മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി അടിയുറച്ചു നിലകൊള്ളുന്ന പൊതുപ്രവർത്തകൻ; കമൽഹാസന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
നടൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നൃത്ത സംവിധായകൻ, ഗായകൻ, ഗാന രചയിതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ എല്ലാ നിലകളിലും തിളങ്ങി നിന്നിരുന്ന താരമാണ് കമൽ ഹാസൻ. ഇന്ന് 70-ാം പിറന്നാൾ ആഘോഷമാക്കുകയാണ് നടൻ. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.
ഇപ്പോഴിതാ കമൽഹാസന് പിറന്നാളാശംസകൾ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പ്രിയ സൃഹുത്ത് കമൽ ഹാസന് ജന്മദിനാശംസകൾ. ബഹുമുഖമായ സർഗാവിഷ്കാരങ്ങളിലൂടെ സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ പ്രതിഭയാണ് കമൽ ഹാസൻ. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി അടിയുറച്ചു നിലകൊള്ളുന്ന പൊതുപ്രവർത്തകൻ കൂടിയാണ് അദ്ദേഹം.
തന്റെ നാടിനോടും ജനതയോടും അദ്ദേഹത്തിനുള്ള സ്‌നേഹവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. കേരളത്തെയും ഒരു ജനതയെന്ന നിലയിൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയെയും കമൽ ഹാസൻ സ്നേഹപൂർവ്വം നോക്കികാണുന്നുവെന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു- എന്നും മുഖ്യമന്ത്രി കുറിച്ചു.
1954 നവംബർ 7ന് മദ്രാസ് സ്‌റ്റേറ്റിലെ പരമക്കുടിയിലായിരുന്നു പാർത്ഥസാരഥി ശ്രീനിവാസൻ എന്ന കമൽഹാസൻറെ ജനനം. ആറാം വയസ്സിൽ 'കളത്തൂർ കണ്ണമ്മാ' എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം. പിന്നീട് നൃത്ത സംവിധായകനായി ഭാഗ്യ പരീക്ഷണത്തിനിറങ്ങിയിരുന്നു.
നൃത്ത സംവിധാനത്തിനിടെ തമിഴ് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്‌തു. ഇതിനിടെ മലയാള സിനിമയിലേയ്‌ക്ക് ചേക്കേറി. ഇതോടെ കമൽ ഹാസൻ നായക സ്ഥാനത്ത് പ്രതിഷ്‌ഠിക്കപ്പെട്ടു. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമേറിയ താര സാന്നിധ്യമാണ് കമൽ ഹാസൻ. ആരാധകരുടെ സ്വന്തം ഉലകനായകൻ.
https://www.facebook.com/Malayalivartha