ഇനി കളി വിശാഖപട്ടണത്ത്... ബീഡിക്കുറ്റിയും പരിപ്പു വടയും കട്ടന്‍ചായയുമായി തുടങ്ങിയ പാര്‍ട്ടി നേതാക്കളുടെ ഇന്നത്തെ ഹൈടെക് യാത്ര വൈറലാകുന്നു

പിരിപ്പു വടയും കട്ടന്‍ചായയും മുറി ബീഡിയും പാര്‍ട്ടി യോഗങ്ങളില്‍ കണ്ട് ശീലിച്ച മലയാളികള്‍ക്ക് സിപിഎം നേതാക്കളുടെ ഒന്നിച്ചുള്ള വിമാനയാത്ര കൗതുകം പകരുന്നു. വിശാഖപട്ടണത്ത് നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് ഈ പാര്‍ട്ടി നേതാക്കളുടെ വിമാന യാത്ര. ഇതിനോടകം തന്നെ ഈ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിട്ടുണ്ട്.
അതേസമയം സ്ഥാനമൊഴിയുന്ന പ്രകാശ് കാരാട്ടിന് പകരം സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന മണിക്കൂറുകളില്‍ തര്‍ക്കത്തിന് സാധ്യതയാണ് കാണുന്നത്. നാടകീയ കരുനീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. നേരത്തെ സീതാറാം യെച്ചൂരിക്കാണ് സാധ്യത ഏറെ കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായി എസ്. രാമചന്ദ്രന്‍പിള്ളയുടെ പേര് ഉയര്‍ന്നു വരികയായിരുന്നു. കേരള ഘടകത്തിന്റെ പിന്തുണയും എസ്.ആര്‍.പിക്ക് ഉള്ളതായി പ്രചാരണം ശക്തമാണ്. കേരള ഘടകം ശക്തമായി വാദിച്ചാല്‍ ഒരുപക്ഷെ, യെച്ചൂരിയുടെ സാധ്യത ഇല്ലാതാകാനും ഇടയുണ്ട്. പാര്‍ട്ടിയുടെ ശക്തമായ സ്വാധീന ഘടകം കേരളമാണ്. എന്നാല്‍, ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പമാണ് നിലകൊള്ളുന്നത്. ഈ ഏറ്റുമുട്ടല്‍ ഏത് രീതിയില്‍ അവസാനിക്കുമെന്ന് പറയുക വയ്യ. അതിനാല്‍ യെച്ചൂരിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.
അതേസമയം, വൃന്ദ കാരാട്ടിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആഗ്രഹം പല നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, അവരുടെ പാര്‍ട്ടിയിലെ സീനിയോറിട്ടി കണക്കിലെടുത്താന്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് തല്‍ക്കാലം എത്താനാവില്ല. ഈ സാഹചര്യത്തില്‍ പ്രായം കൊണ്ട് മുതിര്‍ന്ന എസ്.ആര്‍.പിയെ ഒരു ടേമിലേക്ക് മാത്രം പരിഗണിച്ച് വൃന്ദയ്ക്ക് വഴിതുറക്കുക എന്ന ആലോചനയും നേതൃതലത്തില്‍ ചിലര്‍ക്കുണ്ട്. ബംഗാള്‍ ഘടകത്തിലടക്കം ഈ നിലയ്ക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനാല്‍, ഒരു ടേം എസ്.ആര്‍.പി ജനറല്‍ സെക്രട്ടറിയായാലും അത്ഭുതപ്പെടാനില്ല. മാത്രമല്ല, മൂന്നുകൊല്ലത്തിനുശേഷം പാര്‍ട്ടി നേതൃനിലയില്‍ നിന്ന് വിരമിക്കുമെന്ന് എസ്.ആര്‍.പി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മറ്റൊരു പി.ബി. അംഗമായ ആന്ധ്രയില്‍ നിന്നുള്ള ബി.വി. രാഘവലു നടത്തിയ അഭിപ്രായപ്രകടനവും ശ്രദ്ധേയമാണ്. ആന്ധ്രയില്‍ നിന്നുള്ളവര്‍ തന്നെ ജനറല്‍ സെക്രട്ടറി ആകണമെന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതും എസ്.ആര്‍.പിയെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനമുണ്ട്. യെച്ചൂരിയുടെ സാധ്യതയാണ് അതിലൂടെ കുറയുന്നത്.
അതേസമയം, പാര്‍ട്ടിയെ പുതിയ കാലഘട്ടത്തില്‍ നയിക്കാന്‍ പോന്ന നേതാവാണ് യെച്ചൂരിയെന്നും അതിനാല്‍ അദ്ദേഹം തന്നെ ജനറല്‍ സെക്രട്ടറിയായി വരണമെന്നും പാര്‍ട്ടയില്‍ അഭിപ്രായമുണ്ട്. ഈ വ്യത്യസ്ത അഭിപ്രായങ്ങളില്‍ മുന്‍തൂക്കം ഏതിനാണോ അതാകും അവസാന തീരുമാനമായി വരിക. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha