മലയാളികളുടെ പ്രാര്‍ത്ഥന ഫലിച്ചു... മികച്ച നടന് സുരാജ് വെഞ്ഞാറമൂട് തന്നെ, ദേശീയ അവാര്‍ഡ് പങ്കിട്ടത് ഹിന്ദി നടന് രാജ്കുമാറിനോടൊപ്പം
മലയാളികളുടെ പ്രാര്‍ത്ഥന ഫലിച്ചു. അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരത്തിന് സുരാജ് വെഞ്ഞാറമൂട് അര്‍ഹനായി. ഹിന്ദി നടന് രാജ്കുമാറിനോടൊപ്പമാണ് മികച്ച നടനുള്ള പുരസ്കാരം സുരാജ് പങ്കിട്ടത്. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയമാണ് സുരാജിന് അവാര്‍ഡ് നേടിക്കൊടുത്തത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും പേരറിയാത്തവര്‍ സ്വന്തമാക്കി.
പുരസ്കാരം മലയാള സിനിമക്കും മിമിക്രി കലാകാരന്മാര്ക്കും സമര്‍പ്പിക്കുന്നതായി സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു. മലയാള സിനിമക്കുള്ള അംഗീകാരമാണ് പുരസ്കാരം. മലയാളത്തിലെ വലിയ നടന്മാര്ക്കൊപ്പമുള്ള അഭിനയം തനിക്ക് കരുത്ത് നല്കി. പുരസ്കാര ലബ്ധിയില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും സുരാജ് പറഞ്ഞു.
ഹന്‍സാല്‍ മെഹ്ത സംവിധാനം ചെയ്ത ഷാഹിദ് എന്ന ഹിന്ദി ചിത്രത്തിലെ അഭിനയമാണ് രാജ്കുമാര് യാദവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്സ് ഡയര്സിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ഈ ചിത്രത്തിലെ തന്നെ ഛായാഗ്രഹണത്തിന് മലയാളിയായ രാജീവ് രവിയും പുരസ്കാരത്തിന് അര്‍ഹനായി. മികച്ച റി റെക്കോര്‍ഡിനുള്ള പുരസ്കാരം മലയാള ചിത്രം സ്വപാനം സ്വന്തമാക്കി.
മികച്ച മലയാള ചിത്രമായി നോര്‍ത്ത് 24 കാതം തെരഞ്ഞെടുത്തു. അനില്‍ രാധാകൃഷ്ണ മേനോനാണ് ചിത്രത്തിന്റെ സംവിധായകന് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha