മഞ്‌ജു വാര്യരുടെ തിരിച്ചുവരവ് ഒരാഘോഷമാവും, രഞ്‌ജിത്, സിബിമലയില്‍ ഉള്‍പ്പെടെയുള്ളവരുടെ 3 ചിത്രങ്ങളില്‍ തുടക്കം, ദിലീപിന്റെ മൗനം എത്ര നാള്‍?
മഞ്‌ജു വാര്യര്‍, വിശേഷണങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. അതാണ് മഞ്‌ജുവും മലയാളികളും തമ്മിലുള്ള ബന്ധം. മലയാളികളുടെ മനസില്‍ ഇത്രവേഗം ചേക്കേറിയ മറ്റൊരു നടിയുണ്ടാവില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷം കലാതിലകമായിരുന്നു മഞ്‌ജു വാര്യര്‍. 1995ല്‍ മോഹന്‍ സംവിധാനം ചെയ്‌ത സാക്ഷ്യം എന്ന ചിത്രത്തില്‍ സ്‌മിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മഞ്‌ജു വാര്യര്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ തന്റെ പതിനെട്ടാമത്തെ വയസില്‍ ദിലീപുമൊത്ത് അഭിനയിച്ച സല്ലാപം മഞ്‌ജുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് മലയാള സിനിമയുടെ നായികാ സങ്കല്‍പ്പം മാറ്റുന്നതായിരുന്നു മഞ്‌ജുവിന്റെ അഭിനയം.
മഞ്‌ജുവിനെ മനസില്‍ കണ്ടുകൊണ്ട് പല കഥാപാത്രങ്ങളും ജനിച്ചു. ഈ പുഴയും കടന്ന്, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, ഇരട്ട കുട്ടികളുടെ അച്ഛന്‍, പ്രണയ വര്‍ണങ്ങള്‍, ദയ, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം വരെ നീളുന്ന 20 ചിത്രങ്ങള്‍. ഈ ഇരുപതു ചിത്രങ്ങളിലേയും മഞ്‌ജുവിന്റെ അഭിനയം പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതാണ് വിസ്‌മയം.
1999ല്‍ പുറത്തിറങ്ങിയ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയതലത്തില്‍ പ്രത്യേക ജ്യൂറി പുരസ്‌കാരം നേടി. 1996ല്‍ പുറത്തിറങ്ങിയ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം മഞ്‌ജുവിന് ലഭിച്ചു.
കേവലം നാലു വര്‍ഷം മാത്രമാണ് മഞ്‌ജു മലയാള സിനിമയില്‍ അഭിനയിച്ചത്.
നടന്‍ ദിലീപുമായുള്ള വിവാഹത്തോടെ മഞ്‌ജു ഒരു തികഞ്ഞ കുടുംബിനിയായി മാറി. ഇടയ്‌ക്ക് ചില ഡാന്‍സ് പരിപാടികളില്‍ നര്‍ത്തകിയായി വന്നു പോയെന്നു മാത്രം.
ഇടയ്‌ക്കിടയ്‌ക്ക് മഞ്‌ജുവും ദിലീപുമായുള്ള അസ്വാരസ്യത്തിന്റ കഥകളും വന്നിരുന്നു. മഞ്‌ജുവിന് അഭിനയിക്കാന്‍ മോഹമുണ്ടെന്ന് പല മാസികളും റിപ്പോര്‍ട്ടു ചെയ്‌തു. എന്നാല്‍ അപ്പോഴൊക്കെയും ദിലീപ് അത് തള്ളിക്കളയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഞ്‌ജുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഫേസ്‌ബുക്കും റിലീസ് ചെയ്‌തിരുന്നു. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് സൈറ്റ് സന്ദര്‍ശിച്ചത്. ഫേസ് ബുക്ക് ലൈക്ക് തൊണ്ണൂറായിരത്തിനടുത്തെത്തി.
സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടിയാണ് ഈ സോഷ്യല്‍ നെറ്റുവര്‍ക്കെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരിക്കും മഞ്‌ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം പ്രവേശനം. നായികാ പ്രാധാന്യമുള്ള 3 ചിത്രങ്ങളുടെ കഥ കേട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇതില്‍ പ്രശസ്‌ത സംവിധായകരായ രഞ്‌ജിത്തും സിബി മലയിലും ഉണ്ട്. ഇതു കൂടാതെ പത്തോളം പ്രമുഖ സംവിധായകര്‍ കഥയുമായി മഞ്‌ജുവിനെ സമീപിച്ചിട്ടുമുണ്ട്.
മഞ്‌ജുവാര്യര്‍ വന്നാല്‍ നായകന്‍ ആരായാലും കുഴപ്പമില്ലെന്നു ചിന്തിക്കുന്നവരാണ് അധികവും. മഞ്‌ജു അഭിനയിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍മ്മാതാക്കളും സംവിധായകരും മത്സരിക്കുകയാണ്.
എങ്കിലും എല്ലാവരും ദിലീപിന്റെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്. ദിലീപ് ഇനി നോ പറഞ്ഞാലും മഞ്‌ജു അഭിനയിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha