രഞ്ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
സംവിധായകനും തിരക്കഥാകൃത്തും മെട്രോ വാര്‍ത്ത പത്രത്തിന്റെ ചീഫ് എഡിറ്ററുമായ രഞ്ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മെട്രോവാര്‍ത്ത ചെയര്‍മാനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ഫാരിസ് അബൂബക്കറുമായുള്ള അടുപ്പമാണ് റെയ്ഡിന് കാരണമായത്. ശോഭ ഡവലപ്പേഴ്‌സിന്റെ പേരില്‍ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നടന്ന ഭൂമി ഇടപാടില്‍ രഞ്ജിക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു.
വൈറ്റിലയ്ക്ക് സമീപമുള്ള വീട്ടിലാണ് ഇന്‍കം ടാക്‌സ് എറണാകുളം ഡെപ്യൂട്ടി കമ്മീഷ്ണര്‍ അപ്പു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. ശോഭ ഡെവലപ്പേഴ്‌സിന്റെ പേരിലുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട് നടത്തിയ ഭൂമി ഇടപാടില്‍ രഞ്ജി പണിക്കര്‍ക്കും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും സംശയകരമായ യാതൊന്നും കണ്ടെത്തിയില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ അറയിച്ചു. പുതിയചിത്രത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് രഞ്ജിപ്പണിക്കര്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു. അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം സര്‍ക്കാരിന്റെ ചില രാഷ്ട്രീയ തീരുമാനങ്ങള്‍ക്കെതിരെ രഞ്ജി പണിക്കര്‍ ശക്തമായ നിലപാട് എടുക്കുകയും ഇതേക്കുറിച്ച് മെട്രോവാര്‍ത്തയില്‍ നിരന്തരം വാര്‍ത്തകള്‍ വരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയതെന്നറിയുന്നു.
https://www.facebook.com/Malayalivartha