ആന്തരിക രക്തസ്രാവം; മുറിയില്‍ തലയിടിച്ച് വീണെന്ന് സംശയം: ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്: കുറിപ്പ് പങ്കുവച്ച് സീമ ജി. നായർ...
സിനിമ-സീരിയല്‍ താരം ദിലീപ് ശങ്കറിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന നിഗമനത്തിലേക്ക് എത്തി നിൽക്കുകയാണ് പോലീസ്. തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് നടനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ കണ്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ മരണകാരണം അറിയാന്‍ കഴിയൂവെന്നും കന്റോണ്‍മെന്റ് പോലീസ് വ്യക്തമാക്കിരുന്നു. സീരിയല്‍ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു ദിലീപ് ശങ്കര്‍.
ഇടയ്ക്ക് രണ്ടു ദിവസം ഷൂട്ടിങ് ഇല്ലായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച വിവരമറിയിക്കാന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഞായറാഴ്ച മുറിയില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി തുറന്നു നോക്കിയപ്പോഴാണ് നടനെ മരിച്ചനിലയില്‍ കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
എല്ലാവരോടും സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം വ്യക്തിജീവിതത്തില്‍ അധികം ശ്രദ്ധ കാട്ടിയിരുന്നില്ല. കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. അതിന്റെ തീവ്രത വകവെയ്ക്കാതെയാണ് പലപ്പോഴും ഷൂട്ടിങ്ങുകളില്‍ പങ്കെടുത്തിരുന്നത്. മരണ കാരണവും രോഗത്തോട് കാട്ടിയ അലംഭാവമാകാമെന്ന വിലയിരുത്തലുണ്ട്. പഞ്ചാഗ്‌നി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായി 19ന് ആണ് ദിലീപ് മുറി എടുത്തത്. 26 വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഹോട്ടലില്‍നിന്നു പുറത്തേക്ക് പോയിരുന്നില്ല. ശനിയാഴ്ച സീരിയലിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ഫോണില്‍ വിളിച്ചിട്ടും ദിലീപിനെ കിട്ടിയില്ല. ഇതോടെ അവരും ഹോട്ടലിലേക്ക് അന്വേഷിച്ചെത്തി. അപ്പോള്‍ അറിഞ്ഞത് മരണ വിവരമാണ്.
ഇപ്പോഴിതാ നടൻ ദിലീപ് ശങ്കറിന് ആദരാഞ്ജലികൾ അർപ്പിച്ച് നടി സീമ ജി നായർ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ദിലീപ് അഞ്ച് ദിവസം മുൻപ് തന്നെ വിളിച്ചതായിരുന്നുവെന്നും അന്ന് തനിക്ക് സുഖമില്ലാത്തതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സീമ ജി നായർ പറഞ്ഞു.
സീമ ജി നായർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
ആദരാഞ്ജലികൾ. 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല ..ഇപ്പോൾ ഒരു പത്ര പ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത്. എന്താണ് ദിലീപ് നിനക്ക് പറ്റിയത്. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര. എന്ത് എഴുതണമെന്നു അറിയില്ല. ആദരാഞ്ജലികൾ , സീമ ജി നായർ പറഞ്ഞു. അസാധ്യ കഴിവുള്ള നടനായിരുന്നു ദിലീപ് ശങ്കറെന്ന് സീമ ജി നായര്‍ പറയുന്നു.
‘ദിലീപിന്റെ ശബ്ദവും ഭംഗിയും എല്ലാം ഒരു നടനെ പ്രേക്ഷകരിലേക്ക് ആകര്‍ഷിപ്പിക്കുന്നവയായിരുന്നു. എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി അവന്റെ ദിനചര്യകളിലൊക്കെ വലിയമാറ്റം വന്നിരുന്നു. ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജീവിതമായിരുന്നു ദിലീപ് ശങ്കറിന്റേതെന്നും സീമ ജി നായര്‍ പറഞ്ഞു. താനുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരെല്ലാം ഇക്കാര്യത്തില്‍ പലതവണ ദിലീപിനെ ഉപദേശിച്ചിട്ടുണ്ട്. അടുപ്പിച്ചൊരു മൂന്നുവര്‍ഷത്തോളം ദിലീപിനൊപ്പം ‘സുന്ദരി’ എന്ന സീരിയലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യകരമായ കാര്യങ്ങളൊന്നും ശ്രദ്ധിക്കില്ല. അത്രത്തോളം ഒപ്പംനിന്ന് എല്ലാവരും പറഞ്ഞു, ജീവിതം ഗൗരവമായെടുത്തില്ല ദിലീപ് , സില്ലിയായി കണ്ടു.
അഞ്ചുദിവസം മുന്‍പ് രാത്രി ഏതാണ്ട് പത്തരയായി കാണും , ദിലീപ് വിളിച്ചു, തലവേദന കാരണം വിശ്രമിക്കുകയായിരുന്നതിനാലും വിളിക്കുന്നത് മദ്യപിച്ചായിരിക്കും എന്നതുകൊണ്ടും ഫോണെടുത്ത് നാളെ വിളിക്കാം എന്നു പറഞ്ഞു , എന്താ ഇപ്പോള്‍ സംസാരിക്കാന്‍ പറ്റില്ലേയെന്ന് ദിലീപ് തിരിച്ചുചോദിച്ചെന്നും നാളെവിളിക്കാമെന്നു പറഞ്ഞെന്നും സീമ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ദിലീപിന്റെ മരണം അറിഞ്ഞതെന്നും സീമ പറയുന്നു. ഒന്നിച്ചുപ്രവര്‍ത്തിച്ചവരെല്ലാം വേദനയിലാണ്, പെട്ടെന്ന് അവനെ ഈശ്വരന്‍ വന്നുകൊണ്ടുപോയതല്ല, അവന്‍ എന്നെ കൊണ്ടുപോയ്ക്കോ എന്ന് അങ്ങോട്ട് പറഞ്ഞാണ് പോയതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
അസാമാന്യ മദ്യപാനമായിരുന്നെന്ന് പല റിപ്പോര്‍ട്ടുകളും ദിലീപിന്റെ മരണത്തിനു പിന്നാലേ വന്നിരുന്നു. ഒരു രക്ഷയുമില്ലാത്ത മദ്യപാനമായിരുന്നെന്ന് മറ്റ് സഹപ്രവര്‍ത്തകരും പറയുന്നു. അത്തരം അനുഭവം സുന്ദരി സീരിയല്‍കാലത്തുണ്ടായിരുന്നെന്ന് സീമയും ശരിവക്കുന്നു. വിളിച്ചാല്‍ ഫോണെടുക്കില്ലെന്നും കണ്‍ട്രോളര്‍മാര്‍ പോയി കൂട്ടിക്കൊണ്ടുവരുന്ന അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ടെന്നും ഒരു സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മദ്യപിച്ച് ഗന്ധമുള്ളതുകൊണ്ട് അഭിനയിക്കുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ വന്നതിന്റെ പേരില്‍ പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് പല സഹപ്രവര്‍ത്തകരും പറയുന്നു.
അഭിനയത്തിനു പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശ്ശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കര്‍. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ കമ്പനി വിപണിയിലെത്തിക്കുന്നത്. ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങള്‍ നോക്കിയിരുന്നത്. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ദേവ, വിദ്യാര്‍ഥിയായ ധ്രുവ് എന്നിവരാണ് മക്കള്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കൊച്ചിയിലേക്കു കൊണ്ടുപോയി. സംസ്‌കാരം ചേരാനെല്ലൂര്‍ ശ്മശാനത്തിലാണ്.
ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.
https://www.facebook.com/Malayalivartha