അന്താരാഷ്ട്ര ചലച്ചിത്രമേള; ലോകസിനിമയില്‍ 12 വനിതാ സംവിധായകര്‍
ഒരു കൂട്ടം വനിതാ സംവിധായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് 18 ാമത് രാജ്യാന്തര ചലച്ചിത്രമേള. ലോകസിനിമാ വിഭാഗത്തില്‍ 12 വനിതാ സംവിധായകരുടെ ചിത്രങ്ങളുണ്ട്. കുറഞ്ഞ നിര്‍മാണ ചെലവും അവതരണത്തിലെ വൈകാരികതയും കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളാണിത്. സ്വത്വരാഷ്ട്രീയം, കുടുംബബന്ധങ്ങളിലെ പാകപ്പിഴകള്‍, പ്രകൃതി ദുരന്തങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കൂട്ടക്കൊലകള്‍, ജനതയുടെ തദ്ദേശിയ ചരിത്രം എന്നിവ സാര്‍വലൗകികമായ കാഴ്ചപ്പാടിലൂടെ ഈ ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു.
അഞ്ച് ദശാംബ്ദങ്ങള്‍ക്കുശേഷം പാക്കിസ്ഥാനില്‍ നിന്നും ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണ് സിന്ദാ ഭാഗ്. പാക്കിസ്ഥാനിലെ സിനിമാ സംസ്‌കാരത്തെ പുനര്‍നിര്‍വചിച്ച പുതുതലമുറയുടെ പ്രതിനിധികളായ മീനു ഗൗര്‍, ഫര്‍ജാദ് നബി എന്നീ ഇരട്ട സംവിധായകരാണ് ചിത്രത്തിനുപിന്നില്‍.
രാജ്യാന്തരതലത്തില്‍ ഏറെ വിമര്‍ശനവിധേയമായ ഇസ്രായേലിലെ കുടിയേറ്റ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അച്ഛനും നാല് വയസ്സുകാരനായ മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ആവിഷ്‌കാരമാണ് ഫിലിപ്പീന്‍സ് ചിത്രം ട്രാന്‍സിറ്റ്. ഹന്ന എസ്പിയയാണ് ഇതിന്റെ സംവിധായിക. 14 വര്‍ഷം നീണ്ട തന്റെ കരിയറില്‍ 12 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ച വെനസ്വേലന്‍ സംവിധായിക മറിയാനാ റോണ്ടന്റെ പുതിയ ചിത്രമാണ് പെലോ മലോ.
സ്വന്തം ചലച്ചിത്രങ്ങള്‍ രാഷ്ട്രിയ പ്രഖ്യാപനത്തിനും സ്വത്വനിലപാടുകള്‍ വ്യക്തമാക്കാനുമായി ഉപയോഗിക്കുന്ന പോളിഷ് സംവിധായികയാണ് ആഗ്‌നിസ്‌ക ഹോളണ്ട്. ഈജിപ്ത്യന്‍ ഡോക്യുമെന്ററി സംവിധായിക ഹലാ ലോട്ഫിയുടെ ആദ്യ ചലച്ചിത്രമായ കമിങ് ഫോര്‍ത്ത് ബൈ ഡേ കെയ്‌റോ നഗരത്തില്‍ ജീവിക്കുന്ന യുവതിയുടെയും അമ്മയുടെയും രോഗാതുരനായ അച്ഛന്റെയും കഥ പറയുന്നു ഈ ചിത്രം.
ഫ്രഞ്ച് സംവിധായിക ക്ലയര്‍ ഡെനിസിന്റെ ബാസ്റ്റാഡ്‌സ്, ഉക്രൈന്‍ സംവിധായിക ഇവ നെയ്മാന്റെ 'ഹൗസ് വിത്ത് എ ടററ്റ്' സ്ലോവാക്യന്‍ സംവിധായിക മിര ഫൊര്‍നായുടെ 'മൈ ഡോഗ് കില്ലര്‍' എഴുത്തുകാരി, സംവിധായിക, നിര്‍മാതാവ് എന്നീ മേഖലകളില്‍ ഒറ്റ ചിത്രം കൊണ്ടുതന്നെ സ്ഥാനമുറപ്പിച്ച ജോവന്നാ ലൊബാര്‍ഡിന്റെ പെറുവിയന്‍ ചിത്രം ഇന്‍ ഹൗസ്, സൂസന്നാ ബീസ് സംവിധാനം ചെയ്ത ഡാനിഷ് റോമാന്റിക് കോമഡി വിഭാഗത്തില്‍പെട്ട ലൗ ഈസ് ഓള്‍ യു നീഡ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha