ഫഹദും ദുല്‍ഖറും എന്റെ ഷാനുവും ചാലുവും... ഞങ്ങള്‍ തമ്മില്‍ സഹോദര സ്‌നേഹം
ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനുമൊക്കെ തനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ളവരാണെന്ന് ദിലീപ്. ഫാസില്‍ സാറിന്റെ മകനാണ് ഫഹദ്. ചെറുപ്പംതൊട്ടേ കാണുന്നയാളാണ്. ഞങ്ങള്‍ തമ്മില്‍ ഒരു സഹോദര സ്‌നേഹമാണുള്ളത്. ഫഹദ് എന്നൊന്നുമല്ല എനിക്ക് ഷാനുവാണ്. അതുപോലെ തന്നെയാണ് ദുല്‍ഖറും. നമ്മുടെ വീട്ടിലെ വല്യേട്ടന്റെ മകന്‍, എനിക്ക് ദുല്‍ഖര്‍ എന്നൊന്നും വായില്‍ വരില്ല, ചാലൂന്നേ വിളിച്ച് ശീലിച്ചിട്ടുള്ളൂ.
ഷാനുവായാലും ചാലുവായാലും സിനിമാ നടന്‍മാരാകുന്നതിന് മുമ്പേ എനിക്കറിയാവുന്നവരാണ്. അതുപോലെ ശ്രീനിയേട്ടന്റെ മകന്‍ വിനീതിനെ ചെറുപ്പം തൊട്ടേ അറിയുന്നതാണ്. വിനീത് സംവിധാനം ചെയ്ത ആദ്യ സിനിമ മലര്‍വാടി ആര്‍ട്‌സ് ക്ലബ് നിര്‍മ്മിച്ചത് ഞാനാണ്.
പുതിയ തലമുറയിലെ അഭിനേതാക്കളെ ഉപദേശിക്കാന്‍ ഞാനാളല്ല. പുതിയ തലമുറ അതിപ്പോ ജനിച്ച് വീഴുന്ന കുഞ്ഞിന് പോലും ടാലന്റുണ്ട്. പുതു തലമുറയ്ക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. പുതുതായി വന്ന തലമുറ എന്നോട് നന്നായിട്ടേ പെരുമാറിയിട്ടുള്ളൂ. പുതിയ നായകന്‍മാരുടെ കൂടെ ഞാനങ്ങനെ സിനിമകള്‍ ചെയ്തിട്ടില്ല. അമ്മയുടെ മീറ്റിംഗിനോ മറ്റ് ചടങ്ങുകളിലോ ഒക്കെ വച്ചാണ് പലരെയും കാണാറ്. നിവിന്‍ പോളി, അജുവര്‍ഗീസ്, ഭഗത് അവരൊക്കെ ഞാന്‍ നിര്‍മ്മിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ വന്നവരായതുകൊണ്ട് അവരെ അറിയാം. എല്ലാവരും എന്നോട് നന്നായിട്ടാണ് പെരുമാറുന്നത്.
ഞാനാദ്യമായി നേരില്‍ കാണുന്ന സിനിമാതാരം മമ്മൂക്കയാണ്. ആലുവയില്‍ എന്റെ വീടിനടുത്ത് പി.ജി. വിശ്വംഭരന്‍ സാറിന്റെ ഇടിയും മിന്നലും എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു അത്. മമ്മൂക്കയും റീനചേച്ചിയുമൊക്കെയുണ്ടായിരുന്നു സെറ്റില്‍.
ഞാന്‍ മിമിക്രിയുമായി നടക്കുന്ന സമയത്ത് മമ്മുക്കയെ ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്. സൈന്യം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് മമ്മൂക്കയുമായി അടുപ്പമായത്. ആ നിമിഷം മുതല്‍ ഈ നിമിഷം വരെയും സ്‌നേഹക്കൂടുതല്‍ കാണിച്ചിട്ടേയുള്ളൂ മമ്മൂക്ക. അതുപോലെ തന്നെ ലാലേട്ടന്‍. മുപ്പത്തിയഞ്ച് വര്‍ഷമായി മലയാള സിനിമയുടെ നെടുംതൂണുകളായി നില്‍ക്കുന്ന രണ്ട് വലിയ മനുഷ്യര്‍. ലാലേട്ടനെ മിമിക്രി വേദികളില്‍ എത്രയോ തവണ ഞാനനുകരിച്ചിരിക്കുന്നു. ലാലേട്ടന്റെ മുഖത്ത് ക്ലാപ്പടിച്ച് വിഷ്ണു ലോകമെന്ന സിനിമയിലൂടെയാണ് ഞാന്‍ സിനിമാ ജീവിതം തുടങ്ങിയത്.
വിഷ്ണുലോകത്തിന് ശേഷം കമല്‍സാര്‍ ലാലേട്ടനെ നായകനാക്കി ഒരുക്കിയ ഉള്ളടക്കത്തിലും ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. മറ്റാര്‍ക്കും കിട്ടാത്ത ഒരു മഹാഭാഗ്യമെനിക്ക് കിട്ടി. മമ്മൂക്കയും ലാലേട്ടനുമൊക്കെ ഉള്‍പ്പെടെ മലയാള സിനിമയിലെ എണ്‍പതോളം ആര്‍ട്ടിസ്റ്റുകളെ വച്ച് എനിക്കൊരു സിനിമ നിര്‍മ്മിക്കാന്‍ പറ്റി. അതൊരു നിസാര സംഭവമല്ല. പുതിയ ജനറേഷനിലെ എല്ലാ താരങ്ങളും ആ സിനിമയിലുണ്ട്.
സുരേഷേട്ടന്റെ കൂടെ നാലഞ്ച് സിനിമകളേ ഞാന്‍ ചെയ്തിട്ടുള്ളൂ. ജയറാമേട്ടന്‍ മലയാള സിനിമയിലേക്ക് എന്നെ കൈപിടിച്ച് കയറ്റി എനിക്ക് വാതില്‍ തുറന്നു തന്നയാളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha