ചമയങ്ങളില്ലാത്ത മമ്മൂക്ക
`1993 ബോംബെ മാര്‍ച്ച് 12' എന്ന സിനിമയുടെ ഷൂട്ടിംഗ് കാവാലത്തു നടക്കുന്നു. 2011 മാര്‍ച്ച് ഒന്‍പതിനു കാവാലത്തെ ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടിയെ കാണാന്‍ പോയി. കാറിലിരിക്കുമ്പോള്‍ മമ്മൂട്ടിചിത്രം മനസ്സിലോടിയെത്തി. ജാഡകാണിക്കുന്ന നടന്‍. തികച്ചും പരുക്കനായ പെരുമാറ്റം. ആരെയും വകവയ്‌ക്കില്ല. ആരോടും കയര്‍ക്കും. പെട്ടെന്നു ദേഷ്യം വരും, മമ്മൂട്ടിക്ക്. ഇങ്ങനെ നിരവധി കമന്റുകള്‍ മമ്മൂട്ടി വിരുദ്ധലോബി പ്രചരിപ്പിക്കുന്നുണ്ട്. അതൊക്കെയാണു മനസ്സില്‍.
ഒപ്പം സിനിമാ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടുമുണ്ട്. ബെസ്റ്റ് ആക്‌ടര്‍ എന്ന സിനിമയുടെ സംവിധായകന്‍. അതിപ്രശസ്‌തനായ ഫോട്ടോഗ്രാഫര്‍,
മാര്‍ട്ടിന്‍ പറഞ്ഞു. ഒക്കെ ആളുകളുടെ തെറ്റിദ്ധാരണയാണ്. അല്ലെങ്കില്‍ വെറുതെ പ്രചരിപ്പിക്കുന്ന നുണകള്‍. മമ്മൂക്ക ആള്‍ സ്വതവേ അല്‌പം പരുക്കന്‍ പ്രകൃതിയാണ്. പക്ഷേ, ഉള്ളില്‍ നല്ല സ്‌നേഹസമ്പന്നന്‍. ആരെയും സഹായിക്കും. ഉള്ളുതുറന്നു സംസാരിക്കും. അതാണു സത്യം. എന്നാല്‍, പുറമേ ഈ കേള്‍ക്കുന്ന കുപ്രചാരണം മമ്മൂക്കയ്‌ക്ക് ഒരു ബ്ലാക്ക് മാര്‍ക്ക് ആണ്.
എന്റെ കാര്യം തന്നെ പറയാം. ഞാന്‍ ആദ്യമായി ഒരു ഫോട്ടോ സെഷനുവേണ്ടി മമ്മൂക്കയുടെ അടുക്കല്‍ പോയി. ക്യാമറയുടെ കാര്യം പറഞ്ഞ് ഒന്നുടക്കി എന്നതു നേര്. പക്ഷേ, വേഗം ഇണങ്ങി. എന്നു മാത്രമല്ല ഫോട്ടോസെഷന് എന്നോട് ഏറ്റവും സഹകരിച്ചിട്ടുള്ള വ്യക്തി മമ്മൂക്കയാണ്.
ഒരു കാര്യം കൂടി പറയാം. മാര്‍ട്ടിന്‍ വാചാലനായി.
ബെസ്റ്റ് ആക്‌ടര്‍ എന്ന സിനിമയുടെ സംവിധായകനാവാന്‍ അവസരം തന്നതു മമ്മൂക്കയാണ്. എല്ലാ സഹായവും ചെയ്‌തുതന്നു. ചെറുപ്പക്കാരെ സഹായിക്കുകയും അവരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്നതില്‍ മമ്മൂക്ക ആരുടെയും പിന്നിലല്ല. ഇപ്പോള്‍ തന്നെ നാം കാണാന്‍ പോകുന്ന `1993 ബോംബെ മാര്‍ച്ച് 12' എന്ന ചിത്രമെടുക്കൂ. അതിന്റെ സംവിധാനച്ചുമതല ആരേറ്റെടുക്കണമെന്നു തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ദനോട് ചോദിച്ചതു മമ്മൂക്കയാണ്. ബാബു ജനാര്‍ദ്ദനന്‍ അല്‌പം ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ധൈര്യം പകര്‍ന്നതും മമ്മൂക്കയാണ്. വര്‍ണ്ണപ്പകിട്ട്, ചതുരംഗം, തച്ചിലേടത്തു ചുണ്ടന്‍ അച്ഛനുറങ്ങാത്ത വീട്, വാസ്‌തവം, തലപ്പാവ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങള്‍ക്കു വിജയകരമായി തിരക്കഥയെഴുതിയ ബാബു ജനാര്‍ദ്ദനന്‍ അങ്ങനെ പുതിയ ചിത്രത്തിന്റെ സംവിധായകനായി മാറി.
കാര്‍ ലൊക്കേഷനിെലത്തിയതിനാല്‍ ഞങ്ങളുടെ സംഭാഷണം മുറിഞ്ഞു.
കാവാലത്തെ കായല്‍ക്കരയാണു ലൊക്കേഷന്‍. ആലപ്പുഴ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു സ്വീപ്പറുടെ വേഷത്തില്‍ മമ്മൂട്ടി. ഷൂട്ടിംഗിന്റെ ഇടവേളയാണ്. ഉച്ചച്ചൂടില്‍ നിന്നു രക്ഷനേടാന്‍ തലയ്‌ക്കു മുകളില്‍ ഒരു വര്‍ണ്ണക്കുട നിവര്‍ത്തി അതിനു കീഴില്‍ ഒരു പ്ലാസ്റ്റിക് കസേരയിലിരിക്കുകയാണു മമ്മൂട്ടി. ഞങ്ങളെ കണ്ടപാടേ ലൊക്കേഷന്‍ ബോയിയെ വിളിച്ചു രണ്ടു കസേര വരുത്തി. മമ്മൂട്ടിക്കിരുവശവുമായി ഞങ്ങളിരുന്നു. മാര്‍ട്ടിന്റെ പുതിയ ചിത്രത്തിലും മമ്മൂക്കയാണു നായകന്‍. കഥയുടെ വണ്‍ലൈന്‍ മമ്മൂക്കയ്‌ക്ക് ഇഷ്‌ടപ്പെട്ടു.
1993 മാര്‍ച്ച് 12 നു ബോംബെയില്‍ നടന്ന സ്‌ഫോടനങ്ങളെ ഉപജീവിച്ചാണു കഥ മെനഞ്ഞെടുത്തിട്ടുള്ളത്. ചെന്നൈയില്‍ ഒരു സദാനന്ദഭട്ടിന് ഈ ദുരന്തം നേരത്തേ പ്രവചിക്കാന്‍ കഴിഞ്ഞു. ആലപ്പുഴയില്‍ നിന്നു ബോംബെയ്‌ക്കുപോയ ഷാജഹാന്‍ എന്ന ചെറുപ്പക്കാരന്‍ ബോംബെ ദുരന്തത്തിന് ഇരയായി. ജീവിതത്തിലുണ്ടാകുന്ന ചില ആകസ്‌മികതകളാണ് ഈ ചിത്രത്തിന്റെ പ്രമേയത്തെ മുന്നോട്ടുനയിക്കുന്നത്. തികച്ചും വ്യത്യസ്‌തമായ കഥ.
മമ്മൂട്ടി ഈ ചിത്രത്തില്‍ ഡബിള്‍റോളിലാണു പ്രത്യക്ഷപ്പെടുന്നത്. സദാനന്ദഭട്ടും ആലപ്പുഴ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്വീപ്പറും. സ്വീപ്പറെയും അയാളുടെ രണ്ടു കൂട്ടുകാരെയും പോലീസ് ജീപ്പിലെത്തുന്ന സബ് ഇന്‍സ്‌പെക്‌ടര്‍ ചോദ്യംചെയ്യുന്ന സീനാണു ചിത്രീകരിക്കുന്നത്. ഇന്‍സ്‌പെക്‌ടറായി ചെമ്പന്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹപ്രവര്‍ത്തകരായി മണികണ്‌ഠന്‍, സന്തോഷ് എന്നിവരും അഭിനയിക്കുന്നു.
അസിസ്റ്റന്റ് ഡയറക്‌ടര്‍ ഇടയ്‌ക്കു വന്നു വിളിക്കുമ്പോള്‍ മമ്മൂട്ടി എണീറ്റുപോകും. തന്റെ സീന്‍ കഴിയുമ്പോള്‍ വീണ്ടും ഞങ്ങള്‍ക്കൊപ്പം.
ഇടയ്‌ക്കു കാവാലത്തെ സ്‌കൂള്‍ കുട്ടികള്‍ മടിച്ചു മടിച്ചു കടന്നുവരുന്നു. അവര്‍ താരാരാധനയോടെ മമ്മൂട്ടിയെ നോക്കിനില്‌ക്കുന്നു. ചില വിരുതന്മാരും പെണ്‍കുട്ടികളും ഓട്ടോഗ്രാഫിനായി തികഞ്ഞ സങ്കോചത്തോടെ എത്തുന്നു.
മമ്മൂക്ക സ്‌നേഹപൂര്‍വം എന്താ കാര്യമെന്നു തിരക്കുന്നു. കൈയിലിരിക്കുന്ന നോട്ടുബുക്കു നിവര്‍ത്തി അവര്‍ മടിച്ചു മടിച്ചു പറയുന്നു. ഓട്ടോഗ്രാഫു വേണം.
ഒരു മടിയും കൂടാതെ നോട്ടുബുക്കിന്റെ കടലാസില്‍ ഓട്ടോഗ്രാഫു കൊടുക്കുന്നു. ചിലര്‍ക്കു ബെസ്റ്റ് വിഷസും ഒപ്പും. ചിലരോടു പേരു ചോദിച്ച് അവരുടെ പേരെഴുതി ഒപ്പിട്ടു നല്‌കി. ചില കുട്ടികളോട് ഏതു ക്ലാസില്‍ പഠിക്കുന്നു എന്നു ചോദിക്കാനും സൂപ്പര്‍സ്റ്റാര്‍ തയ്യാറാവുന്നു. ക്ഷമാപൂര്‍വം അവരുടെ വാക്കുകള്‍ക്കു കാതോര്‍ക്കുന്നു.
മമ്മൂട്ടി നിരവധി കാര്യങ്ങള്‍ പറഞ്ഞു. സിനിമയെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും. ഈ ദീര്‍ഘ സംഭാഷണത്തിനിടയില്‍ തന്റെ കഥാപാത്രത്തിലേക്കു പകര്‍ന്നാട്ടം നടത്തി സീനുകള്‍ പൂര്‍ത്തിയാക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
മാര്‍ട്ടിന്‍ പറഞ്ഞതുപോലെ ഒട്ടും ജാഡയില്ലാതെ സ്‌നേഹവായ്‌പോടെ ഏതാനും മണിക്കൂര്‍. ഉച്ചഭക്ഷണത്തിനു ബ്രേക്കു പറയുമ്പോള്‍ ഉച്ചഭക്ഷണത്തിനായി ഞങ്ങളെ ക്ഷണിക്കാനും ഒപ്പം ഭക്ഷണം കഴിക്കാനും മമ്മൂക്ക തയ്യാറായി. തിരികെ കാറില്‍ മടങ്ങുമ്പോള്‍ ചമയങ്ങളില്ലാത്ത മമ്മൂക്ക ആയിരുന്നു മനസ്സില്‍.
https://www.facebook.com/Malayalivartha