ഞാന്‍ സിനിമയെ സ്‌നേഹിച്ചു… ഇപ്പോള്‍ എന്നെ സ്‌നേഹിക്കാന്‍ ആരുമില്ല
ഞാന്‍ മലയാള സിനിമയെ സ്‌നേഹിച്ചു. എന്റെ ജീവിതം സിനിമയ്ക്കായി ഉഴിഞ്ഞുവച്ചു. 52 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നത് സൗഹൃദങ്ങള്‍ക്കായിരുന്നു. എന്നാല്‍ അനാരോഗ്യം കൊണ്ട് തളര്‍ന്നപ്പോള്‍ ആ സൗഹൃദങ്ങളെല്ലാം ഓടിയൊളിച്ചു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന എന്‍.എല്‍ ബാലകൃഷ്ണന്റെ ഇന്നത്തെ അവസ്ഥയാണിത്.
തിരുവനന്തപുരം പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണനെ സിനിമാ ലോകം മറന്ന മട്ടാണ്.
അമ്മാനംകിളി തൊട്ട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വരെ 163 ചിത്രങ്ങളിലാണ് ബാലകൃഷ്ണന്‍ അഭിനയിച്ചത്. പട്ടണപ്രവേശം, മൂക്കില്ലാരാജ്യത്ത്, ഓര്‍ക്കാപ്പുറത്ത്, വര്‍ണ്ണം, ജോക്കര്‍, സാന്ദ്രം അങ്ങനെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒട്ടനവധി ചിത്രങ്ങള്‍.
സിനിമയിലെ സ്റ്റില്‍ ഫോട്ടോ ഗ്രാഫറായി മുന്നൂറിലേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ഫോട്ടോഗ്രഫി ജീവിതത്തിന് കൊടിയേറ്റം, എലിപ്പത്തായം, അഭയം, പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍, സ്ഫടികം, ഗാന്ധര്‍വ്വം,പവിത്രം, കളിപ്പാട്ടം, അയിത്തം, പാദമുദ്ര, സ്വയംവരം, ചിദംബരം, കാഞ്ചനസീത തുടങ്ങി നിരവധി ചിത്രങ്ങളുടെ ഫോട്ടോകള്‍ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ പ്രമേഹം ബാധിച്ച് ഇരുകാലുകളും ശസ്ത്രക്രിയ ചെയ്തിരിക്കുകയാണ്. അതുകൂടാതെ അര്‍ബുദവും ഹൃദ്രോഗവും ന്യൂറോ രോഗങ്ങള്‍ക്കുമായി ചികിത്സയിലാണ്. മറ്റ് വരുമാന മാര്‍ഗമില്ലാതെ നന്നേ വിഷമിക്കുകയാണ് ബാലകൃഷ്ണന്‍.
താര സംഘടനയായ അമ്മ 5000 രൂപ പ്രതിമാസം കൈനീട്ടം നല്‍കുന്നെങ്കിലും ചികിത്സയ്ക്ക് പോലും തികയുന്നില്ല.
ഇനിയും രണ്ടാഴ്ച ആശുപത്രിയില്‍ കഴിയേണ്ടിവരും.126 കിലോ ഭാരമുണ്ടായിരുന്ന ബാലകൃഷ്ണന്റെ ഭാരവും അനുദിനം കുറഞ്ഞു വരികയാണ്. ഓര്‍മ്മക്കുറവും അലട്ടുന്നുണ്ട്. പരസഹായമുണ്ടെങ്കില്‍ മാത്രമേ എഴുന്നേറ്റിരിക്കാന്‍ പോലും കഴിയുകയുള്ളു.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളോട് ഏറെ വ്യക്തിബന്ധമുള്ളയാളാണ് എന്‍.എല്‍ ബാലകൃഷ്ണന്‍. ഫോട്ടോഗ്രാഫിയുടെ മികവ് പല നടന്മാരേയും അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചു. വന്‍ സൗഹൃദമുണ്ടായിരുന്ന ആ വലിയ മനസിന്റെ ഉടമ ഇപ്പോള്‍ ആരോരും എത്തിനോക്കാതെ ഒറ്റപ്പെടലിന്റെ അവസ്ഥയിലാണ്. എങ്കിലും ആരോടും പരിഭവമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha