നായകനായും സംവിധായകനായും ബറോസില്‍ മോഹന്‍ലാല്‍
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ റീലീസ് ഉടന്‍. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ 3ഡി ട്രെയിലർ തിയേറ്ററുകളിലെത്തിയിരുന്നു. ഇതോടൊപ്പം ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യുമെന്ന് പ്രശസ്ത സംവിധായകൻ ഫാസിൽ സോഷ്യൽ മിഡിയയിലൂടെ അറിയിക്കുകയും ചെയ്തു, ഇപ്പോഴിതാ ദൃശ്യവിസ്മയങ്ങൾ ഒളിപ്പിച്ച ട്രെയിലർ യു ട്യൂബിലും എത്തിയിരിക്കുകയാണ്, 2 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.
മുത്തശ്ശിക്കഥ പോലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാകും ബറോസ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24നായിരുന്നു. ഈ വർഷം മാർച്ച് 28നായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. മേയ് 6ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബറോസ് ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ബറോസ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലിഡിയൻ നാദസ്വരമാണ് സംഗീത സംവിധായകൻ. റിലീസിന് മുന്നോടിയായി ബറോസിന്റെ സ്പെഷ്യൽ ഷോ ചിത്രത്തിന്റെ പ്രവർത്തകർക്കായും വിതരണക്കാർക്കായും മോഹൻലാൽ സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha