിൽ മമ്മൂട്ടി-ശോഭന, മോഹൻലാൽ-ശോഭന ജോഡികളായിരുന്നു. മലയാള സിനിമയിലെ മിന്നും താരങ്ങൾ.
സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ലാൽ-ശോഭന ടീം സാധാരണക്കാരുടെ മനസിൽ കൂടുകൂട്ടി. ഒടുവിൽ മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാർഡ് വാങ്ങി. ഏപ്രിൽ 18 എന്ന ബാലചന്ദ്രമേനോൻ സിനിമയിൽ നായിക ആയാണ് മലയാളത്തിലെ ശോഭനയുടെ അരങ്ങേറ്റം. പിന്നീട് പെട്ടെന്ന് നായികനിരയിലെ അവഗണിക്കാനാകാത്ത സാന്നിധ്യമായി. അംബിക, മേനക, കാർത്തിക, രേവതി, രോഹിണി, നദിയ മൊയ്തു, സുഹാസിനി തുടങ്ങിയവരായിരുന്നു ആ സമയത്തെ പ്രധാന നായികമാർ. അവർക്കിടയിൽ പെട്ടെന്ന് ഇരിപ്പിടം നേടാൻ ശോഭനയ്ക്കായി.
https://www.facebook.com/Malayalivartha