ബാഗ്ലൂര്‍ ഡെയ്‌സ് യുവത്വത്തിന്റെ ആഘോഷം
യുവത്വത്തിന്റെ ആഘോഷവുമായി ബാഗ്ലൂര്‍ ഡെയ്‌സ് സൂപ്പര്‍ ഹിറ്റിലേക്ക്. നര്‍മവും പ്രണയവും ഇമോഷനും നിറഞ്ഞ് നില്‍ക്കുന്ന ചിത്രം ദൃശ്യത്തിനു ശേഷം മലയാളത്തില്‍ ഉണ്ടാകുന്ന മറ്റൊരു സൂപ്പര്‍ ഹിറ്റാണ്. ആണ്‍പെണ്‍ ഭേദമില്ലാത്ത സൗഹൃദങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും അകല്‍ച്ചയും അടുപ്പവും പറയുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറുന്നവരും എല്ലാം സഹിച്ച് ജീവിക്കുന്നവരും ഭാഷയെയും സംസ്‌കാരത്തെയും മണ്ണിനെയും മതിവരുവോളം സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ കഥ കൂടിയാണ് ഈ ചിത്രം.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടെങ്കിലും യാതൊരു മുഷിപ്പുമില്ലാതെ സരസമായി ഓരോ സീനുകളും അവതരിപ്പിച്ചതാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായികയുടെ മികവ്. മഞ്ഞാടിക്കുരു, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മലയാളത്തനിമ നിലനിര്‍ത്താന്‍ അഞ്ജലിമേനോന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഈ ചിത്രത്തിലും കാണാം. ദുല്‍ക്കര്‍ സല്‍മാന്റെ അര്‍ജുനും നിവിന്‍ പോളിയുടെ കുട്ടേട്ടനുമാണ് ആദ്യാവസാനം വരെ കയ്യടിനേടുന്നത്. പഴയ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെ അനുസ്മരിപ്പിക്കും വിധമാണ് ഫ്രീക്കായ അര്‍ജുന്‍ എന്ന കഥാപാത്രത്തെ ദുല്‍ക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്. തനിക്ക് കോമഡി ശരിക്കും വഴങ്ങുമെന്ന് നിവിന്‍ വീണ്ടും തെളിയിച്ചു.
ഒരു സൂപ്പര്‍താര ചിത്രത്തിന്റെ മുതല്‍മുടക്കുണ്ടെങ്കിലും ആദ്യദിവസം തന്നെ മികച്ച റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ റിലീസ് കേന്ദ്രങ്ങളിലെല്ലാം എല്ലാ ഷോയും ഹൗസ് ഫുള്ളാണ്. തിരുവനന്തപുരത്ത് മൂന്ന് തിയറ്ററുകളിലാണ് പടം കളിക്കുന്നത്. ഫഹദ്, നസ്‌റിയ, ദുല്‍ക്കര്‍, നിവിന്‍ എന്നിവരുടെ സാനിധ്യം ഉള്ളത് കൊണ്ട് ഉയര്‍ന്ന സാറ്റലൈറ്റ് അവകാശവും ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha