സഞ്‌ജയ് ബാഗ് നിര്‍മ്മാണത്തില്‍; പ്രതി ദിന സമ്പാദ്യം 25 രൂപ
മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്‌ജയ് ദത്ത് കടലാസ് ബാഗ് നിര്‍മ്മാണത്തില്‍. യേര്‍വാഡ ജയിലില്‍ കഴിയുന്ന സഞ്‌ജയ്‌ക്ക് ദിവസം 25 രൂപയാണ് വേതനം ലഭിക്കുന്നത്. മെയ് 22 നാണ് ദത്തിനെ പൂനെയിലെ യേര്‍വാഡ ജയിലിലേക്ക് മാറ്റിയത്.
പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ച പശ്ചാത്തലത്തിലാണ് കടലാസ് ബാഗ് നിര്‍മ്മാണം ജയിലില്‍ ആരംഭിച്ചത്. ആറുമുതല്‍ എട്ടു കിലോഗ്രാം വരെ സാധനങ്ങള്‍ കൊള്ളാവുന്ന ബാഗ് നിര്‍മ്മാണത്തിലാണ് ദത്ത് ഏര്‍പ്പെട്ടിരിക്കുന്നത്. ബാഗ് നിര്‍മ്മാണത്തിലുള്ള ദത്തിന്റെ മികവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ വേതനം 40 രൂപവരെ വര്‍ദ്ധിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ കൂടുതല്‍ ഭാരമുള്ള ജോലി നല്‍കണമെന്ന് ദത്ത് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് ജയില്‍ അധികൃതര്‍ അദ്ദേഹത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.
1993ലെ മുംബൈ സ്‌ഫോടന കേസില്‍ എ.കെ.56 തോക്ക് കൈവശം വച്ചു എന്ന കുറ്റത്തിനാണ് ദത്തിനെ ശിക്ഷിച്ചിരിക്കുന്നത്. സ്‌ഫോടനം ആസൂത്രണം ചെയ്‌തവരില്‍ നിന്ന് നിയമവിരുദ്ധമായി ആയുധം സമ്പാദിച്ചു എന്നാണ് ദത്തിനെതിരായ കുറ്റം. ഇതിനെതിരെ ദത്ത് പുന:പരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ ഒന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ ഇതിനകം അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഇനി മൂന്നര വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതി.
https://www.facebook.com/Malayalivartha