എമ്പുരാനില്‍ 17 സീനുകള്‍ക്ക് മാറ്റം വരുത്താല്‍ ധാരണ; തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമയിലാണ് മാറ്റം വരുത്തുന്നത്

വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവേ പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ വന്‍ ഹിറ്റായി ഓടുംമ്പോഴും വിവാദങ്ങളും രൂക്ഷമാവുകയാണ്. വിവാദങ്ങള്‍ മുന്‍നിര്‍ത്തി നിര്‍മാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണയായി. വോളന്ററി മോഡിഫിക്കേഷന് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.
ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റും. ബജ്റംഗി എന്നാണ് വില്ലന്‍ കഥാപാത്രത്തിന്റെ പേര്. ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും മ്യൂട്ട് വരും. തിങ്കളാഴ്ചയോടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തിയാക്കുക. സെന്‍സര്‍ ബോര്‍ഡില്‍ പുതിയ ടീമായിരിക്കും മാറ്റം വരുത്തിയതിനുശേഷമുള്ള സിനിമ കാണുക.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27നാണ് റിലീസ് ചെയ്തത്. എമ്പുരാന്‍ സിനിമയിലെ സംഘപരിവാര്‍ വിമര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സിനിമയ്ക്ക് ഇടതുപക്ഷ, കോണ്‍ഗ്രസ് അനുഭാവികള്‍ വലിയ പിന്തുണയും നല്‍കുന്നുണ്ട്. ബിജെപി നേതാക്കളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
എമ്പുരാനില്‍ രണ്ട് ഭാഗങ്ങള്‍ക്ക് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് നിര്‍ദേശിച്ചത് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്ന സംഘപരിവാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമ രംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്നതായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യ നിര്‍ദേശം. ദേശീയപതാകയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കാനായിരുന്നു മറ്റൊരു നിര്‍ദേശം.
https://www.facebook.com/Malayalivartha