ലക്ഷ്മി സാക്ഷി! ഞങ്ങൾ എന്ത് പ്രതികരിക്കാനാണ്?... ബാലഭാസ്‌കറിന്റെ ഭാര്യയുടെ വാദങ്ങളില്‍ പ്രിയാ വേണുഗോപാല്‍
ദുരൂഹതകൾ നിറഞ്ഞ ഒരു മരണമായിരുന്നു സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റേത്. 2018ൽ കാർ അപകടത്തിൽ അദ്ദേഹം മരിക്കുമ്പോൾ പ്രായം വെറും നാൽപ്പത് വയസ് മാത്രമായിരുന്നു. ബാലഭാസ്കറിനൊപ്പം മകളും അപകടത്തിൽ മരിച്ചു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. മകന്റേത് കൊലപാതകമാണെന്ന വാദത്തിലാണ് ബാലഭാസ്കറിന്റെ മാതാപിതാക്കൾ ഉറച്ച് നിൽക്കുന്നത്. ഇതിനിടെ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഈ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ലക്ഷ്മി ഒരു സ്വകാര്യ ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ല.
അപകടത്തിനു പിന്നിൽ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിൽ താൻ പ്രതികരിച്ചേനെ. ഇതുവരെയുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. താനുൾപ്പെടെ സഞ്ചരിച്ച ബാലഭാസ്‌കറിന്റെ കാർ ആരും ആക്രമിച്ചിട്ടില്ലെന്നും, അപകട സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നെന്നും ലക്ഷ്‌മി വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബാലഭാസ്‌കറിന്റെ കസിന്‍ സഹോദരിയായ പ്രിയ വേണുഗോപാൽ.. പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
"ലക്ഷ്മി സാക്ഷി"!
ഞങ്ങൾ എന്ത് പ്രതികരിക്കാനാണ്? (പലരായി ലിങ്ക് അയച്ചുതന്ന് കണ്ടില്ലേ, പ്രതികരിക്കുന്നില്ലേ എന്നൊക്കെ ചോദിക്കുന്നു. പരിപാടി 6.30 ക്കുതന്നെ ഞങ്ങളും കണ്ടു, പ്രതികരിക്കേണ്ടതുണ്ടെങ്കിൽ ആകാമെന്നും കരുതിയിരുന്നു) 2019 ജൂണിൽ വളരെ കൃത്യമായും ശക്തമായും വ്യക്തമായ ബോധത്തോടെയും നല്ല ഭാഷയിലും ലക്ഷ്മി ബാലഭാസ്കർ News18 ലെ സുഹൃത്തിനോട് 'മകൻ മരിച്ചത് കൊണ്ട് ഡെസ്പ് ആയ അച്ഛന്റെ സംശയങ്ങൾ കൃത്യമായി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്" എന്നൊക്കെപ്പറഞ്ഞ് സംസാരിച്ചതിന്റെ കുറച്ചുഭാഗം കേട്ടതാണല്ലോ. (https://youtu.be/WlZ713tu0Vo?si=rNR2Lk4bX29n5U1Q).
അതിലും കൂടുതലായി എന്തെങ്കിലും 5 വർഷം കഴിഞ്ഞ് ഇന്നലെ വീണ്ടും സംസാരിച്ചതായി തോന്നിയില്ല. ചില 'വിശ്വസ്തരായ' സുഹൃത്തുക്കൾ തമ്മിൽത്തെറ്റിയപ്പോൾ, പരസ്പരം എന്തൊക്കെയോ വിളിച്ചുപറഞ്ഞപ്പോൾ, ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി ആദ്യമായി പൊതുവേദിയിൽ വന്നു. എന്താണത്ഭുതപ്പെടാൻ! പറഞ്ഞതിലൊന്നും കേസുമായി ബന്ധപ്പെട്ട് ഒന്നുമില്ലാത്തതുകൊണ്ടും, അവരുടെയും സുഹൃത്തുക്കളുടെയും മൊഴികളുടെ കോപ്പി കയ്യിലുള്ളതുകൊണ്ടും, അവയിലെ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതുകൊണ്ടും, കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കുടുംബപ്രശ്നങ്ങളിലേക്കു തന്നെ കേസിനെ എത്തിക്കേണ്ട ആവശ്യം പലർക്കും ഇപ്പോൾ ഉള്ളതുകൊണ്ടും, ഞങ്ങൾക്കിതിൽ പറയുവാനുമൊന്നുമില്ല!
പിന്നെ ഒരൽപം പുതുമയുള്ളത് - "ബാലഭാസ്കറിന് അച്ഛനോടും അമ്മാവനോടുമല്ലാതെ ആരോടും ബന്ധമില്ലായിരുന്നു" എന്ന പഴയ പല്ലവി കേട്ടില്ല. മറിച്ച്, "ബാലു അവിടെ എപ്പോഴും പോകുമായിരുന്നു. ഞാൻ പോകാറില്ല, പക്ഷെ അമ്മാവന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ചടങ്ങുകൾക്കുമെല്ലാം പോയിട്ടുണ്ട്" എന്നതുവരെയെത്തി സത്യം.. ഇവിടെ 'സോഷ്യൽ മീഡിയ കവലയിൽ' ചിത്രങ്ങളും വീഡിയോകളും മറിച്ചൊരു സത്യം വിളിച്ചുപറഞ്ഞ സ്ഥിതിക്ക് ഇനി മാറ്റിപ്പറയാൻ പറ്റില്ലായിരിക്കും!
അച്ഛനോട് തോന്നിയ ദേഷ്യം സോഷ്യൽ മീഡിയ ബുള്ളിയിങ് കാരണം എന്ന് പറഞ്ഞിട്ടുണ്ട്. 2019 ജൂണിൽ സ്വർണ്ണക്കള്ളക്കടത്തുകേസ് വന്നപ്പോഴാണ് ആദ്യമായി കുടുംബം പൊതുവിടത്ത് എന്തെങ്കിലും പറഞ്ഞത്. ബാലുച്ചേട്ടൻ മരിച്ച ഒക്ടോബർ മുതൽ ഞങ്ങൾ കുടുംബം മുഴുവൻ ചീത്ത കേട്ടിരുന്നു യൂട്യൂബ് ചാനലുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും. 2019 ജനുവരിയിൽ സംശയങ്ങളൊക്കെച്ചേർത്ത് കേസ് കൊടുക്കട്ടെ എന്ന് ചോദിച്ച അച്ഛനോടും ചിറ്റപ്പന്മാരോടും "അർജുൻ മൊഴിമാറ്റിയത് അന്വേഷിക്കണം, സാമ്പത്തികകാര്യങ്ങളൊന്നും സംശയിക്കാനില്ല, അന്വേഷിക്കണ്ട" എന്നുപറഞ്ഞിരുന്നു ലക്ഷ്മി.
ആ മാസം തന്നെ അടുത്ത സന്ദർശനത്തിൽ പൂന്തോട്ടം ലത, തമ്പി എന്നിവരൊക്കെ ഇടം വലം നിന്ന് പരിചരിക്കുന്നതുകണ്ടപ്പോൾ 'മകനെ കൊന്നതിന് കൂട്ടുനിന്നവർ എന്തിനിവിടെ ' എന്ന് ചോദിച്ചുപോയതിന് അവിടെ നിന്ന് ഇറക്കിവിട്ടതാണ്. അതിനു ശേഷം അച്ഛൻ ആ വഴിക്കേ പോയിട്ടില്ല. ഫോൺ വിളിച്ചിട്ട് ലക്ഷ്മി എടുത്തിട്ടുമില്ല. വീണ്ടും മാസങ്ങൾ കഴിഞ്ഞാണ് കള്ളക്കടത്തും, 'അവരെ വ്യക്തിപരമായി അറിയില്ല' എന്ന ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും, തുടർന്ന് ഞങ്ങൾ ഞങ്ങളുടെ ഭാഗം പറഞ്ഞതുമൊക്കെ സംഭവിക്കുന്നത്. സെലക്റ്റീവ് മെമ്മറിയും ഒരു ആരോഗ്യപ്രശ്നമാകാം.
അമ്മയോട് മാത്രം അകൽച്ച എന്നതിൽ എത്തിച്ചിട്ടുണ്ട്. മകനെ അത്രത്തോളം സ്നേഹിച്ച ആ അമ്മ അതുകൊണ്ടുതന്നെ അവനുമായുള്ള മരുമകളുടെ ജീവിതത്തെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചില്ല, സ്വന്തം പരാതികളുമായി അതിനിടയിലേക്ക് തടസ്സമായി ചെന്നില്ല, നേരെ മറിച്ച് അവന്റെ ബാലിശമായ പരാതികളും പരിഭവങ്ങളും നിശ്ശബ്ദം കേൾക്കുന്നത് തുടർന്നിരുന്നു, അവന്റെ കുടുംബജീവിതത്തിലെ യാഥാർഥ്യത്തെപ്പറ്റി പലരും പറഞ്ഞുകേൾക്കുമ്പോൾ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി കരഞ്ഞും പാടിയും പ്രാർത്ഥിച്ചിരുന്നു, അതുകൊണ്ടുമാത്രമാണ് അവർക്ക് മീഡിയ അത്രത്തോളം ആഘോഷമാക്കിയ ഒരു സ്നേഹഗാഥ ഉണ്ടായത് എന്ന് വിവേകമുള്ളവർക്ക് മനസ്സിലാകും.
ഇത്രയും സ്നേഹവും അംഗീകാരവും ബഹുമാനവും സ്ഥാനവും, തനിക്കുമാത്രമല്ല തന്റെ കുടുംബത്തിനും നൽകിയ ഭർത്താവിനു വേണ്ടി ഒരിക്കൽപ്പോലും തിരിച്ചൊരു ശ്രമം നടത്താത്ത കഥ ഇനി കുറച്ചുവർഷങ്ങൾ കഴിഞ്ഞ് പറയുമായിരിക്കും. കേസ് നീണ്ടുപോയ്ക്കോളുമല്ലോ..കേസ് നടത്തുന്ന അച്ഛന് 78, അമ്മയ്ക്ക് 73..നമുക്കൊരുപാട് സമയമുണ്ട്...അല്ല, കേസിലെ പ്രതികളെപ്പറ്റി ഒന്നും പറയാനുമില്ലല്ലോ!
#Justice4Balabhaskar എന്നായിരുന്നു കുറിപ്പ്
https://www.facebook.com/Malayalivartha