വളരെ മനോഹരമായി പ്രേക്ഷകരെ പറ്റിച്ച സിനിമയാണ് പുലിമുരുകൻ; ജോസഫ് നെല്ലിക്കൽ
2016 ഒക്ടോബർ 7 ന് റിലീസിനെത്തിയ മോഹൻലാൽ ചിത്രമായിരുന്നു പുലിമുരുകൻ. ഇപ്പോഴിതാ പ്രേക്ഷകരെവളരെ മനോഹരമായി പറ്റിച്ച സിനിമയാണ് പുലിമുരുകനെന്ന് പറയുകയാണ് ജോസഫ് നെല്ലിക്കൽ. പ്രേക്ഷകരെവളരെ മനോഹരമായി പറ്റിക്കുന്നിടത്താണ് സിനിമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ലാലേട്ടനും മമ്മൂക്കയും ഒക്കെ ഇടിക്കുമ്പോൾ ഇടി കൊള്ളുന്നില്ലെന്ന് കുഞ്ഞു കുട്ടികൾക്ക് വരെ അറിയാം. ഹീറോ വില്ലനെ കുത്തുമ്പോൾ കുത്ത് കൊള്ളുന്നില്ലെന്ന് കൊച്ചുകുട്ടികൾക്ക് വരെ അറിയാം. ചോര വരുമ്പോൾ അത് ഒറിജിനൽ ചോര അല്ലെന്നും എല്ലാവർക്കും അറിയാം. ഇത് കാണുന്ന പ്രേക്ഷകൻ, ഇത് ഞങ്ങളെ പറ്റിക്കുന്നതാണ് എന്ന് അറിഞ്ഞിട്ടാണ് സിനിമ കാണാൻ വരുന്നത്.
ആ പറ്റിക്കുന്ന സാധനം യഥാർത്ഥമല്ലെങ്കിൽ അവിടെ പരാജയമാണ്. വളരെ മനോഹരമായി പറ്റിക്കുക. അതാണ് സിനിമ. അങ്ങനെ സിനിമയിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നിടത്താണ് സിനിമ വിജയിക്കുന്നത്. അതിൽ വിജയിച്ച സിനിമയാണ് പുലിമുരുകൻ. ജനങ്ങൾ അതുവരെ കാണാത്ത ഒരു പശ്ചാത്തലമായിരുന്നു ആ സിനിമയുടേത്.
സിനിമയിൽ ആദ്യം പുലിയെ തന്നെയായിരുന്നു പ്ലാൻ ചെയ്തത്. എന്നാൽ പുലിയുടെ വേഗതയോട് മത്സരിക്കാൻ ക്യാമറയ്ക്ക് പറ്റില്ല എന്നത് കൊണ്ടാണ് പിന്നീട് അത് കടുവയായത്. കടുവയെ വരയൻപുലി എന്നും വിളിക്കും. അങ്ങനെയാണ് ആ പ്രശ്‌നം സോൾവ് ചെയ്തത്. അങ്ങനെ ഞങ്ങൾ കടുവയെ കാണുന്നതിന് വിയറ്റ്‌നാമിൽ പോയി. അപ്പോഴാണ് കടുവയുടെ ഭീകരത മനസിലാകുന്നത്.
അതിന്റെ ഭാരം 500 കിലോയ്ക്ക് മുകളിലാണ്. കടുവ അടിച്ച് കഴിഞ്ഞാൽ അതിന്റെ മൂന്നിരട്ടിയാണ് ആ അടിയുടെ പവർ വരുന്നത്. ആ കടുവയെ ഹോൾഡ് ചെയ്തുകൊണ്ട് അഭിനയിക്കുന്നതിന് ഒരാൾക്കും പറ്റില്ല. അതിന് വേണ്ടുന്ന ഡമ്മിയൊക്കെ ഒരുക്കിയെന്നുമാണ് ജോസഫ് നെല്ലിക്കൽ പറയുന്നത്.
മലയാള സിനിമയ്ക്ക് ആദ്യമായി ബോക്സോഫീസിൽ 100 കോടിക്കിലുക്കം സമ്മാനിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പുലിമുരുകൻ. മലയാളത്തിൽ ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ, വേഗത്തിൽ ഇരുപത്തിയഞ്ചുകോടിയും അമ്പതുകോടിയും പിന്നിടുന്ന ചിത്രം, നൂറുകോടി ക്ലബ്ബിലിടം നേടുന്ന ആദ്യ മലയാളചിത്രം,യു.കെ, ന്യസീലൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രം തുടങ്ങി പുലിമുരുകൻ സൃഷ്ടിച്ച നേട്ടങ്ങൾ അനവധിയാണ്.
ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. കമാലിനി മുഖർജി, ജഗപതി ബാബു, ലാൽ, വിനു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു. ഗോപി സുന്ദറായിരുന്നു സംഗീത സംവിധാനം.
https://www.facebook.com/Malayalivartha