പോലീസെന്നു കേട്ടാല്‍ ഇനി കമലഹാസന്‍ ഓടിത്തള്ളും!
കേരളത്തിലെ പോലീസുകാരെന്ന് കേട്ടാല്‍ ഇനി കമലഹാസന്‍ ഞെട്ടും. തമിഴ്‌നാട്ടിലെ പോലീസുകാരെയാണ് താരം ഇതുവരെ കണ്ടിട്ടുള്ളത്. എന്ന സാര്‍ എന്നു ചോദിച്ചുകൊണ്ട് അടുത്തു വരുന്നവരാണ് അവര്‍. സംസാരത്തില്‍ മാത്രമല്ല പെരുമാറ്റത്തില്‍ പോലും ആഭിജാത്യം പുലര്‍ത്തുന്നവര്‍. അവര്‍ നിരപരാധികളെ പിടിച്ച് ജയിലിലിടില്ല. പെണ്ണുങ്ങളെ പീഡിപ്പിക്കില്ല. എത്ര വിരോധമുണ്ടെങ്കിലും മാന്യമായി മാത്രം സെറ്റില്‍ ചെയ്യും. സര്‍വോപരി കൈക്കൂലിയും വാങ്ങില്ല.
കേരളത്തിലെ പോലീസുകാരൊക്കെ ആളെ കിട്ടിയാല്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നവരാണെന്ന് പാവം കമലഹാസന്‍ മനസിലാക്കിയില്ല. ഫലമോ? കേരള പോലീസിടിച്ച് കമലഹാസന്റെ മൂക്കു തകര്‍ത്തു. ഒറിജിനല്‍ പോലീസല്ലെന്നു മാത്രം. സിനിമാ പോലീസ്!
ദൃശ്യം സിനിമയുടെ തമിഴ് റീമേക്കായ പാപനാശത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു മര്‍ദ്ദനം. പോലീസുകാര്‍ മോഹന്‍ലാലിനെ കൈകാര്യം ചെയ്യുന്ന രംഗം ദൃശ്യം കണ്ടവര്‍ക്ക് ഓര്‍മ്മ കാണും. അതുപോലെ ഒരു കൈകാര്യമാണ് പോലീസുകാരനായി വേഷമിടുന്ന നടന്‍ കമലഹാസന് നല്‍കിയത്. മുഖത്ത് ഇടിയേറ്റ കമലഹാസന്‍ അന്തം വിട്ടു നിന്നു.
എന്റെ സുഹൃത്തെ എന്ന ഭാവമാണ് അപ്പോള്‍ പാവം കമലഹാസന്റെ മുഖത്തുണ്ടായത്. അടിച്ചയാള്‍ പരിഭ്രാന്തനായി. പരിസരം വീണ്ടെടുത്ത കമലഹാസന്‍ അടിച്ചയാളെ സമാശ്വസിപ്പിച്ചു.
തമിഴിലെ പോലീസുകാര്‍ക്കൊന്നും ഇത്രയും ഊക്കില്ലല്ലോ എന്നും കമലഹാസന്‍ ചോദിച്ചു. അപ്പോള്‍ സെറ്റിലുണ്ടായിരുന്ന ഒരാള്‍ കേരള പോലീസിന്റെ സിദ്ധി വിശേഷം കമലഹാസനു പറഞ്ഞുകൊടുത്തു. കേരള പോലീസ് നിസാരന്‍മാരല്ല. അവരുടെ അടിക്ക് ഊക്കു കൂടും. മാത്രവുമല്ല അവരോട് കളിച്ചാല്‍ നിരപരാധിയാണെങ്കില്‍ പോലും അകത്തു കിടക്കേണ്ടി വരും. അതാണ് സിനിമാ പോലീസിലും പ്രതിഫലിച്ചത്.
ഏതായാലും കമലഹാസനെ ഉടനെ തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയുടെ ആഘാതത്തില്‍ ഷൂട്ടിങ്ങിനു വേണ്ടി ഉപയോഗിച്ചിരുന്ന നിപ്പിള്‍ കമലഹാസന്റെ മൂക്കില്‍ കയറി. ഇ.എന്‍.ടി സര്‍ജന്‍ ഡോ പോള്‍ കെ എബ്രഹാം എന്‍ഡോസ്‌കോപ്പി നടത്തിയശേഷം നിപ്പിള്‍ മൂക്കില്‍ നിന്നും പുറത്തെടുത്തു.
വിവരമറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ ആശുപത്രിയിലെത്തിയിരുന്നു. ഒടുവില്‍ തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് കമലഹാസന്‍ തന്നെ പറയേണ്ടി വന്നു. ആശുപത്രി ജീവനക്കാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് കമലഹാസന്‍ മടങ്ങിയത്.
ഏതായാലും ഇനി കേരളത്തിലെ പോലീസുകാരെ കാണുമ്പോള്‍ കമലഹാസന്‍ ഓടിയൊളിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha