‘ഒറ്റക്കൊമ്പൻ’ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതി: സുരേഷ്‌ഗോപിയുടെ പുതിയ ലുക്കിൽ ഞെട്ടി സംവിധായകൻ
കേന്ദ്രമന്ത്രി ആയിട്ടും സിനിമാ ലോകത്തെ കൈവിടാതെ പിടിച്ചുനിന്ന താരമായിരുന്നു സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് കാലം മുതൽ അദ്ദേഹത്തിന്റെ ലുക്കിൽ വ്യത്യസ്തത വരുത്തിയിരുന്നത് താടി ആയിരുന്നു. ഇപ്പോഴിതാ ആ താടി ഒഴിവാക്കിയിരിക്കുകയാണ്. ‘ഒറ്റക്കൊമ്പൻ’ സിനിമ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതിയിലാണ് രൂപമാറ്റം. സിനിമാഭിനയത്തിന് കേന്ദ്രസർക്കാരിൽനിന്ന് അനുമതി ലഭിക്കാൻ വൈകുന്നതാണ് കാരണം. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടൻതന്നെ പറഞ്ഞിരുന്നു. താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന് അദ്ദേഹം കുറിച്ചു.
കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസ്സമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന. സെപ്റ്റംബറിൽ അനുമതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങൾ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബർ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാൾ. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവർഷത്തെ പെരുന്നാൾ ദിനങ്ങളിൽ ചിത്രീകരിച്ചിരുന്നു. ഇറ്റലിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തിൽ അംഗമാണ് സുരേഷ് ഗോപി. തിരിച്ചെത്തിയാലുടൻ പാർലമെന്റ് സമ്മേളനം തുടങ്ങും. സമ്മേളനം ഡിസംബർ പകുതിയോടെയേ അവസാനിക്കൂ. അതിനാൽ, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവർഷംകൂടി കാത്തിരിക്കണം എന്നതാണ് സ്ഥിതി. ഇതും താടി ഉപേക്ഷിക്കാൻ കാരണമായെന്ന് പറയുന്നു.
കേന്ദ്ര മന്ത്രിയായതിന് പിന്നാലെ സിനിമ അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സുരേഷ് ഗോപി. സിനിമ അഭിനയം തുടരുന്നതിനായി കേന്ദ്ര സർക്കാറില്‍ നിന്നും അനുമതി തേടാന്‍ സുരേഷ് ഗോപി ശ്രമിച്ചിരുന്നെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. ദീർഘനാളായി നീട്ടിവളർത്തി, പ്രത്യേക ഗെറ്റപ്പില്‍ സൂക്ഷിക്കുന്ന താടി വടിച്ചതോടെ ഈ സംശയങ്ങള്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യാനിരിക്കുന്ന ഒറ്റക്കൊമ്പൻ വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി പദവി കാരണം ഷൂട്ട് തുടങ്ങാൻ പറ്റാതെ വരികയായിരുന്നു.
സുരേഷ് ഗോപി താടിവടിച്ചതോടെ ഒറ്റക്കൊമ്പന്‍ ഇനിയും ഏറെ നാള്‍ വൈകുമെന്നുറപ്പാണ്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സിനിമ ചിത്രീകരണം ഇനി എത്രനാള്‍ വൈകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുടേതായി ആദ്യമായി പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു ഒറ്റക്കൊമ്പന്‍. സെപ്തംബറില്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.
സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ല. എന്നാല്‍ പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എത്ര പടം ചെയ്യണമെന്ന് അമിത് ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ ആ പേപ്പർ കെട്ടുകള്‍ അങ്ങനെ തന്നെ അദ്ദേഹം എടുത്ത് സൈഡിലേക്ക് എറിഞ്ഞു. എങ്കിലും അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. എന്നാല്‍ എംപിമാർക്കും എം എല്‍ എ മാർക്കും ഈ ചട്ടം ബാധകമല്ല. 'സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മന്ത്രിപദം എന്നത് മുഴുവന്‍ സമയ ജോലിയായിട്ട് കാണേണ്ട കാര്യമാണ്. ഈ പദവികളില്‍ ഉള്ളവർക്ക് അവധി എടുത്ത് പോലും മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കില്ല' എന്നാണ് ലോക്സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയെ ഉദ്ധരിച്ച് പുറത്ത് വന്ന റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha