കൂടെ പഠിച്ചവര്‍ അടിച്ചുപൊളിച്ചു നടക്കുമ്പോള്‍ അഭിനയിച്ചും നൃത്തം ചെയ്തും സ്വന്തം കുടുംബത്തെ കരയ്ക്കടുപ്പിക്കുകയാണ് ഞാന്‍...
കൂടെ പഠിച്ചവര്‍ അടിച്ചുപൊളിച്ചു നടക്കുമ്പോള്‍ അഭിനയിച്ചും നൃത്തം ചെയ്തും സ്വന്തം കുടുംബത്തെ കരയ്ക്കടുപ്പിക്കുകയാണ് ഞാന്‍. തന്റെ ദയനീയ ചിത്രം വിവരിക്കുന്നത് മറ്റാരുമല്ല, പ്രശസ്ത മലയാള നടി മുക്ത.
ഞങ്ങളെ എല്ലാവരെയും ഉപേക്ഷിച്ച് അച്ഛന്‍ പടിയിറങ്ങിപ്പോകുമ്പോള്‍ എനിക്ക് വയസ്സ് പതിനേഴ്. പ്രായം തികഞ്ഞുനില്ക്കുന്ന ചേച്ചിയും അമ്മയും ജീവിതത്തിനു മുമ്പില് പകച്ചുപോയ നിമിഷമായിരുന്നു അത്.
എങ്കിലും ഞാന്‍ പിടിച്ചു നിന്നു. മൂത്ത ചേച്ചിയെ മാന്യമായ രീതിയില്‍ വിവാഹം ചെയ്തയച്ചു. എറണാകുളം പാലാരിവട്ടത്ത് ഇരുനില വീടുവാങ്ങിച്ചു. അമ്മയ്ക്കുവേണ്ടി കൊച്ചിയിലൊരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി. ആഗ്രഹിച്ചതൊക്കെ നേടി.
ഇതെല്ലാം നേടിയത് കല കൊണ്ടാണ്. അഭിനയത്തില്‍നിന്നും സ്‌റ്റേജ് ഷോയില്‍നിന്നും കിട്ടിയ സമ്പാദ്യം.
സന്തോഷം വന്നാല്‍ എല്ലാവരോടും വിളിച്ചുപറയണം. ദുഃഖിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എന്തിന് മറ്റുള്ളവരുടെ സമാധാനം നഷ്ടപ്പെടുത്തണം?
അന്നും ഇന്നും എന്റെ ബാക്ക്‌ബോണ്‍ അമ്മയാണ്. മോശമായ അവസ്ഥയില്‍പോലും അമ്മ കൂടെയുണ്ടായിരുന്നു. ബാല്യകാലം മുതല്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിക്കാനായിരുന്നില്ല, ഒറ്റയ്ക്ക് ശാന്തമായി ഇരിക്കാനായിരുന്നു എനിക്കിഷ്ടം. അല്ലെങ്കില് പള്ളിയില്‍ പോവും. അതുകൊണ്ടുതന്നെ പപ്പ വീടുവിട്ടപ്പോള് ഞാനൊട്ടും ആശങ്കപ്പെട്ടില്ല. ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്നു കേട്ടിട്ടില്ലേ.
സിനിമയില് റോളുകള്‍ കുറഞ്ഞപ്പോള്‍ സ്‌റ്റേജ്‌ഷോകളില്‍ സജീവമായി. സത്യം പറഞ്ഞാല്‍ അഭിനയത്തില്‍ നിന്നല്ല, ഷോകളില്‍നിന്നാണ് ഈ പണം കൂടുതലും സമ്പാദിച്ചത്.
കോതമംഗലം സെന്റ് അഗസ്‌റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് വരുന്നത്. അക്കാലത്ത് സ്‌കൂള്‍ കലോത്സവത്തിന് മിക്ക ഐറ്റത്തിനും മത്സരിക്കുമായിരുന്നു. ഒരുതവണ കലാതിലകവുമായി. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു.
അച്‌ഛനുറങ്ങാത്ത വീടും താമരഭരണിയും ചെയ്‌തതും ആ സമയത്താണ്. അഭിനയിക്കാന്‍ പോയതുകൊണ്ട് സ്‌കൂള്‍ ജീവിതം കുറച്ചൊക്കെ മിസ്സായിട്ടുണ്ട്. പ്ലസ്‌ടു വരെയെ പോകാന്‍ കഴിഞ്ഞിട്ടുള്ളൂ. അപ്പോഴേക്കും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി.
ടൈംപാസിനുവേണ്ടി സിനിമയില്‍ വന്നയാളല്ല ഞാന്‍. സമ്പാദിക്കാന്‍ വേണ്ടിത്തന്നെയാണ്. കൂടെപ്പഠിച്ച മിക്ക കുട്ടികളും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിലരൊക്കെ ജോലി ചെയ്യുന്നുണ്ട്. അവരോട് സംസാരിക്കുമ്പോള്‍ എന്റെ ജോലിയെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നാറുണ്ട്. കാരണം പലര്‍ക്കും ഇപ്പോഴും തുച്‌ഛമായ ശമ്പളമാണ് കിട്ടുന്നത്.
ഞാനാവട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ആഗ്രഹിച്ചതെല്ലാം നേടി. കോളജ് ലൈഫ് മിസ്സായപ്പോള്‍ മറ്റൊരുതരത്തില്‍ നേട്ടമുണ്ടായി. ഒന്നു നഷ്‌ടപ്പെടുമ്പോള്‍ മറ്റൊന്നു നേടുമെന്നുള്ള പഴമൊഴി എത്ര ശരിയാണ്. ഫോണില്‍ വിളിക്കുമ്പോള്‍ ചിലര്‍ പറയും, എടാ, ഞങ്ങള്‍ ടൂറിലാണ്. അടിച്ചുപൊളിക്കുകയാ എന്നൊക്കെ. അതു കേള്‍ക്കുമ്പോള്‍ സങ്കടം വരും. എനിക്കും അതുപോലെ പോകാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത മനസ്സിലെത്തും.
കുടുംബഭാരം എന്നു പറയുന്നതുതന്നെ തെറ്റാണ്. കുടുംബം എനിക്കൊരിക്കലും ഭാരമായി തോന്നിയിട്ടില്ല. എന്നെയും ചേച്ചിയെയും അമ്മ കഷ്‌ടപ്പെട്ടാണ് വളര്‍ത്തിയത്. അങ്ങനെയുള്ള അമ്മയെ നോക്കുന്നത് ഭാരമാണോ? അഭിനയവും സ്‌റ്റേജ്‌ഷോയും കഴിഞ്ഞാല്‍ ഞാനെപ്പോഴും വീട്ടിലുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha