സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കിയെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്നായിരുന്നു മഞ്ജുവിന്റെ പരാതി. 2019 ൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ കഴിഞ്ഞ നാല് വർഷമായി ഈ കേസിൽ മഞ്ജു വാര്യർ ഒരു മറുപടിയും ഹൈക്കോടതിയിൽ നൽകിയിട്ടില്ല, എഫ്ഐആറിൽ പറയുന്ന കുറ്റകൃത്യങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നിലനിൽക്കില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയതായി കോടതി ഉത്തരവിട്ടത്.
അന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയത്. തനിക്കെതിരെ ഭീഷണി, സ്ത്രീത്വത്തെ അപമാനിച്ചു, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. 2019 ൽ മഞ്ജു വാര്യരുടെ മാെഴി എടുത്തിരുന്നു. കേസിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിലാണ് കേസ് റദ്ദാക്കിയത്.
മഞ്ജു വാര്യരോട് നിലപാട് തേടിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.മോഹൻലാൽ നായകനായി എത്തിയ ഒടിയൻ സിനിമയുടെ റിലീസിന് ശേഷമാണ് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിൽ അസ്വാരസ്യങ്ങളുണ്ടാകുന്നത്. ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജു ആദ്യമായി അഭിനയിക്കുന്നത് ശ്രീകുമാർ മേനോന്റെ പരസ്യത്തിലാണ്.
മഞ്ജു പരാതി നൽകിയതിന് പിന്നാലെ നടിയ്ക്കെതിരെ സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. മഞ്ജുവിന് പ്രതിസന്ധി കാലത്ത് താനേ ഒപ്പമുണ്ടായിരുന്നുള്ളൂ എന്നും നടിയ്ക്ക് വേണ്ടി പലരെയും താൻ പിണക്കിയെന്നും ശ്രീകുമാർ മേനോൻ അന്ന് പറഞ്ഞു.
'സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ. ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്,' എന്നാണ് അന്ന് ശ്രീകുമാർ മേനോൻ ചോദിച്ചത്.
വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളൂവെന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന മഞ്ജുവിന്റെ കെെയ്യിലേയ്ക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാറെന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞത് പോലും മഞ്ജു മറന്നെന്ന് അന്ന് സംവിധായകൻ ആരോപിച്ചു.
എന്നാൽ ശ്രീകുമാർ മേനോന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മഞ്ജു വാര്യർ തയ്യാറായില്ല. എന്നാൽ പിന്നീട് മഞ്ജു വാര്യരെ പിന്തുണച്ച് കൊണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു. മഞ്ജു വാര്യരുടെ പ്രശസ്തി പരസ്യത്തിലൂടെ മുതലെടുക്കുകയാണ് ശ്രീകുമാർ മേനോൻ ചെയ്തതെന്നാണ് ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞിരുന്നത്.
അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് മഞ്ജു വാര്യർ. എമ്പുരാൻ, വിടുതലൈ പാർട്ട് ടു എന്നിങ്ങനെയുള്ള ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് നടി. ബോളിവുഡ് ചിത്രത്തിലും നടി അരങ്ങേറ്റം കുറിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha